പ്രായത്തിലല്ല, കളിയിലാണ് കാര്യം... ഇവരത് തെളിയിച്ചു, റാഷിദ് മുതല്‍ സച്ചിന്‍ വരെ

Written By:

ദുബായ്: ഐസിസി റാങ്കിങ് നിലവില്‍ വന്ന ശേഷം നിരവധി പ്രമുഖ താരങ്ങള്‍ വ്യക്തിത ഇനങ്ങളില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കുന്ന റാങ്കിങില്‍ വളരെ ചെറുപ്രായത്തില്‍ ഒന്നാമതെത്താനും ചില കളിക്കാര്‍ക്കു ഭാഗ്യം ലഭിച്ചു.

നിലവില്‍ ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ബൗളര്‍മാരുടെ റാങ്കിങില്‍ തലപ്പത്തുള്ളത്. ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ റാഷിദ് സ്വന്തം പേരിലാക്കിയിരുന്നു. കുറഞ്ഞ പ്രായത്തില്‍ ഒന്നാംനമ്പര്‍ പദവിക്ക് അര്‍ഹരായ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അദ്ഭുതവാഹമായ കുതിപ്പാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അഫ്ഗാന്‍ സ്പിന്‍ രാജകുമാരനായ റാഷിദ് ഖാന്‍ നടത്തിയത്. അഫ്ഗാന്‍ ക്രിക്കറ്റിലെ സുവര്‍ണതാരങ്ങളിലൊരാളായി ഈ 19കാരന്‍ മാറിക്കഴിഞ്ഞു.
17ാം പിറന്നാള്‍ ആഘോഷിച്ച് ഒരു മാസത്തിനുള്ളിലാണ് റാഷിദ് അഫ്ഗാന്‍ ടീമിലെത്തുന്നത്. പിന്നീട് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിയതോടെ റാഷിദിന്റെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞു.
നിലവില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ് റാഷിദ്. 7092 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് താരം ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്.

സഖ്‌ലൈന്‍ മുഷ്താഖ്

സഖ്‌ലൈന്‍ മുഷ്താഖ്

പാകിസ്താന്റെ ഇതിഹാസ സ്പിന്നറായ സഖ്‌ലൈന്‍ മുഷ്താഖിന്റെ പേരിലുള്ള റെക്കോര്‍ഡാണ് മറ്റൊരു സ്പിന്നറായ റാഷിദ് തിരുത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനെന്ന മുഷ്താഖിന്റെ വര്‍ഷങ്ങളോളം ഇളക്കം തട്ടാതെ നില്‍ക്കുകയായിരുന്നു. 1998ലാണ് 7683 ദിവസം പ്രായമുള്ളപ്പോള്‍ മുഷ്താഖ് ഏകദിനത്തില്‍ ഒന്നാംനമ്പര്‍ പദവിയിലത്തെിയത്.
പാകിസ്താനു വേണ്ടി 49 ടെസ്റ്റുകളിലും 169 ഏകദിനങ്ങളിലും പന്തെറിഞ്ഞിട്ടുള്ള മുഷ്താഖ് യഥാക്രമം 208ഉം 288ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

 സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും ഇന്ത്യയുടെ ഇതിഹാസ താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും കരിയറില്‍ നിരവധി തവണ ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ഒന്നാംറാങ്കുകാരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് സച്ചിനാണ്.
1994ലാണ് 7878 ദിവസം പ്രായമുള്ളപ്പോള്‍ സച്ചിന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തെത്തി റെക്കോര്‍ഡിട്ടത്. പിന്നീട് പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് ലോക ക്രിക്കറ്റിലെ ഇതിഹാസമായി സച്ചിന്‍ കളി നിര്‍ത്തിയത് ചരിത്രം. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 2013ലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റിനോടു വിട പറഞ്ഞത്.

ഷാക്വിബുല്‍ ഹസന്‍

ഷാക്വിബുല്‍ ഹസന്‍

അഫ്ഗാന് റാഷിദിനെപ്പോലെ ലോക ക്രിക്കറ്റിലെ ചെറു ടീമുകളിലൊന്നായ ബംഗ്ലാദേശിന്റെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് ഷാക്വിബുല്‍ ഹസന്‍. ബംഗ്ലാദേശിനായി കളിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഓള്‍റൗണ്ടര്‍ കൂടിയായ ഷാക്വിബുല്‍.
2009ലാണ് ഓള്‍റൗണ്ടര്‍മാരുടെ ഐസിസി റാങ്കിങില്‍ അദ്ദേഹം ഒന്നാംസ്ഥാനം അലങ്കരിച്ചത്. 7976 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ഷാക്വിബ് ഈ നേട്ടം കൈവരിച്ചത്.
റാങ്കിങില്‍ ഒന്നാമതെത്തിയ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും ഷാക്വിബിന്റെ പേരില്‍ ഭദ്രമാണ്.

കാഗിസോ റബാദ

കാഗിസോ റബാദ

അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയ പേസ് വിസ്മയം കാഗിസോ റബാദയും ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് റബാദ ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്തിയത്. അന്ന് 8040 ദിവസമായിരുന്നു താരത്തിന്റെ പ്രായം.
അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുമ്പോഴും റബാദ തന്നെയായിരുന്നു റാങ്കിങില്‍ ഒന്നാമത്.

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

ലങ്ക പിടിക്കുമോ യുവസൈന്യം? കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

ഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

Story first published: Saturday, March 3, 2018, 13:11 [IST]
Other articles published on Mar 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍