കാര്‍ത്തിക് ധോണിക്കും മുന്‍പേ ഇന്ത്യന്‍ ടീമിലെത്തി; പക്ഷെ താരമായത് ആ എട്ടു പന്തുകളില്‍

Posted By: rajesh mc

ദില്ലി: ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി പതിനാല് വര്‍ഷം കളിച്ച ദിനേഷ് കാര്‍ത്തിക് ഒടുവില്‍ താരമായത് എട്ടുപന്തുകള്‍കൊണ്ട്. ഒരുപക്ഷെ ഇന്ത്യന്‍ ടീമിലെത്തിയ ഒരു ശരാശരി കളിക്കാരന്‍ മാത്രമെന്ന രീതിയില്‍ ഒതുങ്ങുമായിരുന്ന കാര്‍ത്തിക്കിന്റെ തലവരതന്നെ മാറ്റി മറിക്കുന്നതായി ശ്രീലങ്കയില്‍ നടന്ന നിദാഹാസ് പരമ്പര.

ദിനേഷ് കാര്‍ത്തിക് കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും അവിശ്വസനീയം ആയിരിക്കും. പതിനെട്ടാം വയസുമുതല്‍ ടീമില്‍ കയറിപ്പറ്റിയ കാര്‍ത്തിക്ക് പക്ഷെ ഒരു കളിക്കാരനെന്ന രീതിയില്‍ കാര്യമായ മേല്‍വിലാസം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

dineshkarthik

ടെസ്റ്റിലും, ഏകദിനത്തിലുമൊക്കെ എംഎസ് ധോണി എത്തുന്നതിന് മുന്‍പേ വിക്കറ്റ് കീപ്പറായിരുന്നു കാര്‍ത്തിക്. ധോണി എത്തിയതോടെ നിഴല്‍മാത്രമായി ഒതുങ്ങാനായിരുന്നു വിധി. കാരണം വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മറ്റൊരു താരത്തെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. ധോണിയുടെ പകരക്കാരനായും ബാറ്റ്‌സ്മാന്‍ ആയും ഇടയ്ക്ക് ടീമില്‍ വന്നുപോയി.

ഇപ്പോഴിതാ, ധോണി പടിയിറങ്ങുമ്പോള്‍ കാര്‍ത്തിക് തിരിച്ചുകയറുന്നു. 32 വയസ് മാത്രമേ ആയിട്ടുള്ളൂ. ഇനിയും നാലോ അഞ്ചോ വര്‍ഷം കരിയറില്‍ ശോഭിക്കാം. ഊര്‍ജസ്വലതയും അത്യപൂര്‍വഷോട്ടുകളും കൈമുതലായുള്ള കാര്‍ത്തിക്കിന് ഐപിഎല്ലിലും അവസരങ്ങള്‍ ഏറെയാണ്.

എട്ടു പന്തില്‍ 29 റണ്‍സടിച്ച് ഇന്ത്യയെ നിദാഹാസ് ട്വന്റി 20 ക്രിക്കറ്റ് കിരീടവിജയത്തിലേക്ക് നയിച്ച കാര്‍ത്തിക്കിനിപ്പോള്‍ പുതിയൊരു താര പരിവേഷമാണ്. ഒന്നരപതിറ്റാണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് ലഭിക്കാതെ പോയത് തിരിച്ചു പിടിക്കാനുള്ള സുവര്‍ണാവസരവും. ്പ്രതിഭയും കാലവും ഒത്തുചേര്‍ന്നതോടെ കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകം കൂടിയാവുകയാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 21, 2018, 9:07 [IST]
Other articles published on Mar 21, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍