കോമണ്‍വെല്‍ത്തില്‍ സൈന, സിന്ധു ഏറ്റുമുട്ടല്‍ കണ്ടില്ലെന്ന് ഇരുവരുടെയും ഗുരു ഗോപീചന്ദ്

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും പിവി സിന്ധുവും ഏറ്റുമുട്ടിയപ്പോള്‍ ഇരുവരുടെയും മത്സരം മുഴുവനായി കണ്ടില്ലെന്ന് ഗോപീചന്ദ്. ഹൈദരാബാദിലെ ഗോപീചന്ദിന്റെ അക്കാദമിയിലെ ശിഷ്യരാണ് സൈനയും സിന്ധുവും.

കടുത്ത പോരാട്ടത്തിനൊടുവില്‍ സൈന നേവാള്‍ സ്വര്‍ണവും സിന്ധു വെള്ളിയും നേടിയിരുന്നു. എന്നാല്‍, ഇന്ത്യ ജയിച്ചു എന്നാണ് ഗോപീചന്ദിന്റെ പ്രതികരണം. ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി. അതില്‍ കൂടുതല്‍ ഒന്നുമില്ല. ഇരുവരുടെയും മത്സരത്തിന്റെ അവസാനഭാഗം മാത്രമാണ് കണ്ടത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നെന്നും ഗോപീചന്ദ് പറഞ്ഞു.

gopichandand

ഇരുവരും നന്നായി കളിച്ചു. കളി ഏതുഭാഗത്തേക്കു വേണമെങ്കിലും മാറാവുന്ന രീതിയിലായിരുന്നു. ഗെയിംസില്‍ ഇന്ത്യ ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് കൂടുതല്‍ സന്തോഷം നല്‍കുന്നു. സൈന മനോഹരമായാണ് കളിച്ചത്. ശ്രീകാന്ത് ലീ ചോങ് വെയിയെ തോല്‍പ്പിച്ചതും എടുത്തുപറയേണ്ടതാണ്. എന്തായാലും ഗെയിംസ് ഇന്ത്യയെ സംബന്ധിച്ചടത്തോളം ഏറ്റവും മികച്ചതായിരുന്നെന്നും ഗോപീചന്ദ് വിലയിരുത്തി.

ഗെയിംസില്‍ ഉടനീളം മിന്നുന്ന പ്രകടനമാണ് സൈന പുറത്തെടുത്തത്. പരിക്കിനുശേഷം തിരിച്ചുവന്ന സൈന പഴയ താളം വീണ്ടെടുത്തതോടെ അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ഒരുങ്ങുക. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്ന് സൈന സ്വര്‍ണ മെഡല്‍ നേടിയശേഷം പ്രതികരിച്ചു

Story first published: Sunday, April 15, 2018, 15:41 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍