ട്രിനിഡാഡ്: അവസാന ഏകദിനത്തില്‍ ആശ്വാസജയം നേടാമെന്ന ഇന്ത്യയുടെ മോഹവും അസ്തമിച്ചു. തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയും വെസ്റ് ഇന്‍ഡീസില്‍ നിന്ന് ഏറ്റുവാങ്ങി ഗ്രെഗ്് ചാപ്പലിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും ചുണക്കുട്ടികള്‍ വീണ്ടും നാണം കെട്ടു. 4-1ന് പരമ്പര ജയിച്ച് ബ്രെയന്‍ ലാറയുടെ കീഴില്‍ വെസ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റില്‍ പുതിയ ഉണര്‍വിലേക്ക് ഉയര്‍ന്നു.
അഞ്ചാമത്തെ ഏകദിനത്തില്‍ 19 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആറിന് 255 റണ്‍സ് നേടിയ വെസ്റ് ഇന്‍ഡീസിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48 ഓവറില്‍ 236 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യക്കെതിരെ പാകിസ്ഥാന് സംഭവിച്ചതാണ് വെസ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് സംഭവിച്ചത്. ആദ്യ ഏകദിനം തോറ്റ ഇന്ത്യ തുടര്‍ച്ചയായി നാല് കളികള്‍ ജയിച്ചാണ് പാകിസ്ഥാനെതിരെ പരമ്പര 4-1ന് സ്വന്തമാക്കിയത്. വെസ്റ് ഇന്‍ഡീസിനെതിരെയാകട്ടെ ആദ്യ ഏകദിനം ഇന്ത്യ ജയിച്ചു. പിന്നീട് നാല് കളികളും തോറ്റു.
വീരേന്ദര്‍ സെവാഗ് ഈ പരമ്പരയില്‍ ഒരിക്കല്‍ കൂടി മികച്ച ഫോമിലെത്തിയെങ്കിലും ജയിക്കാന്‍ അത് മതിയായില്ല. പരമ്പരയില്‍ രണ്ടാമത്തെ തവണ തൊണ്ണൂറിന് ശേഷം സെവാഗ് ഒരിക്കല്‍ സെഞ്ച്വറി നഷ്ടപ്പെടുത്തുന്നതു കണ്ട കളിയില്‍ മറ്റാര്‍ക്കും മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാനായില്ല.
നേരത്തെ ഗെയ്ല്‍ (51), സര്‍വണ്‍ (52), ബ്രാവോ (62) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് വെസ്റ് ഇന്‍ഡീസ് 255 റണ്‍സ് നേടിയത്.
ബ്രാവോയാണ് മാന്‍ ഒഫ് ദി മാച്ച്. സര്‍വണ്‍ മാന്‍ ഒഫ് ദി സീരിസുമായി.