കൊച്ചി: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നാമത്തെ പരമ്പര വിജയം. ഏഴ് ഏകദിനങ്ങളുള്ള ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ നാലാമത്തെ വിജയം നേടിയാണ് പരമ്പര ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്. ഇനി മൂന്ന് ഏകദിനങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്.
നാല് വിക്കറ്റിനാണ് കൊച്ചി ഏകദിനം ഇന്ത്യ വിജയിച്ചത്. 237 റണ്‍സില്‍ ഇംഗ്ലണ്ട് സ്കോര്‍ ഒതുക്കിയ ഇന്ത്യയ്ക്ക് ബൗളര്‍മാരുടെ മികവും രാഹുല്‍ ദ്രാവിഡ് (65), യുവരാജ്സിംഗ് (48), ഇര്‍ഫാന്‍ പഠാന്‍ (46) എന്നിവരുടെ ലക്ഷ്യബോധത്തോടെയുള്ള ബാറ്റിംഗുമാണ് വിജയമൊരുക്കിയത്. 47.2 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം കണ്ടു.
ശ്രീലങ്കയ്ക്കെതിരായ പരമ്പര 6-1നും പാകിസ്ഥാനെതിരായ പരമ്പര 4-1നും ജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലേതു പോലെ ആദ്യത്തെ നാല് മത്സരങ്ങളും വിജയിച്ച് പരമ്പര കൈപ്പിടിയിലൊതുക്കി.
സ്കോര്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ടീമെന്ന റെക്കോഡ് കൊച്ചി ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യക്കു സ്വന്തമായി. കഴിഞ്ഞ മത്സരത്തോടെ ഇന്ത്യ വെസ്റിന്റീസിന്റെ റെക്കോഡിനാപ്പമെത്തിയിരുന്നു. കൊച്ചി ഏകദിനത്തില്‍ ആ റെക്കോഡ് ഇന്ത്യ തകര്‍ത്തു.
ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാമത്തെ ഏകദിന വിജയമാണിത്. കഴിഞ്ഞ 19 ഏകദിനങ്ങളില്‍ ഇന്ത്യ 17 ഉം ജയിച്ചു.