കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നിലവിലെ ജേതാക്കളും ആതിഥേയരുമായ കേരളം പുറത്തായി. സെമി ഫൈനലില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തെ തോല്പിച്ച മഹാരാഷ്ട്ര ഫൈനലിലെത്തി.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളടിക്കാന്‍ മറന്ന കളിക്കാര്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അരഡസന്‍ അവസരങ്ങളെങ്കിലും കേരളത്തിന്റെ കളിക്കാര്‍ തുലച്ചു. ഗ്രൗണ്ടിലെ ഓരോ ഇഞ്ചിലും ആധിപത്യം പുലര്‍ത്തിയിട്ടും തുറന്ന അവസരങ്ങള്‍ പോലും ഗോളാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
51-ാം മിനിട്ടില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി റൂബന്‍ ഡിസൂസയാണ് വിജയ ഗോള്‍ നേടിയത്. റൂബന്‍ ഡിസൂസയാണ് കളിയിലെ കേമന്‍.
1973 ല്‍ മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ നടന്ന സന്തോഷ് ട്രോഫി സെമിയിലും അവിടെ തന്നെ 1993 ല്‍ കലാശക്കളിയിലും ഏറ്റ തോല്‍വിക്ക് മഹാരാഷ്ട്ര പ്രതികാരം വീട്ടി. ശനിയാഴ്ച നടക്കുന്ന പഞ്ചാബ്-ഗോവ രണ്ടാം സെമിയിലെ ജേതാക്കളെ മഹാരാഷ്ട്ര ഫൈനലില്‍ നേരിടും.