
വില്ലനായി പരിക്ക്
ദേശീയ ടീമിന് പുറത്തായിരുന്നെങ്കിലും രാജ്യത്തിന് പുറത്ത് വിവിധ ടി20 ടൂര്‍ണമെന്റുകളില്‍ കളിച്ചു വരികയായിരുന്നു സ്മിത്ത്. എന്നാല്‍ അടുത്തിടെ കൈമുട്ടിനു സാരമായി പരിക്കേറ്റത് അദ്ദേഹത്തിനു മറ്റൊരു ആഘാതമായിരുന്നു. ഇതോടെ ലോകകപ്പില്‍ സ്മിത്ത് കളിക്കുമോയെന്ന കാര്യം പോലും സംശയത്തിലാക്കി.
ശസ്ത്രക്രിയക്കു വിധേനായ സ്മിത്ത് അധികം വൈകാതെ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലോകകപ്പില്‍ ഓസീസിനെ നയിക്കാന്‍ തീര്‍ച്ചയായും സ്മിത്ത് ഉണ്ടാവുമെന്നാണ് വിവരം.

നാലാഴ്ചയോളം വിശ്രമം
സ്മിത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും നാലാഴ്ചയ്ക്കുള്ളില്‍ തന്നെ കളിക്കളത്തില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞേക്കുമെന്നും താരത്തിന്റെ മാനേജര്‍ വാറന്‍ ക്രെയ്ഗ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ തന്നെ സ്മിത്തിന് മല്‍സരരംഗത്തു തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ കളിച്ച് മടങ്ങിയെത്താനാണ് സ്മിത്തിന്റെ ശ്രമം. തുടര്‍ന്ന് ലോകകപ്പിലും ടീമിനായി കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ക്രെയ്ഗ് പറഞ്ഞു.

അഭ്യൂഹങ്ങള്‍ പരന്നു
കൈമുട്ടിലെ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനാവുന്ന സ്മിത്തിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ക്രെയ്ഗിന്റെ വിശദീകരണത്തോടെ ഈ അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.
സ്മിത്തിനും വാര്‍ണര്‍ക്കുമേര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് മാര്‍ച്ച് 29നാണ് അവസാനിക്കുന്നത്. ഇതിനു ശേഷം ഇരുവരെയും ദേശീയ ടീമിലേക്കു പരിഗണിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത്.

വാര്‍ണര്‍ക്കും ശസ്ത്രക്രിയ
സ്മിത്ത് മാത്രമല്ല വാര്‍ണറും ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ കൈമുട്ടിന് പരിക്കുപറ്റിയ വാര്‍ണര്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് സ്മിത്തിന്റേതു പോലെ ഗൗരവമുള്ളതല്ലെന്നാണ് വിവരം. വാര്‍ണര്‍ ചെറിയൊരു ശസ്ത്രക്രിയക്കും വിധേയനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.