ഇത് താന്‍ ധോണിയുടെ ചെന്നൈ മച്ചാന്‍മാര്‍; ചെപ്പോക്കില്‍ പിറന്നത് സിക്‌സര്‍ പെരുമഴ

Posted By: Mohammed shafeeq ap

ചെന്നൈ: ഐപിഎല്‍ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ബാറ്റിങ് കൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍ ചെപ്പോക്ക് സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൂരപ്പറമ്പായി മാറി. കാവേരി നദീജല വിഷയം തമിഴ്‌നാട്ടില്‍ ആളിക്കത്തുന്നതിനിടെയാണ് ഐപിഎല്ലില്‍ ചെന്നൈ കൊല്‍ക്കത്ത പോരാട്ടം അരങ്ങേറിയത്.

ഐപിഎല്‍: റണ്‍മല തീര്‍ത്തിട്ടും ചെപ്പോക്കില്‍ കൊല്‍ക്കത്തയ്ക്കു പിഴച്ചതെവിടെ? ഇതാ അഞ്ചു കാരണങ്ങള്‍...

തമിഴ് സിനിമ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ കാവേരി വിഷയത്തിനിടെ ചെന്നൈയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം കണ്ടവര്‍ വിവാദങ്ങളും വിമര്‍ശനങ്ങളും മറന്ന് ഒരുപോലെ ആഘോഷമാക്കുകയായിരുന്നു. മല്‍സരത്തില്‍ ഇരു ടീമും കൂടി ഇന്നലെ അടിച്ചുക്കൂട്ടിയത് 31 സിക്‌സറുകളായിരുന്നു. അതോടൊപ്പം ഒത്തുക്കളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ മഹേന്ദ്രസിങ് ധോണിയുടെയും കൂട്ടരുടെയും ഹോാംഗ്രൗണ്ടിലെ ആദ്യ മല്‍സരം കൂടിയായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരേയുള്ളത്. അത് കൊണ്ട് തന്നെ ചെന്നൈ മച്ചാന്‍മാര്‍ക്ക് വിസില്‍ വിളിക്കാനും ആവേശം പകരാനും ബഹിഷ്‌കര ഭീഷണികള്‍ വകവയ്ക്കാതെ ആരാധകര്‍ ചെപ്പോക്കിലേക്ക് ഒഴുകിയെത്തിയിരുന്നു. മല്‍സരം കൈവിട്ട് പോയെങ്കിലും സിക്‌സറുകളില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്തയായിരുന്നു മുന്നില്‍. 17 സിക്‌സറുകളാണ് കൊല്‍ക്കത്തന്‍ താരങ്ങളള്‍ അടിച്ചുക്കൂട്ടിയത്. അതില്‍ 11 സിക്‌സറുകളും കരീബിയന്‍ താരം ആന്ദ്രെ റസ്സലിന്റെ വകയായിരുന്നു. പുറത്താവാതെ 36 പന്തില്‍ 88 റണ്‍സാണ് റസ്സല്‍ അടിച്ചുക്കൂട്ടിയത്.

csk

വിജയലക്ഷ്യം 203 ചെന്നൈ ആരാധകര്‍ക്ക് ചിലപ്പോള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടാവാം. പക്ഷേ, ചെന്നൈയുടെ ബാറ്റിങ് തുടങ്ങിയതോടെ ആശങ്കകള്‍ മാറി ആരാധകര്‍ ആവേശത്തിലേക്ക് ഒഴുകി. ടീമിലെ എല്ലാവരും ആഞ്ഞുപിടിച്ചപ്പോള്‍ കൊല്‍ക്കത്ത നല്‍കിയ വിജയലക്ഷ്യവും ചെന്നൈക്കൊപ്പം പോന്നു. 14 സിക്‌സറുകളാണ് ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ ഗാലറിയിലേക്ക് പറത്തിയത്. അഞ്ച് സിക്‌സറുകള്‍ നേടിയ സാം ബില്ലിങ്‌സായിരുന്നു മുന്നില്‍. 23 പന്തില്‍ 56 റണ്‍സ് നേടിയ ബില്ലിങ്‌സ് കളിയിലെ കേമന്‍ പട്ടം റസ്സലിലേക്ക് പോവുന്നത് തടഞ്ഞു. മല്‍സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കിയതില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങിയത് കൊല്‍ക്കത്തന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു. 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത നരെയ്ന്‍ ഒരു വിക്കറ്റും നേടി. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. നാല് പോയിന്റുള്ള ചെന്നൈ തന്നെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 11, 2018, 12:58 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍