ബാംഗ്ലൂര്‍: ലോംഗ് ജംപ് പട്ടികയില്‍ ഇപ്പോഴുള്ള ആറാം സ്ഥാനത്തു നിന്ന് മൂന്നാംസ്ഥാനത്തേക്കെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മലയാളി അത്ലറ്റും ലോകഅത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യഇന്ത്യന്‍ മെഡല്‍ ജേതാവുമായ അഞ്ജു ബോബി ജോര്‍ജ്. ലോക അത്ലറ്റിക് മീറ്റില്‍ ഒരു മെഡല്‍ കൂടി നേടാനും തന്റെ ദൂരം ശരാശരി ഏഴില്‍ കൂടുതലാക്കാനും കൂടി ലക്ഷ്യമിടുന്നതായി അഞ്ജു പറഞ്ഞു.
മെയ് 13ന് നടക്കുന്ന ദോഹ സൂപ്പര്‍ ഗ്രാന്റ് പ്രിക്സ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ വര്‍ഷം അഞ്ജു ആദ്യം പങ്കെടുക്കുന്നത്. ഇതുകൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന ഏഷ്യന്‍ ഗ്രാന്റ് പ്രിക്സ് സീരീസിലും യൂറോപ്യന്‍ സര്‍ക്യൂട്ട് മത്സരങ്ങളിലും അഞ്ജു പങ്കെടുക്കുന്നുണ്ട്. മെല്‍ബണില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു പങ്കെടുക്കുന്നതിനുള്ള പരിശീലനമത്സരങ്ങളായാണ് ഈ വര്‍ഷം പങ്കെടുക്കാനിരിക്കുന്ന 24ഓളം മത്സരങ്ങളെ കാണുന്നതെന്ന് അഞ്ജു പറഞ്ഞു.
ആഗസ്തില്‍ നടക്കാനിരിക്കുന്ന ഹെല്‍സിംഗി മത്സരമാണ് ഇതില്‍ പ്രധാനമെന്നും മെഡല്‍ നേടുക മാത്രമല്ല, തന്റെ പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. ഇപ്പോള്‍ പരിശീലനം നേടുന്നതിലും മത്സരിക്കുന്നതിലും താന്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. ആഗ്രഹിക്കുന്നിടത്തോളം കാലം കായികവേദിയില്‍ നിലനില്‍ക്കാനാണ് താത്പര്യം. തന്റെ പിന്‍തലമുറയെന്നു വിശേഷിപ്പിക്കാന്‍ ഇന്ത്യയില്‍ ഇപ്പോള്‍ ദീര്‍ഘദൂര ചാട്ടക്കാരില്ലെന്നും അഞ്ജു പറഞ്ഞു.
അഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 6.83 മീറ്ററിനേക്കാള്‍ കൂടുതല്‍ പരിശീലനത്തിനിടയ്ക്കു മറികടന്നിട്ടുണ്ടെന്നും ഏഴു മീറ്ററിലധികം ഈ വര്‍ഷം മറികടക്കുമെന്നാണ് കരുതുന്നതെന്നും അഞ്ജുവിന്റെ ഭര്‍ത്താവും പരിശീലകനുമായ ബോബി ജോര്‍ജ് പറഞ്ഞു. അഞ്ജു ഇപ്പോള്‍ കൂടുതല്‍ മികവു നേടിയിട്ടുണ്ട്. ആഗസ്തോടെ ഏറ്റവും മികച്ച ദൂരം കണ്ടെത്താന്‍ അഞ്ജുവിനു കഴിയുമെന്നാണ് കരുതുന്നത്. ഏഥന്‍സ് ഒളിമ്പിക്സില്‍ അസുഖം ബാധിക്കാതിരുന്നിരുന്നെങ്കില്‍ അഞ്ജുവിന് കൂടുതല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കാനായിരുന്നേനെ. മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ വച്ചു നോക്കുമ്പോള്‍ 6.83 നല്ല ദൂരമല്ലെന്നും ബോബി അഭിപ്രായപ്പെട്ടു.
ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ മെഡല്‍ നേടിയിട്ടുള്ള അഞ്ജു ഇതാദ്യമായാണ് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.