IPL 2026: അവർ കൊച്ചു പയ്യന്മാരല്ലേ! സഞ്ജുവില്ലാത്ത രാജസ്ഥാൻ കുടുങ്ങും, മുൻ ഇന്ത്യൻ താരം പറയുന്നതിങ്ങനെ
രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് ഐപിഎൽ മാമാങ്കത്തിന് ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസ് (RR) പുതിയ നായകന് കീഴിൽ ഇത്തവണ കളത്തിലിറങ്ങുമ്പോൾ പ്രതീക്ഷകളും ആശങ്കകളും ഒരുപാടാണ്. ഒരു പതിറ്റാണ്ടിലേറെ ടീമിന്റെ മുഖമായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയതോടെ, യുവതാരം റിയാൻ പരാഗിനെയാണ് പുതിയ നായകനായി രാജസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, അനുഭവസമ്പത്തില്ലാത്ത ഈ യുവനിരയുമായി ഇറങ്ങുന്ന രാജസ്ഥാന് ഇത്തവണ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ടീമിന്റെ ദൗർബല്യങ്ങൾ എണ്ണിപ്പറഞ്ഞത്.
"നിങ്ങൾക്കിതിനെ ദൗർബല്യങ്ങൾ എന്നോ വെല്ലുവിളികൾ എന്നോ വിളിക്കാം. രാജസ്ഥാന്റെ ബാറ്റിംഗ് നിര വളരെ യങ് ആണ്. യശസ്വി ജയ്‌സ്വാൾ പരിചയസമ്പന്നനാണെങ്കിലും പ്രായം കുറഞ്ഞ താരമാണ്. വൈഭവ് സൂര്യവംശി തകർപ്പൻ പ്രകടനം നടത്തുന്നുണ്ടെങ്കിലും അവൻ ഒരു കൊച്ചു കുട്ടിയാണ്. ധ്രുവ് ജുറേലിന് വലിയ കഴിവുണ്ടെങ്കിലും ഐപിഎല്ലിൽ റൺസ് സ്കോർ ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം ഇപ്പോഴും തെളിയിക്കപ്പെടാത്ത താരമാണ്," ചോപ്ര നിരീക്ഷിച്ചു.

"റിയാൻ പരാഗ് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും അദ്ദേഹം ഒരു രാജ്യാന്തര താരമെന്ന നിലയിൽ ഇനിയും ചുവടുറപ്പിച്ചിട്ടില്ല. ഷിമ്രോൺ ഹെറ്റ്‌മെയർ ടീമിലുണ്ടെങ്കിലും വെസ്റ്റ് ഇൻഡീസിനായി അദ്ദേഹം കളിക്കുന്ന ബാറ്റിംഗ് പൊസിഷൻ രാജസ്ഥാനിൽ ലഭിക്കില്ല. ഡൊനോവൻ ഫെറേറയ്ക്കും അന്താരാഷ്ട്ര തലത്തിൽ പരിമിതമായ അനുഭവസമ്പത്തേയുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ ഇനി സഞ്ജു സാംസണില്ല
2013 മുതൽ 2025 വരെ രാജസ്ഥാൻ റോയൽസിന്റെ അവിഭാജ്യ ഘടകമായിരുന്ന സഞ്ജു സാംസൺ ഇത്തവണ ടീമിനൊപ്പമില്ല. ലേലത്തിന് മുന്നോടിയായുള്ള ട്രേഡിലൂടെ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിൽ (CSK) ചേക്കേറി. റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിലാകും സഞ്ജു ഇനി കളിക്കുക. 2025 സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ പല മത്സരങ്ങളിലും റിയാൻ പരാഗ് രാജസ്ഥാനെ നയിച്ചിരുന്നു. സഞ്ജു സാംസണിന് പുറമെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ സേവനവും രാജസ്ഥാന് ലഭിക്കില്ല. ഒരു സീസണിന് ശേഷം ദ്രാവിഡ് രാജസ്ഥാനുമായി പിരിഞ്ഞു.
ടി20 ലോകകപ്പിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ വലയിട്ട് പിടിക്കാൻ രാജസ്ഥാൻ റോയൽസ് ഒരു ശ്രമം നടത്തിയിരുന്നു. ടീമിന്റെ ഡയറക്ടർ പദവിയും ഷെയറും പോലും ആ സ്വപ്ന തുല്യമായ ഓഫറിലുണ്ടായിരുന്നു. എന്നാൽ, ഗംഭീർ അത് നിരസിക്കുകയാണ് ഉണ്ടായത്. 2008ലെ ഉദ്ഘാടന സീസണിൽ ഷെയിൻ വോണിന്റെ നേതൃത്വത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് രാജസ്ഥാൻ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. അത് ടീമിലെ പ്രധാന യുവ താരമായിരുന്ന രവീന്ദ്ര ജഡേജ 2026ൽ ആർആറിനൊപ്പം ചേർന്നിട്ടുണ്ട്. അന്ന് യുവതാരമായിരുന്നെങ്കിൽ, ഇന്ന് ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ജഡേജ. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും കഴിവും രാജസ്ഥാന് ഗുണം ചെയ്യും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications