കണ്ടിട്ടും 'കണ്ടില്ലെന്ന്' നടിക്കുന്ന ബിസിസിഐ... ഇനിയുമെന്ത് നല്‍കണം? ആര്‍ക്കും വേണ്ടാത്ത ഹീറോസ്

Written By:

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ക്രിക്കറ്റര്‍മാര്‍ക്കു തങ്ങളുടെ യഥാര്‍ഥ മികവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാണ് ഐപിഎല്‍. ഐപിഎല്ലിലെ പ്രകടനത്തിലൂടെ നിരവധി പേര്‍ ദേശീയ ടീമിലെത്തുകയും പിന്നീട് സ്ഥിരസാന്നിധ്യമാവുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ചില താരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടും അവര്‍ക്കു വേണ്ടത്ര പരിഗണനയോ അംഗീകാരവും ലഭിച്ചിട്ടില്ല. മികച്ച ട്വന്റി20 താരമായി പോലും ഇവരെ കണക്കാക്കിയില്ലെന്നതാണ് ഖേദകരം. ഇത്തരത്തില്‍ അവഗണിക്കപ്പെട്ട ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മുരളി വിജയ്

മുരളി വിജയ്

ഐപിഎല്ലില്‍ സെഞ്ച്വറിയുള്‍പ്പെടെ ചില അതിവേഗ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ മുരൡവിജയ്. പക്ഷെ ഇന്ത്യന്‍ ടീം അദ്ദേഹത്തിന് കാര്യമായി അവസരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ടെസ്റ്റ് ബാറ്റ്‌സ്മാനായി മാത്രമേ ഇപ്പോഴും സെലക്റ്റര്‍മാര്‍ അദ്ദേഹത്തെ കണക്കാക്കുന്നുള്ളൂ. എന്നാല്‍ ഏതു ഫോര്‍മാറ്റിലും തനിക്ക് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനാവുമെന്ന് വിജയ് പല തവണ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഐപിഎല്ലില്‍.
ഐപിഎല്ലില്‍ 100 മല്‍സരങ്ങില്‍ നിന്നായി 26.43 എന്ന അത്ര മോശമല്ലാത്ത ശരാശരിയില്‍ 2511 റണ്‍സാണ് വിജയിയുടെ സമ്പാദ്യം. 123.39 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും റണ്‍സ് നേടിയത്. രണ്ടു സെഞ്ച്വറികളും ഐപിഎല്ലില്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. പക്ഷെ എന്നിട്ടും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ വിജയ്ക്ക് കാര്യമായ അവസരങ്ങള്‍ നല്‍കിയില്ല.
വരാനിരിക്കുന്ന സീസണില്‍ തന്റെ മുന്‍ ടീം ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയാണ് വിജയ് കളിക്കുന്നത്. രണ്ടു കോടി രൂപയ്ക്കാണ് തങ്ങളുടെ മുന്‍ താരത്തെ ചെന്നൈ ടീമിലേക്ക് തിരികെ കൊണ്ടുവന്നത്.

ആര്‍ വിനയ് കുമാര്‍

ആര്‍ വിനയ് കുമാര്‍

കര്‍ണാടക ടീമിന്റെ ക്യാപ്റ്റനും പേസറുമായ ആര്‍ വിനയ് കുമാര്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. എന്നാല്‍ ഇന്ത്യക്കു വേണ്ടി വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമാണ് വിനയ്ക്ക് കളിക്കാന്‍ അവസരം കിട്ടിയത്. നിരവധി വര്‍ഷ
ഷങ്ങളായി കര്‍ണാടക ടീമിന്റെ നട്ടെല്ലാണ് വിനയ്.
ഭുവനേശ്വര്‍ കുമാറിന്റെയും മുഹമ്മദ് ഷമിയുടെയും വരവാണ് വിനയ്‌യുടെ അന്താരാഷ്ട്ര കരിയറിന് തിരിച്ചടിയായത്. ഇരുവരും ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ വിനയ്ക്കു ആഭ്യന്തര ക്രിക്കറ്റിലേക്കു തന്നെ തിരിച്ചുപോവേണ്ടിവന്നു. ഐപിഎല്ലിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ കഴിഞ്ഞ രണ്ടു സീസണുകളിലെ ഐപിഎല്ലിലും വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ വിനയ്ക്ക് ലഭിച്ചിട്ടുള്ളൂ.
ഐപിഎല്ലില്‍ ഇതുവരെ 103 മല്‍സരങ്ങളില്‍ നിന്നും 103 വിക്കറ്റുകളാണണ് താരം നേടിയിട്ടുള്ളത്. 8.29 റണ്‍സ് ശരാശരിയിലാണ് ഇത്രയും വിക്കറ്റ് വിനയ് പോക്കറ്റിലാക്കിയത്. അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് വിനയ് കളിക്കുക. മിച്ചെല്‍ സ്റ്റാര്‍ക്കിനൊപ്പം ടീമിന്റെ പേസാക്രമണത്തിനും അദ്ദേഹം ചുക്കാന്‍ പിടിക്കും.

പിയൂഷ് ചൗള

പിയൂഷ് ചൗള

വിനയ് കുമാറിനെപ്പോലെ തന്നെ മറ്റൊരു നിര്‍ഭാഗ്യവാനായ ബൗളറാണ് സ്പിന്നര്‍ പിയൂഷ് ചൗള. ഹര്‍ഭജന്‍ സിങിനു ശേഷം ഇന്ത്യയുടെ അടുത്ത സ്പിന്‍ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു ചൗള. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം നിരവധി അവിസ്മരണീയ ബൗളിങ് പ്രകടനങ്ങള്‍ താരം നടത്തിയിട്ടുണ്ട്. പക്ഷെ ഇതൊന്നും ചൗളയെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചില്ല.
ഐപിഎല്ലിലൂടെ മറ്റു ചില സ്പിന്നര്‍മാര്‍ ഉയര്‍ന്നുവന്നത് ദേശീയ ടീമില്‍ ചൗളയുടെ അവസരം കുറയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടയ്ക്കിടെ വന്നു പോയെങ്കിലും ഐപിഎല്ലില്‍ താരം മികച്ച പ്രകടനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഐപിഎല്ലില്‍ ഇതുവരെ കളിച്ച ടീമുകളുടെയും തുറുപ്പുചീട്ടായി മാറാനും ചൗളയ്ക്കായിട്ടുണ്ട്.
ഐപിഎല്ലില്‍ 129 മല്‍സരങ്ങളില്‍ നിന്നും 126 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാംസ്ഥാനത്ത് ചൗളയാണ്. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ സീസണില്‍ ചൗളയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

സാങ്കേതികത്തികവ് കൊണ്ട് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നു വരെ നേരത്തേ വിശേഷിപ്പിക്കപ്പെട്ട താരമാണ് അജിങ്ക്യ രഹാനെ. മുംബൈയിലല്‍ നിന്നുള്ള താരം നിലവില്‍ ടെസ്റ്റ്, ഏകദിന ടീമുകളിലാണുള്ളത്. എന്നാല്‍ ചില മല്‍സരങ്ങളില്‍ മാത്രമേ രഹാനെയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാറുള്ളൂ. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് രഹാനെയ്ക്കു സ്ഥാനം ഉറപ്പുള്ളത്.
ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും രഹാനെയെ ട്വന്റി20 താരമായി സെലക്റ്റര്‍മാരോ ആരാധകരോ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നതാണ് നിരാശാജനകം.
ഐപിഎല്ലില്‍ നാലു തവണ റണ്‍വേട്ടയില്‍ ആദ്യ 10 സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യാന്‍ രഹാനെയ്ക്കായിട്ടുണ്ട്. 2015 സീസണായിരുന്നു താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 49.09 ശരാശരിയില്‍ 540 റണ്‍സ് രഹാനെ വാരിക്കൂട്ടിയിരുന്നു. അന്ന് റണ്‍വേട്ടയില്‍ രണ്ടാമതായിരുന്നു അദ്ദേഹം. വെറും 22 റണ്‍സിനാണ് രഹാനെയെ പിന്തള്ളി ഡേവിഡ് വാര്‍ണര്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.
ഐപിഎല്ലില്‍ 111 മല്‍സരങ്ങളില്‍ നിന്നായി 3057 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്. 33.59 ആണ് ബാറ്റിങ് ശരാശരിയെങ്കില്‍ സ്‌ട്രൈക്ക്‌റേറ്റ് 120.59 ആണ്.
വരാനിരിക്കുന്ന സീസണില്‍ തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരിക്കല്‍ക്കൂടി രഹാനെയെ ആരാധകര്‍ക്കു കാണാം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ട്വന്റി20 ക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ ബാറ്റ്‌സ്മാനാണ് റോബിന്‍ ഉത്തപ്പ. ഐപിഎല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും ശ്രദ്ധേയമായ പ്രകടനമാണ് ഉത്തപ്പ കാഴ്ചവച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിച്ച എല്ലാ സീസണുകളിലും 400ന് അടുത്ത് റണ്‍സാണ് താരം നേടിയത്.
2006ലാണ് ഇന്ത്യക്കു വേണ്ടി ഉത്തപ്പ അരങ്ങേറുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന പ്രഥമ ട്വന്‍റി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ ഉത്തപ്പയുമുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി ഉത്തപ്പ വന്നു പോയിക്കൊണ്ടിരുന്നു. ദേശീയ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരം തന്നെയാണ് അദ്ദേഹമെങ്കിലും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.
ഐപിഎല്ലില്‍ ഇതുവരെ 149 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഉത്തപ്പ 3735 റണ്‍സ് നേടിയിട്ടുണ്ട്. 131.79 ആണ് സ്‌ട്രൈക്ക്‌റേറ്റ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ആറാംസ്ഥാനത്ത് ഉത്തപ്പയുണ്ട്.

പ്രീമിയര്‍ ലീഗ് കിരീടം ഇനി ആരും സ്വപ്‌നം കാണേണ്ട... 26ാം ജയം, കപ്പിന് തൊട്ടരികെ സിറ്റി

ഐപിഎല്‍: ജയിപ്പിക്കാനായി ജനിച്ചവര്‍... ഫൈനലില്‍ ഇവരാണ് ക്യാപ്റ്റനെങ്കില്‍ കപ്പുറപ്പ്!!

Story first published: Tuesday, March 13, 2018, 9:20 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍