Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: കാനഡ പഴയ കാനഡയല്ല!! മൂന്നാമൂഴത്തില്‍ ഒരുങ്ങിതന്നെ; ബോസാവുമോ ബോസ്‌നിയ?

ഇതാദ്യമായാണ് കാനഡ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. മെക്‌സിക്കോക്കും അമേരിക്കക്കും ഒപ്പം ലോകകപ്പിന് ആതിഥേയമരുളുന്നത് കൊണ്ട് യോഗ്യതാ മത്സരങ്ങളുടെ തലവേദനയില്ലാതെ തന്നെ കാനഡ എത്തി. പക്ഷേ ഇതാദ്യമായല്ല അവര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത്, മൂന്നാംതവണയാണ്.

ആദ്യം കാനഡ ലോകകപ്പിനെത്തിയത് 1986ലാണ്. അന്ന് മെക്‌സിക്കോയിലായിരുന്നു ടൂര്‍ണമെന്റ്. പിന്നെ പക്ഷേ നീണ്ട കാത്തിരിപ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 36 വര്‍ഷത്തെ കാത്തിരിപ്പ്. ഖത്തറില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലാണ് കാനഡ പിന്നെ കളിച്ചത്.

CANADA TEAM

Photocredit/ canadasoccer

നാട്ടില്‍ മിന്നിക്കാന്‍ കാനഡ

സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ മൂന്നാമത്തെ വരവ് കേമത്തിലാക്കണമെന്നാണ് കാനഡ ടീമിന്റെ ആഗ്രഹം. അതിന് അവര്‍ക്ക് കരുത്ത് പകരുന്ന ഒരു കാര്യമുണ്ട്. 2017ല്‍ തുടങ്ങിയ പ്രീമിയര്‍ ലീഗ് ഇപ്പോള്‍ കുറച്ച് കൂടി പച്ചപിടിച്ചിട്ടുണ്ട്.

2019ലായിരുന്നു ആദ്യ സീസണ്‍. എട്ടു ക്ലബ്ബുകളാണ് പങ്കെടുത്തത്. കളിയുടെ വേഗത്തിലും കളിയോടുള്ള താല്‍പര്യത്തിലും ആരാധകരുടെ എണ്ണത്തിലും കളിക്കാരുടെ ആവേശത്തിനുമെല്ലാം പ്രീമിയര്‍ ലീഗ് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

1986ല്‍ ആദ്യമായി കളിച്ചപ്പോള്‍ സി ഗ്രൂപ്പിലെ അവസാനക്കാരായി, എല്ലാ മത്സരവും തോറ്റാണ് കാനഡ മടങ്ങിയത്. 2022ലെത്തിയപ്പോഴും അതായിരുന്നു അവസ്ഥ. പക്ഷേ ടീമെന്ന നിലയില്‍ വലിയ മെച്ചമുണ്ടായിരുന്നു.

ലോകകപ്പില്‍ കാനഡയുടെ ആദ്യ ഗോള്‍ ഖത്തറില്‍ പിറന്നു. ഫുട്‌ബോളിന്റെ കാര്യത്തില്‍ പെരുമ കൂടുതലുള്ള ക്രൊയേഷ്യക്ക് എതിരെ ആയിരുന്നു ആ ഗോള്‍. അതും കളി തുടങ്ങി രണ്ടാം മിനിറ്റില്‍. ഗോളടിച്ചത് അല്‍ഫോന്‍സോ ഡേവിസ്. കനേഡിയന്‍ ഫുട്‌ബോളിന്റെ ഹീറോ.

2021ലും 2022ലും മികച്ച CONCACAF താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡേവിസ് ആണ് ഇക്കുറി ടീമിനെ നയിക്കുന്നത്. സ്പീഡു കൊണ്ടും ഡ്രിബ്ലിങ് മികവും കൊണ്ടും വീര്യം കൊണ്ടും എതിര്‍നിരയുടെ നെഞ്ചിടിപ്പ് കൂട്ടും ഡേവിസ്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കാനിറങ്ങുമ്പോള്‍ ഡേവിസിനെ പൂട്ടുക എളുപ്പമാവില്ല.

ക്യാപ്റ്റന് കരുത്താകാന്‍ കാനഡയുടെ എക്കാലത്തെയും മികച്ച ഗോളടിവീരനായ ജൊനാതന്‍ ഡേവിഡുണ്ട്. മധ്യനിരയിലെ തന്ത്രപ്പുരയുടെ അമരക്കാരനായി സ്റ്റീഫന്‍ യുസ്റ്റാക്വിയോ ഉണ്ട്. ചാവേറുകളായി പോരാടാന്‍ തേജന്‍ ബുക്കാനന്‍, ജേക്കബ് ഷഫെല്‍ബര്‍ഗ്, മോയ്‌സ് ബോംബിറ്റോ എന്നിവരുമുണ്ട്.

CANADA FANS

ടീമിനെ ആക്രമിച്ച് കളിക്കാന്‍ പഠിപ്പിച്ചിരിക്കുന്നു അമേരിക്കയില്‍ നിന്നെത്തിയ കോച്ച് ജെസ്സി മാര്‍സ്ച്ച്. പരിശീലകനായി ചുമതലയേറ്റെടുത്ത് അധികം വൈകാതെ കോപ്പ അമേരിക്കയിലെ നാലാം സ്ഥാനക്കാരാക്കിയിട്ടുണ്ട് മാര്‍സ്ച്ച്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് പ്രതീക്ഷയേറെയാണ് ഈ കോച്ചില്‍.

വേഗത്തിലുള്ള പാസിങ്, കുറുകെയുള്ള പന്ത് കൈമാറല്‍, പ്രതിരോധത്തില്‍ നിന്ന് പെട്ടെന്ന് ആക്രമണത്തിലേക്ക് തിരിയല്‍. തന്ത്രങ്ങള്‍ ഇടകലര്‍ത്തിയുള്ള മാര്‍സ്ച്ചിന്റെ റെഡ് ബുള്‍ സ്‌റ്റൈല്‍ ടീമിനെ എത്ര ദൂരം എത്തിക്കും എന്നതാണ് ഇനി കാണാനുള്ളത്.

ബോസ്‌നിയ ഈസ് ബാക്ക്

ആദ്യ മത്സരത്തില്‍ കാനഡക്ക് നേരിടാനുള്ളത് ബോസ്‌നിയ ഹെര്‍സഗോവിനയെ. 2014ന് ശേഷം ഇതാദ്യമായാണ് ബോസ്‌നിയ ലോകകപ്പിനെത്തുന്നത്. അന്ന് യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അവര്‍ ബ്രസീലിലേക്ക് ടിക്കറ്റ് എടുത്തത്. ഫുട്‌ബോളിന്റെ പര്യായം തന്നെയായ അര്‍ജന്റീനയും ആഫ്രിക്കന്‍ കരുത്തന്‍മാരായ നൈജീരിയയും ഉള്‍പെട്ട ഗ്രൂപ്പ് എയില്‍ അരങ്ങേറ്റം. അവരോട് തോറ്റും ഇറാനെ തോല്‍പിച്ചും മടങ്ങി.

ഇക്കുറി യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ഒയില്‍ ഓസ്ട്രിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ ലോകകപ്പില്‍ പന്ത് തട്ടാനെത്തുന്നത്. ബോസ്‌നിയന്‍ ടീമിന്റെ മുന്‍ നായകന്‍ സെര്‍ഗെ ബര്‍ബറാസ് പരിശീലകനായി എത്തിയത് ടീമിന് പുതിയ ആവേശവും വേഗവും പകര്‍ന്നിരിക്കുന്നു.

പ്രതിരോധത്തില്‍ നല്ല കരുത്താണ്. വെയ്ല്‍സിനും ഇറ്റലിക്കും എതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നേടിയ വിജയം ടീമിന്റെ മനസ്ഥൈര്യത്തിന്റെ തെളിവാണ്. 4-4-2 എന്നതാണ് പൊതുവെ കോച്ചിന് പ്രിയമുള്ള ഫോര്‍മേഷന്‍. നായകന്‍ ടീമിന്റെ യോഗ്യതാ മത്സരങ്ങളിലെ ടോപ് സ്‌കോറര്‍ ആയ എഡിന്‍ സെക്കോ.

പുള്ളിക്ക് 39 പ്രായമേയല്ല, ടീമിനെ നയിക്കാനും ജയിപ്പിക്കാനും ആവേശം നല്‍കുന്ന എക്‌സിപീരിയന്‍സ് നമ്പര്‍ മാത്രം. ക്യാപ്റ്റന് വേണ്ട പിന്തുണയുമായി ഡെമിറോവിച്ചും തബാക്കോവിച്ചും കൊലസാനിച്ചും ദെദിക്കും ഒപ്പമുണ്ട്.

തികഞ്ഞ പോരാട്ടവീര്യമാണ് ബോസ്‌നിയ ടീമിന്. ഭൂതകാലം പകര്‍ന്ന് നല്‍കിയ വീര്യം കാല്‍പന്തുകളിയിലും ആവേശിച്ചിരിക്കുന്നു. അതേസമയം സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണ കാനഡക്കും അധിക ഊര്‍ജം നല്‍കും. ഗ്രൂപ്പ് ബിയിലും ആദ്യമത്സരം തീപാറും.

Story first published: Tuesday, May 19, 2026, 20:00 [IST]
Other articles published on May 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+