ദേശീയ വോളി: ഫൈനല്‍ ഇന്ന്, ഇരു വിഭാഗത്തിലും കേരളത്തിന് എതിരാളികള്‍ റെയില്‍വേ

Posted By: NP Shakeer

കോഴിക്കോട്: വനിതാ ടീമിനു പിന്നാലെ കേരളത്തിന്റെ പുരുഷ ടീമും ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നു വൈകിട്ട് ഇരു ടീമുകളും റെയ്ല്‍വേയുമായി ഏറ്റുമുട്ടും. വനിതാ വിഭാഗത്തില്‍ ഇന്നലെ നടന്ന സെമിയില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് റെയ്ല്‍വേ ഫൈനലില്‍ എത്തിയത്.

സര്‍വിസ് തുടങ്ങിയത് തമിഴ്‌നാട് ആയിരുന്നെങ്കിലും കേരളത്തിന്റെ ഫിനിഷോടെയാണ് സെമിയുടോ സ്‌കോര്‍ബോര്‍ഡ് തുറന്നത്. തുടര്‍ന്ന് ഇടയ്‌ക്കൊരു സമനില ആയതൊഴിച്ചാല്‍ ആദ്യ സെറ്റില്‍ ചെറിയ മാര്‍ജിനില്‍ കേരളം ലീഡ് നിലനിര്‍ത്തുകയും 25-11ല്‍ അത് അവസാനിക്കുകയും ചെയ്തു. എന്നാല്‍, രണ്ടാം സെറ്റില്‍ തമിഴനാട് കൂടുതല്‍ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. പ്രവീണും അഭിലാഷും ആക്രമണത്തിന് മൂര്‍ഛ കൂട്ടിയപ്പോള്‍ ഷെല്‍ട്ടണും ആനന്ദ് രാജും മികച്ച ബ്ലോക്കുകള്‍ തീര്‍ത്തു. കേരളത്തിന്റെ ഭാഗത്തുനിന്ന് ജെറോമിന്റെ സ്മാഷുകള്‍ പലപ്പോഴും തമിഴ്‌നാട് പിടിച്ചിട്ടു. ജെറോമും വിബിനും സെര്‍വുകള്‍ പലതും പുറമേക്ക് പായിച്ചതോടെ പല തവണ തമിഴ്‌നാട് ലീഡ് നേടി. എന്നാല്‍, വിജയം നേടാന്‍ മാത്രം ടീമിനായില്ല. ഒടുവില്‍ 30-28ന് കേരളം രണ്ടാം സെറ്റും സ്വന്തമാക്കുകയായിരുന്നു.

volleykeralatamilnadu

കളി മൂന്നാം സെറ്റില്‍ എത്തുമ്പോഴേയ്ക്കും അജിത് ലാല്‍ മികച്ച ഫോമിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഓഫെന്‍ഡിലും മൈനസിലും 90 ഡിഗ്രിയില്‍ ഉയര്‍ന്നുപൊങ്ങിയും കോര്‍ണറില്‍ വായുവില്‍ ചിറകുവിരിച്ചു ഫസ്റ്റ്‌ലൈനില്‍നിന്നു പറന്നുപൊങ്ങിയും അജിത് ലാല്‍ തമിഴ്‌നാട് കോര്‍ട്ടിലേക്ക് പന്തുകള്‍ പായിച്ചു. തുടരെ ബോളുകള്‍ നല്‍കി ലിഫ്റ്റര്‍ മുത്തുസ്വാമി പ്രോത്സാഹിപ്പിച്ചു. ആക്രമണത്തിന് രോഹിതും വിബിനും ജെറോമും ചേര്‍ന്നതോടെ മൂന്നാം സെറ്റും 25-22ന് കേരളം സ്വന്തമാക്കി.

ഇന്ന് റെയ്ല്‍വേ ടീമിനെ കേരളം നേരിടുമ്പോള്‍ എസ്. പ്രഭാകരന്‍ എന്ന കാക്കയാണ് കേരളത്തിന്റെ പ്രധാന നോട്ടപ്പുള്ളി. ഏത് കനത്ത ബ്ലോക്കുകളെയും മറികടന്ന് എതിര്‍കോര്‍ട്ടില്‍ തീയുണ്ടകള്‍ പായിക്കുന്ന പ്രതിഭയാണ് പ്രഭാകരന്‍. മലയാളിയായ റെയ്ല്‍വേയുടെ ക്യാപ്റ്റന്‍ മനു ജോസഫിനെ വേണേല്‍ പിടിച്ചിടാം, എന്നാല്‍ പ്രഭാകരനോട് ഒരു ഉണ്ടയും നടക്കില്ല എന്നതാണ് കഴിഞ്ഞ ദിവസം റെയ്ല്‍വേയും സര്‍വിസസും തമ്മിലുള്ള പോരാട്ടത്തില്‍ ബോധ്യമായത്. ആ തീപാറുന്ന സ്മാഷുകളും തന്ത്രപരമായ പ്ലെയ്‌സുകളും പേറാന്‍ കേരളത്തിന്റെ കോര്‍ട്ടില്‍ ടീം സജ്ജമെങ്കില്‍ കപ്പ് കേരളത്തിന് സ്വന്തമാക്കാം.
ഐപിഎല്ലും 'ന്യൂജെന്‍' ആവുന്നു... ബിസിസിഐയുടെ പച്ചക്കൊടി, പാകിസ്താന്റെ വഴിയെ ഇന്ത്യയും

ആദ്യം പഞ്ചാബ്, ഇപ്പോള്‍ ഇന്ത്യയും... ഇനി ക്യാപ്റ്റന്‍ അശ്വിന്‍, ബേസിലും ടീമില്‍

ലോര്‍ഡ്‌സ് ക്ലാസിക്... കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അക്ഷേപിച്ചു

Story first published: Wednesday, February 28, 2018, 13:39 [IST]
Other articles published on Feb 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍