ലോകത്തിന്റെ ഏത് കോണിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയാലും അവിടെ ഒരു 'മിനി കേരളം' രൂപപ്പെടുമെന്നത് ക്രിക്കറ്റ് ലോകത്തിന് പുതിയ അറിവല്ല. എന്നാൽ, വെസ്റ്റ് ഇൻഡീസിലെ ഒരു മൈതാനത്ത് താൻ ബാറ്റ് ചെയ്യാൻ ക്രീസിലേക്ക് നടന്നപ്പോൾ സ്റ്റേഡിയത്തിലെ ഡിജെ (DJ) ഒരു മലയാളം പാട്ട് പ്ലേ ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു താരം.
വിൻഡീസിനെ ഞെട്ടിച്ച 'മലയാളി' തരംഗം
തനിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണ തന്നെപ്പോലും അത്ഭുതപ്പെടുത്താറുണ്ടെന്ന് സഞ്ജു തുറന്നുപറഞ്ഞു. "കേരളത്തിലും ദുബായിലും ആരാധകർ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ ന്യൂസിലൻഡിലും വെസ്റ്റ് ഇൻഡീസിലും ലഭിക്കുന്ന പിന്തുണ ശരിക്കും ഞെട്ടിക്കുന്നതാണ്. വിൻഡീസിൽ ഒരു ഏകദിന മത്സരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഞാൻ ഇറങ്ങുകയായിരുന്നു. അറിയാമല്ലോ, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ നമ്മുടെ മൈൻഡ് സെറ്റ് തന്നെ വ്യത്യസ്തമായിരിക്കും. മറ്റൊരു മൈൻഡ് ആയിരിക്കും നമ്മൾ ഫോളോ ചെയ്യുക. അതുവരെ ഇംഗ്ലീഷ് പാട്ടുകളും അവിടുത്തെ പ്രാദേശിക പാട്ടുകളുമാണ് ഡിജെ പ്ലേ ചെയ്തിരുന്നത്. എന്നാൽ ഞാൻ ക്രീസിലേക്ക് നടന്നപ്പോൾ പെട്ടെന്ന് പാട്ട് മാറി. നമ്മുടെ പ്രിയ ഗായകൻ ജാസി ഗിഫ്റ്റിന്റെ പാട്ടാണ് അന്ന് സ്റ്റേഡിയത്തിൽ മുഴങ്ങിയത്. ആദ്യം ഞാൻ ചിന്തിച്ചത് ഇത് ഇപ്പൊ എവിടന്ന് വന്നു എന്നായിരുന്നു. അത്രയധികം ആരാധക പിന്തുണ ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ട്." സഞ്ജു ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.

തനിക്ക് ലഭിക്കുന്ന ഈ സ്നേഹത്തിന് മുന്നിൽ താൻ വിനീതനാണെന്നും ഇത്രയും വലിയ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ലോകകപ്പിലെ വിസ്മയ കുതിപ്പ്
2026 ടി20 ലോകകപ്പിലെ ടൂർണമെന്റിലെ താരം (Player of the Tournament) കൂടിയായ സഞ്ജു, അവിശ്വസനീയമായ ഫോമിലൂടെയാണ് കടന്നുപോയത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ടീമിന് പുറത്തായിരുന്നെങ്കിലും, സിംബാബ്‌വെക്കെതിരായ മത്സരത്തിലൂടെ തിരിച്ചെത്തിയ സഞ്ജു പിന്നീട് ചരിത്രം കുറിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97* റൺസും, സെമിയിലും ഫൈനലിലും 89 റൺസ് വീതവും അടിച്ചുകൂട്ടി ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 199.38 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു 321 റൺസ് അടിച്ചുകൂട്ടിയത്. 2024 ലോകകപ്പ് ടീമിലും സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ 2026-ൽ സ്വന്തം മണ്ണിൽ കിരീടമുയർത്തി സഞ്ജു എല്ലാ കണക്കുകളും തീർത്തു.
വരാനിരിക്കുന്ന ഐപിഎല്ലിലും എല്ലാ കണ്ണുകളും സഞ്ജുവിലേക്ക് തന്നെയാണ് ശ്രദ്ധ വച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനത്ത് നിന്നും ചെന്നൈ സൂപ്പർ കിങ്സ് എന്ന ഫ്രാഞ്ചൈസിയ്ക്കായി കളത്തിലിറങ്ങാൻ ഇരിക്കുന്ന സഞ്ജു എത്തരത്തിലാകും ടീമിനെ മുന്നിൽ നിന്ന് നയിക്കുക എന്നത് കണ്ട് തന്നെ അറിയണം.