ബെര്‍ലിന്‍: ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30ന് ബെര്‍ലിനിലെ ഒളിമ്പിയം സ്റേഡിയത്തില്‍ ആരംഭിക്കുന്ന കലാശക്കളിയില്‍ ലോകം കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരമറിയാം.
ലോകകപ്പ് ആരംഭിക്കുമ്പോള്‍ സാധ്യതാലിസ്റില്‍ പിന്നിലായിരുന്ന രണ്ടു ടീമുകള്‍ തമ്മിലാണ് കപ്പിനായി പോരാടുന്നത്. പ്രതിരോധത്തിന് കേളി കേട്ട ഇറ്റലി ആക്രമണത്തിന്റെ തീപ്പാറുന്ന ശൈലി കൂടി സമന്വയിപ്പിച്ചതോടെ ഏറെ സമതുലിതമായ ടീമാണ് അവരുടേത്. അതേ സമയം ഫ്രാന്‍സ് സിനദിന്‍ സിദാന്‍, തിയറി ഹെന്റി തുടങ്ങിയ താരങ്ങളുടെ മികവിനെയായിരിക്കും ആശ്രയിക്കുക.
ലോകകപ്പ് കളിക്കാനായി മാത്രം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഫുട്ബോളില്‍ തിരിച്ചെത്തിയ സിനദിന്‍ സിദാന്റെ രാജ്യത്തെ ലോകജേതാക്കളാക്കുക എന്ന സ്വപ്നം ഇറ്റലിയുടെ ടീം മികവിന് മുന്നില്‍ പൂവണിയുമോ? മൂന്ന് തവണ കിരീടം നേടിയ ഇറ്റലിയും ഒരു തവണ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം ലോകം കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ സിദാന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമാണ്.
ഫൈനലിലെത്തുമ്പോഴേക്കും ഇറ്റലിയും ഫ്രാന്‍സും കേളീമികവില്‍ ഏറെ മുന്നോട്ടുവന്നിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകളായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞത് ഒത്തിണക്കത്തിലും ആക്രമണ വേഗത്തിലും ഏറെ മെച്ചപ്പെടാന്‍ കഴിഞ്ഞതു കൊണ്ടാണ്. അതുകൊണ്ടുതന്നെ തീപ്പാറുന്ന പോരാട്ടത്തിനാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.