നോ ബോള്‍ 'ഭൂതം' ഇന്ത്യയെ വിടുന്നില്ല... കൈവിട്ട ഏറും, വഴുതിപ്പോയ ജയങ്ങളും

Written By:

ജൊഹാന്നസ്ബര്‍ഗ്: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നോ ബോള്‍ ഭൂതം ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. നിര്‍ണായക മല്‍സരങ്ങളില്‍ നോ ബോള്‍ വില്ലനായപ്പോള്‍ നിരവധി ജയങ്ങളാണ് ഇന്ത്യയില്‍ നിന്നും വഴുതിപ്പോയത്. നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും നോ ബോള്‍ ഇന്ത്യയുടെ തോല്‍വിക്കു വഴിവച്ചു. ബൗളര്‍മാര്‍ ഇത്തരത്തില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നത് അടുത്ത വര്‍ഷത്തെ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു വലിയ തിരിച്ചടി തന്നെയാണ്.

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ബൗളര്‍മാര്‍ പിഴവുകള്‍ തിരുത്തി തിരിച്ചുവരുമെന്നാണ് നാലാം ഏകദിനത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞത്. എന്നാല്‍ ബൗളര്‍മാര്‍ ഇതേ പിഴവ് കുറച്ചു കാലമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നു കാണാം. ഇത്തരത്തില്‍ നോ ബോള്‍ കാരണം ഇന്ത്യക്കു സമീപകാലത്ത് തിരിച്ചടി നേരിട്ട അഞ്ചു മല്‍സരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

2016 ടി20 ലോകകപ്പ് (ബൗളര്‍: അശ്വിന്‍)

2016 ടി20 ലോകകപ്പ് (ബൗളര്‍: അശ്വിന്‍)

2016ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിന്റെ നോ ബോള്‍ ഇന്ത്യക്കു ജയം നഷ്ടപ്പെടുത്തിയത് ആരാധകര്‍ ഇപ്പോള്‍ മറന്നുകാണില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിന് 192 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.
അപകടകാരികളായ ക്രിസ് ഗെയ്‌ലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും തുടക്കത്തില്‍ പുറത്താക്കി ഇന്ത്യ മേല്‍ക്കൈ നേടുകയും ചെയ്തു. ഏഴാം ഓവറിലാണ് വിശ്വസ്തനായ അശ്വിനെ ക്യാപ്റ്റന്‍ ധോണി പന്തെറിയാന്‍ നിയോഗിച്ചത്. ലെന്‍ഡ്ല്‍ സിമ്മണ്‍സ് രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാമത്തെ പന്തില്‍ സിമ്മണ്‍സിനെ ബുംറ ക്യാച്ച് ചെയ്‌തെങ്കിലും അതു റീപ്ലേയില്‍ നോ ബോളാണെന്ന് തെളിയുകയായിരുന്നു. ഇത് ഇന്ത്യക്ക് ശരിക്കും ആഘാതമായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ സിമ്മണ്‍സ് പിന്നീട് പുറത്താവാതെ 82 റണ്‍സെടുത്ത് ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.

 2016 ടി20 ലോകകപ്പ് (ബൗളര്‍: പാണ്ഡ്യ)

2016 ടി20 ലോകകപ്പ് (ബൗളര്‍: പാണ്ഡ്യ)

ലോകകപ്പിലെ ഇതേ കളിയില്‍ തന്നെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും സമാനമായ പിഴവ് ആവര്‍ത്തിച്ചു. അശ്വിന്റെ നോ ബോള്‍ ദുരന്തത്തിനു ശേഷമായിരുന്നു പാണ്ഡ്യയും ഇത് ആവര്‍ത്തിച്ചത്. ഇത്തവണയും സിമ്മണ്‍സിന് തന്നെയാണ് നോ ബോളിലൂടെ ഇന്ത്യ ജീവന്‍ ദാനം ചെയ്തത്.
സിമ്മണ്‍സ് 50 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു ഇത്. സിമ്മണ്‍സിനെ പാണ്ഡ്യയുടെ ബൗളിങില്‍ അശ്വിന്‍ കവറില്‍ പിടികൂടിയെങ്കിലും റീപ്ലേയില്‍ ഇതു നോ ബോളാണെന്ന് അംപയര്‍ വിധിക്കുകയായിരുന്നു.

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ (ബൗളര്‍: ബുംറ)

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ (ബൗളര്‍: ബുംറ)

2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ പാകിസ്താനെതിരായ ഫൈനലില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് നോ ബോള്‍ എറിഞ്ഞ് ഇന്ത്യയുടെ വില്ലനായത്. കളിയുടെ നാലാം ഓവറില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനിനെ ബുംറ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. റഫറി നോ ബോള്‍ വിധിച്ചതോടെയാണിത്.
കളിയില്‍ സെഞ്ച്വറി നേടിയ സമന്‍ പാകിസ്താനെ 338 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുകയും ചെയ്തു. 158 റണ്‍സിനു പുറത്തായ ഇന്ത്യ 180 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ലങ്കയ്‌ക്കെതിരായ ഏകദിനം (ബൗളര്‍: ബുംറ)

ലങ്കയ്‌ക്കെതിരായ ഏകദിനം (ബൗളര്‍: ബുംറ)

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മല്‍സരത്തിലും ബുംറയ്ക്ക് നോ ബോള്‍ കൈയബദ്ധം പറ്റി. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയിലെ സംഭവം. ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 112 റണ്‍സില്‍ പുറത്തായിരുന്നു. മറുപടിയില്‍ തുടക്കത്തില്‍ തന്ന ലങ്കയുടെ രണ്ടു വിക്കറ്റ് പിഴുത ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു.
പിന്നാലെ ലങ്കയുടെ അനുഭവസമ്പന്നനായ ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗയെ ബുംറ ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെച്ചു. 11 റണ്‍സ് മാത്രമാണ് അപ്പോള്‍ താരം നേടിയത്. എന്നാല്‍ ബുംറയുടേത് നോ ബോളാണെന്ന് അംപയര്‍ വിധിച്ചതോടെ ഇന്ത്യയുടെ ആഹ്ലാദം അവസാനിച്ചു. കളിയില്‍ 49 റണ്‍സുമാായി ടീമിന്റെ ടോപ്‌സ്‌കോററായ തരംഗ ലങ്കയെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനം (ബൗളര്‍: ചഹല്‍)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനം (ബൗളര്‍: ചഹല്‍)

ഏറ്റവുമൊടുവില്‍ ദക്ഷിണാഫ്രിക്കെതിരേ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന നാലാം ഏകദിനത്തിലും നോ ബോള്‍ ഇന്ത്യയില്‍ നിന്നും ജയം തട്ടിയെടുത്തു. എയ്ഡന്‍ മര്‍ക്രാം, ഹാഷിം അംല, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പെട്ടെന്ന് പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. തുടര്‍ന്നാണ് ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസെനും ക്രീസില്‍ ഒരുമിച്ചത്.
യുസ്‌വേന്ദ്ര ചഹലിന്റെ ഒരോവറില്‍ രണ്ടു തവണയാണ് വിക്കറ്റ് നേടാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയത്. ആറു റണ്‍സ് മാത്രമെടുത്തു നില്‍ക്കെ ചഹലിന്റെ ബൗളിങില്‍ ക്ലാസനെ ക്യാച്ചെടുക്കാന്‍ ലഭിച്ച അവസരം ശ്രേയസ് അയ്യര്‍ കൈവിടുകയായിരുന്നു. ഇതേ ഓവറില്‍ തന്നെ മനോഹരായ പന്തില്‍ ചഹല്‍ മില്ലറെ ബൗള്‍ഡാക്കി. എന്നാല്‍ ഇത് അംപയര്‍ നോട്ടൗട്ടാണെന്ന് വിധിച്ചത് ഇന്ത്യക്കു തിരിച്ചടിയായി. പിന്നീട് ഈ ജോടി നാലാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

Story first published: Monday, February 12, 2018, 13:15 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍