ലിസ്ബണ്‍,പോര്‍ച്ചുഗല്‍: മറുപടിയില്ലാത്ത രണ്ട് ഗോളിന് റഷ്യയെ തോല്പിച്ച് ആതിഥേയരായ പോര്‍ച്ചുഗല്‍ യൂറോകപ്പില്‍ രണ്ടാം റൗണ്ടില്‍ കടക്കാനുള്ള പ്രതീക്ഷ നിലനിര്‍ത്തി. നേരത്തെ ഗ്രീസിനോട് പരാജയം ഏറ്റുവാങ്ങിയ പോര്‍ച്ചുഗലിന് ഒരു വിജയം അനിവാര്യമായിരുന്നു. റഷ്യയ്ക്കെതിരെ ആ വിജയം പോര്‍ച്ചുഗല്‍ പൊരുതിനേടി.
മാനിഷെയും റൂയി കോസ്റയുമാണ് പോര്‍ച്ചുഗലിന് വേണ്ടി റഷ്യന്‍ വല കുലുക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കണമെങ്കില്‍ ഇനി പോര്‍ച്ചുഗലിന് ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സ്പെയിനെ തോല്പിക്കണം.
റഷ്യയുടെ ഗോള്‍കീപ്പര്‍ സെര്‍ഗി ഒവ്ചിനിക്കോവ് ഇടവേളയ്ക്ക് മുമ്പ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പിന്നീട് 10 പേരെ വച്ചാണ് റഷ്യ പൊരുതിയത്. പകരം ഗോള്‍മുഖം കാക്കാന്‍ വന്ന മലാഫീവ് ഒട്ടേറെ പന്തുകള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. പക്ഷെ അതൊന്നും റഷ്യയെ തുണച്ചില്ല.
റഷ്യയ്ക്കെതിരെ മത്സരത്തില്‍ തങ്ങളുടെ ടീം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ലൂയി ഫിഗോ മത്സരത്തിന് ശേഷം പറഞ്ഞു. നേരത്തെ സ്പെയിനിനോട് തോറ്റ റഷ്യ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ കാണില്ലെന്ന് ഉറപ്പായി.