രാജകീയ പോരില്‍ പഞ്ചാബ്... ചെന്നൈ പൊരുതിവീണു, ധോണിയുടെ വെടിക്കെട്ട് പാഴായി

Posted By: Mohammed shafeeq ap

ചണ്ഡീഗഡ്: ഐപിഎല്ലിലെ രാജകീയ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. ആവേശകരമായ മല്‍സരത്തില്‍ നാലു ണ്‍സിനാണ് ചെന്നൈയെ പഞ്ചാബ് കീഴടക്കിയത്. പഞ്ചാബുയര്‍ത്തിയ 198 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കു അഞ്ചു വിക്കറ്റിന് 193 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സിനും ചെന്നൈയെ രക്ഷിക്കാനായില്ല. കരിയറിന്റെ തുടക്കകാലത്തെ അനുസ്മരിപ്പിച്ച ധോണി വെറും 44 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെടെ 79 റണ്‍സ് വാരിക്കൂട്ടി.

1

ധോണിയെക്കൂടാതെ അമ്പാട്ടി റായുഡു (49) മാത്രമേ ചെന്നൈ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. 35 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും റായുഡുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രവീന്ദ്ര ജഡേജ (19), മുരളി വിജയ് (12), ഷെയ്ന്‍ വാട്‌സന്‍ (11) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. പഞ്ചാബിനു വേണ്ടി ആന്‍ഡ്രു ടൈ രണ്ടു വിക്കറ്റെടുത്തു. തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കു ശേഷം ചെന്നൈയുടെ ആദ്യ തോല്‍വി കൂടിയാണിത്.

നേരത്തേ ഐപിഎല്‍ ലേലത്തില്‍ ആദ്യം എഴുതി തള്ളിയവര്‍ക്ക് ശക്തമായ മറുപടി നല്‍കിയ കരീബിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 197 റണ്‍സ് അടിച്ചെടുത്തു. 22 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഗെയ്ല്‍ 33 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 63 റണ്‍സെടുത്താണ് കളംവിട്ടത്.

2

ഗെയ്ല്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ മികച്ച റണ്‍റേറ്റായിരുന്നു പഞ്ചാബിനുണ്ടായിരുന്നത്. കരീബിയന്‍ താരത്തിന്റെ പുറത്താവല്‍ പഞ്ചാബിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തഴയുകയായിരുന്നു. ഷെയ്ന്‍ വാട്‌സന്റെ ബൗളിങില്‍ സ്ലീപ്പര്‍ കട്ടിന് ശ്രമിച്ച ഗെയ്‌ലിനെ ഇംറാന്‍ താഹിര്‍ പിടികൂടുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വിഴ്ത്തി താഹിര്‍ ചെന്നൈ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ലോകേഷ് രാഹുല്‍ (37), മായങ്ക് അഗര്‍വാള്‍ (30), കരുണ്‍ നായര്‍ (29), യുവരാജ് സിങ് (20) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ചെന്നൈക്കു വേണ്ടി താഹിറും ഷാര്‍ദുല്‍ താക്കുറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ 12ാം അങ്കത്തിലാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഉന്നതിയിലെത്തിച്ചതില്‍ മുഖ്യ പങ്കുവഹിച്ച മഹേന്ദ്രസിങ് ധോണിയും ആര്‍ അശ്വിനും തമ്മില്‍ എതിരാളികളായി പോരടിക്കുന്ന ആദ്യ മല്‍സരം കൂടിയാണിത്. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ടീമിനെ കിരീട വിജയങ്ങളിലെത്തിച്ച ക്യാപ്റ്റന്‍ ധോണി തന്റ പഴ തട്ടകത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍, വിലക്കിനു മുമ്പ് ധോണിക്കൊപ്പം ചെന്നൈയുടെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ആര്‍ അശ്വിനാവട്ടെ പുതിയ റോളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് ചേക്കേറുകയായിരുന്നു.

3

പഞ്ചാബിന്റെ ക്യാപ്റ്റനായാണ് അശ്വിന്‍ ഇത്തവണ ഐപിഎല്‍ കളിക്കാനെത്തിയിരിക്കുന്നത്. തന്ത്രങ്ങളോതി തന്ന തന്റെ പഴയ ആശാനെ വീഴ്ത്താന്‍ സ്വന്തം തട്ടകത്തില്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബിന് കഴിയുമോയെന്ന് ഉറ്റുനോക്കുകയാണ് ഐപിഎല്‍ പ്രേമികള്‍. തന്റെ പഴയ ശിഷ്യന്റെ മുന്നില്‍ തലതാഴ്ത്തതിരിക്കാന്‍ ധോണിക്കും ഇത് അഭിമാന പോരാട്ടമാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും വിജയിച്ചതിന്റെ ആവേശത്തിലാണ് ധോണിപ്പട പഞ്ചാബിലെത്തിയിരിക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും രണ്ടാമങ്കത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയുമാണ് ചെന്നൈ തോല്‍പ്പിച്ചത്. ഈ രണ്ട് മല്‍സരങ്ങളിലും ആവേശകരമായിരുന്നു ചെന്നൈയുടെ വിജയം. അവസാന പന്ത് ബാക്കിനില്‍ക്കേയാണ് രണ്ടിലും ചെന്നൈ എതിരാളികളെ കീഴ്‌പ്പെടുത്തിയത്. എന്നാല്‍, ഓരോ വീതം ജയവും തോല്‍വിയുമായാണ് പഞ്ചാബ് മൂന്നാമങ്കത്തിനിറങ്ങുന്നത്. ആദ്യ പോരില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ തകര്‍പ്പന്‍ ജയം നേടിയ പഞ്ചാബ് രണ്ടാമങ്കത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയം സമ്മതിക്കുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 15, 2018, 20:12 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍