Naman Awards: തളർന്നിരിക്കുകയായിരുന്നു, ആ വാക്കുകൾ എല്ലാം മാറ്റി; സഞ്ജുവിന്റെ വെളിപ്പെടുത്തൽ
ഇന്ത്യ വീണ്ടും ടി20 ക്രിക്കറ്റിന്റെ വിശ്വവിജയികളായപ്പോൾ ആ വിജയത്തിന്റെ നെടുംതൂണായി മാറിയ സഞ്ജു സാംസൺ, തന്റെ ഈ യാത്രയെ ഒരു സിനിമയോടാണ് ഉപമിക്കുന്നത്. ബിസിസിഐയുടെ 'നമൻ' അവാർഡ് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് കിരീടം ഉയർത്തിയത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ഇത് ശരിക്കും സംഭവിച്ചതാണോ എന്ന് താൻ സ്വയം ചോദിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു.
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസൺ, ഇന്ത്യ വരും വർഷങ്ങളിൽ ലോകക്രിക്കറ്റ് ഭരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. കിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ഒരു സിനിമ പോലെയാണെന്നും, ആ വിജയം ഇപ്പോഴും തനിക്ക് പൂർണ്ണമായും ഉൾക്കൊള്ളാനായിട്ടില്ലെന്നും സഞ്ജു വെളിപ്പെടുത്തി.

"രാവിലെ എഴുന്നേൽക്കുമ്പോൾ 'ഇത് ശരിക്കും സംഭവിച്ചതാണോ' എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട്. സത്യസന്ധമായി പറഞ്ഞാൽ അതാണ് ഇപ്പോഴത്തെ വികാരം," ലോകകപ്പ് ഫൈനലിലെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സഞ്ജു മറുപടി നൽകി.
ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലം
"നമ്മുടെ രാജ്യത്തെ കളിക്കാരുടെ നിലവാരം വെച്ച് നോക്കിയാൽ വരും വർഷങ്ങളിൽ ഇത് ആവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് എപ്പോഴെങ്കിലും മാത്രം സംഭവിക്കുന്ന ഒന്നല്ല. അത്രയധികം മികച്ച കളിക്കാരാണ് ഉയർന്നുവരുന്നത്. തീർച്ചയായും ഇന്ത്യ ഇത് ഇനിയും ആവർത്തിച്ചുകൊണ്ടേയിരിക്കും," സഞ്ജു കൂട്ടിച്ചേർത്തു. 2026 ടി20 ലോകകപ്പിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 200 സ്ട്രൈക്ക് റേറ്റോടെ 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെയാണ് 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി തിരഞ്ഞെടുത്തത്.
ഒരു സിനിമ പോലെ സഞ്ജുവിന്റെ കരിയർ
തന്റെ കരിയറിനെ ഒരു സിനിമയോടാണ് സഞ്ജു ഉപമിച്ചത്. "നമുക്ക് എവിടെ എത്തണമെന്ന് സ്വപ്നം കാണാൻ മാത്രമേ കഴിയൂ, അങ്ങോട്ടുള്ള പാത തീരുമാനിക്കാൻ നമുക്കാവില്ല. എന്റെ ജീവിതം അതിനൊരു ഉത്തമ ഉദാഹരണമാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് ഇത് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഓരോന്നിനും അതിന്റേതായ തിരക്കഥയുണ്ടായിരുന്നു. ഒരു സിനിമ പോലെ ഞാൻ അത് ആസ്വദിച്ചു."
ആദ്യ മത്സരങ്ങളിൽ ടീമിൽ ഇല്ലാതിരുന്ന സഞ്ജുവിനെ സിംബാബ്‌വെക്കെതിരായ മത്സരത്തിലൂടെയാണ് തിരികെ വിളിച്ചത്. "ലോകകപ്പിന് മുൻപ് എന്റെ ശ്രദ്ധ മുഴുവൻ എന്നിൽ തന്നെയായിരുന്നു. എന്നാൽ ലോകകപ്പിനിടെ ടീമിന് എന്താണ് വേണ്ടത് എന്നതിലേക്ക് എന്റെ ചിന്ത മാറി. 'ടീമിന് നിന്നെ ആവശ്യമുണ്ട് സഞ്ജു' എന്ന തോന്നൽ വന്നതോടെയാണ് ആ മാറ്റമുണ്ടായത്. ഞാൻ മാനസികമായും ശാരീരികമായും അതിനായി തയ്യാറായിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുക മാത്രമാണ് ഞാൻ ചെയ്തത്," സഞ്ജു വ്യക്തമാക്കി.
പരിക്ക് പറ്റി പുറത്തായ ഹർഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ തനിക്ക് ഈ വിജയം ഒരു 'അത്ഭുതം' പോലെയാണെന്ന് പേസർ മുഹമ്മദ് സിറാജും ചടങ്ങിൽ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications