ഐപിഎല്‍: ചെന്നൈ ഡാ... ചെപ്പോക്കില്‍ മഞ്ഞ വിരിഞ്ഞു, റസ്സലിന്റെ വെടിക്കെട്ട് പാഴായി

Written By:

ചെന്നൈ: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടായ ചെപ്പോക്കിലേക്കുള്ള തിരിച്ചവരവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ നിരാശപ്പെടുത്തിയില്ല. റണ്‍മഴ തന്നെ കണ്ട പോരാട്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റിന് 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ചെന്നൈ പതറിയില്ല. ടീമിലെ എല്ലാവരും തങ്ങളുടേതായ രീതിയില്‍ സംഭാവന നല്‍കിയപ്പോള്‍ 19.5 ഓവറില്‍ അഞ്ചു വിക്കറ്റിന് സിഎസ്‌കെ വിജയം കൈപ്പിടിയിലൊതുക്കി. ജയിക്കാന്‍ അവസാന രണ്ടു പന്തില്‍ നാലു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാം പന്ത് രവീന്ദ്ര ജഡേജ സിക്‌സറിലേക്ക് പറത്തിയപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

1

സാം ബില്ലിങ്‌സാണ് (56) ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. 23 പന്തില്‍ രണ്ടു ബൗണ്ടറികളും അഞ്ചു സിക്‌സറും ബില്ലിങ്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍മാരായ അമ്പാട്ടി റായുഡുവും ഷെയ്ന്‍ വാട്‌സനും ചേര്‍ന്ന് ആഗ്രഹിച്ച തുടക്കമാണ് ചെന്നൈക്കു നല്‍കിയത്. ഒന്നാം വിക്കറ്റിന്‍ ഇരുവരും 75 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വെറും അഞ്ചോവറിലായിരുന്നു ഇത്.

2

വാ്ട്‌സനെ (43) പുറത്താക്കി ടോം ക്യുറാനാണ് കെകെആറിന് നിര്‍ണായക ബ്രേക് ത്രൂ നല്‍കിയത്. 19 പന്തുകള്‍ നേരിട്ട വാട്‌സന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും ഉള്‍പ്പെട്ടിരുന്നു. റായുഡുവാണ് (39) പിന്നീട് പുറത്തായത്. 26 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 39 റണ്‍സ് നേടിയ റായുഡുവിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്.

ക്യാപ്റ്റന്‍ എംഎസ് ധോണി 25 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സുരേഷ് റെയ്‌ന 14 റണ്‍സിന് പുറത്തായി. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ജഡേജയ്‌ക്കൊപ്പം ആദ്യ കളിയിലെ ഹീറോ ഡ്വയ്ന്‍ ബ്രാവോയായിരുന്നു ക്രീസില്‍. ഇരുവരും 11 റണ്‍സ് വീതമാണ് നേടിയത്.

3

നേരത്തേ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റിന് 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വീന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ അവിസ്മരണീയ ബാറ്റിങാണ് കെകെആറിനെ 200 കടത്തിയത്. വെറും 36 പന്തില്‍ ഒരു ബൗണ്ടറിയും 11 കൂറ്റന്‍ സിക്‌സറുമടക്കം താരം 88 റണ്‍സ് വാരിക്കൂട്ടി പുറത്താവാതെ നിന്നു.

റോബിന്‍ ഉത്തപ്പ (29), ക്രിസ് ലിന്‍ (22), സുനില്‍ നരെയ്ന്‍ (12), നിതീഷ് റാണ (16), ദിനേഷ് കാര്‍ത്തിക് (26), റിങ്കു സിങ് (2) എന്നിവരുടെ വിക്കറ്റുകളാണ് കെകെആറിന് നഷ്ടമായത്. റസ്സല്‍ ക്രീസിലെത്തുമ്പോള്‍ കൊല്‍ക്കത്ത അഞ്ചു വിക്കറ്റിന് 89 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനെ സാക്ഷിയാക്കി റസ്സല്‍ വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു.

4

ഒരുഘട്ടത്തില്‍ ഉത്തപ്പ-റാണ ജോടി കരുത്താര്‍ജിക്കുന്നതിനിടെയാണ് ഒമ്പതാം ഓവറില്‍ അടുത്തടുത്ത പന്തില്‍ ഇരുവരെയും പുറത്താക്കി ചെന്നൈ തിരിച്ചടിച്ചത്. റാണയെ വാട്‌സന്റെ ബൗളിങില്‍ ധോണി പിടികൂടിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ സുരേഷ് റെയ്‌ന തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ റസ്സലിന്‍റെ വണ്‍മാന്‍ ഷോയ്ക്ക് മുന്നില്‍ ചെന്നൈ പതറിപ്പോവുകയായിരുന്നു. ചെന്നൈ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിട്ട റസ്സലിന്‍റെ സിക്സറുകളെല്ലാം ഫീല്‍‍ഡര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് ഗാലറിയുടെ പല ഭാഗങ്ങളില്‍ ചെന്നു പതിച്ചത്.

ടോസ് ലഭിച്ച ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമല്‍സരത്തില്‍ കളിച്ച ടീമില്‍ ചെന്നൈയും കൊല്‍ക്കത്തയും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.കേദാര്‍ ജാദവ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കു പകരം സാം ബില്ലിങ്‌സും ശര്‍ദ്ദുല്‍ താക്കൂറും ചെന്നൈയുടെ പ്ലെയിങ് ഇലവനിലെത്തി. പരിക്കുമൂലം ജാദവ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു. മറുഭാഗത്ത് കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റമാണുണ്ടായിരുന്നത്. മിച്ചെല്‍ ജോണ്‍സനു പകരം ടോം ക്യുറാന്‍ ടീമിലെത്തി.

പ്ലെയിങ് ഇലവന്‍

ചെന്നൈ: എംഎസ് ധോണി (ക്യാപ്റ്റന്‍), ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, സാം ബില്ലിങ്‌സ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചഹര്‍, ഹര്‍ഭജന്‍ സിങ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍.
കൊല്‍ക്കത്ത: ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ക്രിസ് ലിന്‍, സുനില്‍ നരെയയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ആര്‍കെ സിങ്, ആന്ദ്രെ റസ്സല്‍, ആര്‍ വിനയ് കുമാര്‍, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള, ടോം ക്യുറാന്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 20:10 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍