ദില്ലി: ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ചന്വേഷിച്ച സി ബി ഐ റിപ്പോര്‍ട്ടിനെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ഊഹക്കഥകളാണെന്ന് സി ബി ഐ. ഒക്ടോബര്‍ 21 ശനിയാഴ്ച സി ബി ഐ വൃത്തങ്ങള്‍ വാര്‍ത്താഏജന്‍സിയെ അറിയിച്ചതാണിത്.
സി ബി ഐ റിപ്പോര്‍ട്ട് ഇതു വരെയും സമര്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിന്റെ ഒരു ഭാഗവും പരസ്യമാക്കിയിട്ടില്ലെന്നും സി ബി ഐ അധികൃതര്‍ വ്യക്തമാക്കി. മറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകള്‍ ഊഹക്കഥകളാണ്. ഇവയ്ക്ക് ആധികാരികതയില്ല.
സി ബി ഐ റിപ്പോര്‍ട്ടിനെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത് കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയെ ക്ഷുഭിതനാക്കിയിരുന്നു. ഇതേപ്പറ്റി സി ബി ഐ ഡയറക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് സി ബി ഐ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായ കപില്‍ദേവ് കോഴവിവാദത്തില്‍ നിരപരാധിയാണെന്നും അസ്ഹറുദ്ദീന്‍, മനോജ് പ്രഭാകര്‍, അജയ് ജഡേജ, അജയ് ശര്‍മ്മ തുടങ്ങിയവര്‍ കുറ്റക്കാരെണെന്നും സി ബി ഐ അന്വേഷണങ്ങളില്‍ കണ്ടെത്തിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.