ദില്ലി: ഹര്‍ഭജന്‍സിംഗിന്റെ സ്പിന്‍ ബൗളിംഗിന്റെ മാസ്മരികതയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 39 റണ്‍സ് ജയം.
ജയിക്കാന്‍ 204 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്റെ ഉജ്വല ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. 38.1 ഓവറില്‍ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി. 164 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍.
ആദ്യഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇര്‍ഫാന്‍ പഠാന്‍ ഇംഗ്ലണ്ടിന് കനത്ത ആഘാതമാണേല്പിച്ചത്. താരതമ്യേന കുറഞ്ഞ സ്കോറാണെങ്കിലും പ്രതിരോധിക്കാവുന്നതാണെന്ന ആത്മവിശ്വാസം സൃഷ്ടിക്കാന്‍ പഠാന് ആദ്യഓവറിലൂടെ കഴിഞ്ഞു.
ഓപ്പണര്‍ പ്രയറിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഹര്‍ഭജന്‍ ബൗളിംഗ് ആക്രമണം ആരംഭിച്ചത്. പിന്നീട് മൂന്നിന് 57 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ കെവിന്‍ പീറ്റേഴ്സണും (46) ആന്‍ഡ്രൂ ഫ്ലിന്റോഫും (41) കരകയറ്റി മികച്ച സ്കോറിംഗ് നിരക്കിലേക്ക് നയിച്ചപ്പോള്‍ യുവരാജ്സിംഗും ഹര്‍ഭജനും വീണ്ടും ആഘാതമേല്പിച്ചു. പീറ്റേഴ്സണനെ യുവരാജും ഫ്ലിന്റോഫിനെ ഹര്‍ഭജനും പുറത്താക്കി കളി ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നു.
തുടര്‍ന്ന് ഇംഗ്ലീഷ് നിരയിലെ ജോണ്‍സ്, കോളിംഗ്വുഡി, ഇയാന്‍ ബെല്‍ എന്നിവരും ഹര്‍ഭജന്റെ ഇരയായി. പഠാന്‍ മൂന്നും യുവരാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ബൗളിംഗിലൂടെ ഇംഗ്ലണ്ടിനെ തകര്‍ക്കുന്നതിനു മുമ്പ് 37 റണ്‍സെടുത്ത് ടോപ്സ്കോറായി ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുക കൂടി ചെയ്ത ഹര്‍ഭജനാണ് മാന്‍ ഒഫ് ദി മാച്ച്.