ഏത് ലോകോത്തര ബൗളറെയും ഭയപ്പെടുത്തും വിധം ടി20 ലോകകപ്പിൽ ബാറ്റ് വീശിയ സഞ്ജു സാംസൺ ഇതിനോടകം തന്നെ വലിയ അംഗീകാരങ്ങളിലൂടെയും ആരാധകരുടെയും ഇതിഹാസങ്ങളുടെയും വിമമതിക്കാനാകാത്ത വാക്കുകളിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളത്തിലിറങ്ങാനിരിക്കെ താരത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇത്തവണത്തെ ഐപിഎല്ലിൽ സഞ്ജു ഓറഞ്ച് ക്യാപ് സ്വന്തമാക്കും എന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. തന്റെ 13 വർഷത്തെ ഐപിഎൽ കരിയറിൽ ഇതുവരെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാൻ കഴിയാത്ത സഞ്ജു, ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്‌സിനായി (CSK) ആ നേട്ടം സ്വന്തമാക്കുമെന്നും ചോപ്ര പറഞ്ഞു. 'ക്രെക്സ്' (Crex) ഇൻസ്റ്റാഗ്രാം ഹാൻഡിലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
സഞ്ജുവിന്റെ 'സുവർണ്ണ' ഫോം
2026 ടി20 ലോകകപ്പിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 321 റൺസുമായി ഇന്ത്യയുടെ ടോപ്പ് സ്കോററായ സഞ്ജു, സെമിയിലും ഫൈനലിലും തുടർച്ചയായ അർദ്ധസെഞ്ച്വറികൾ നേടി വിസ്മയിപ്പിച്ചിരുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന്, പുതിയ ടീമിലെ അന്തരീക്ഷം കൂടുതൽ റൺസ് കണ്ടെത്താൻ സഹായിക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. അതേസമയം, വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ്പ് ഇതിഹാസ പേസർ ജസ്പ്രീത് ബുംറ തന്നെ നേടുമെന്നും ചോപ്ര പ്രവചിച്ചു. ലോകകപ്പ് ഫൈനലിലെ 4/15 എന്ന തകർപ്പൻ പ്രകടനമുൾപ്പെടെ 14 വിക്കറ്റുകളുമായി ബുംറ നിലവിൽ അജയ്യനായി തുടരുകയാണ്.

ഡൽഹി ക്യാപിറ്റൽസ് കിരീടമുയർത്തുമോ?
18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് (DC) ഇത്തവണ കന്നിക്കിരീടം നേടുമെന്ന അപ്രതീക്ഷിത പ്രവചനവും ആകാശ് ചോപ്ര നടത്തിയിട്ടുണ്ട്. ഡൽഹിക്ക് പുറമെ മുംബൈ ഇന്ത്യൻസ് (MI), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB), പഞ്ചാബ് കിംഗ്സ് (PBKS) എന്നീ ടീമുകൾ പ്ലേ ഓഫിലെത്തുമെന്നും അദ്ദേഹം കരുതുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ആർസിബിയും, റണ്ണേഴ്സ് അപ്പായ പഞ്ചാബും ഇത്തവണയും കരുത്തുറ്റ നിരയുമായാണ് എത്തുന്നത്.
യുവതാരം വൈഭവ് സൂര്യവംശിയെയാണ് വരാനിരിക്കുന്ന സീസണിലെ 'എമർജിംഗ് പ്ലെയർ' ആയി ചോപ്ര തിരഞ്ഞെടുത്തത്. ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച വൈഭവ്, രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് നിരയിലെ പ്രതീക്ഷയാണ്. സഞ്ജു ഒഴിഞ്ഞ നായകസ്ഥാനം റിയാൻ പരാഗ് എത്തരത്തിൽ ഉപയോഗിക്കും എന്നതും രാജസ്ഥാൻ റോയൽസ് ആരാധകരെ സംബന്ധിച്ചെടുത്തോളം സമ്മർദം ഉളവാക്കുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്. അപ്പോൾ തന്നെ വലിയ വിമർശനങ്ങൾ താരം നേരിട്ടിരുന്നു. മാത്രമല്ല, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഐപിഎൽ ഷെഡ്യൂൾ അനുസരിച്ച് രാജസ്ഥാന്റെ മൂന്ന് ഹോം മാച്ചുകലും റിയാൻ പരാഗിന്റെ ഹോം ഗ്രൗണ്ടായ അസമിലേക്ക് മാറ്റിയതും വിമർശന വിധേയമായിട്ടുണ്ട്.