2018 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റി; കാരണം പാകിസ്താന്‍

Written By: Lekhaka
Asia Cup

ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റി. ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടം നേരിട്ട് കാണാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പും ഇതോടെ വെറുതെയായി. നേരത്തെ, ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനുള്ള വേദിയായി ഇന്ത്യയെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റിലെ പ്രധാന ടീമുകളിലൊന്നായ പാകിസ്താനുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഏഷ്യാകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ കാരണം. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബദ്ധം അടുത്തിടെ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇന്ത്യക്ക് വേദി നഷ്ടപ്പെട്ടതോടെ നറുക്ക് വീണിരിക്കുന്നത് യുഎഇക്കാണ്. ഇന്ത്യക്കു പകരം യുഎഇയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുക.

ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം 28നാണ്. നിലവില്‍ ഇന്ത്യയാണ് ഏഷ്യന്‍ ക്രിക്കറ്റിലെ ജേതാക്കള്‍. 2016ല്‍ ബംഗ്ലാദേശിലായിരുന്നു ടൂര്‍ണമെന്റ് അരങ്ങേറിയത്. അന്ന് ഫൈനലില്‍ ആതിഥേയരെ എട്ട് വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യ ആറാം തവണയും ഏഷ്യയിലെ രാജാക്കന്‍മാരായി മാറിയത്.

ഇത്തവണ ആറ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ച് ടീമുകള്‍ക്കാണ് ഇതുവരെ നേരിട്ട് യോഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍. ആതിഥേയരായ യുഎഇ ഉള്‍പ്പെടെയുള്ള ടീമുകള്‍ യോഗ്യതാ റൗണ്ട് കളിച്ച ആറില്‍ ഒരു ടീമായി കയറിപറ്റാനുള്ള തയ്യാറെടുപ്പിലാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 19:48 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍