ഗ്രീസ്മാന് ഡബിള്‍; യൂറോപ്പ ലീഗ് കിരീടം അത്‌ലറ്റികോയ്ക്ക്

Posted By: Mohammed shafeeq ap

ലിയോണ്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് ഗ്ലാമര്‍ ടീമായ അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. കലാശപ്പോരില്‍ ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സെയെ പരാജയപ്പെടുത്തിയാണ് അത്‌ലറ്റികോ യൂറോപ്പ ലീഗ് ചരിത്രത്തിലെ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്. ഈ സീസണില്‍ അത്‌ലറ്റികോയുടെ ഏക കിരീട നേട്ടം കൂടിയാണിത്.

ഫ്രഞ്ച് ഫോര്‍വേഡ് ആന്റോയിന്‍ ഗ്രീസ്മാന്‍ ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ അത്‌ലറ്റികോ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കന്നി യൂറോപ്പ ലീഗ് കിരീട മോഹവുമായെത്തിയ മാഴ്‌സെയെ പരാജയപ്പെടുത്തുകയായിരുന്നു. 21, 49 മിനിറ്റുകളിലായിരുന്നു ഗ്രീസ്മാന്‍ അത്‌ലറ്റികോയ്ക്കു വേണ്ടി വലകുലുക്കിയത്. ഇതോടെ ഈ സീസണില്‍ അത്‌ലറ്റികോയ്ക്കു വേണ്ടി ഗ്രീസ്മാന്‍ 30 ഗോള്‍ തികയ്ക്കുകയും ചെയ്തു. 89ാം മിനിറ്റില്‍ ഗാബി അത്‌ലറ്റികോയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മല്‍സരത്തില്‍ പന്തടക്കത്തില്‍ ആതിഥേയര്‍ കൂടിയായ മാഴ്‌സെ നേരിയ മുന്‍തൂക്കം നേടിയെങ്കിലും ആക്രമിച്ചു കളിക്കുന്നതിനായിരുന്നു അത്‌ലറ്റികോ പ്രാധാന്യം നല്‍കിയത്.

europa-league

മാഴ്‌സെയുടെ മുന്നേറ്റത്തോടെയാണ് മല്‍സരം തുടങ്ങിയത്. എന്നാല്‍, മാഴ്‌സെ പ്രതിരോധത്തെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് മികച്ച രണ്ട് ഗോളുകളുമായി ഗ്രീസ്മാന്‍ ഹീറോയായപ്പോള്‍ അത്‌ലറ്റികോ മല്‍സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള രണ്ടവസരങ്ങള്‍ ലഭിച്ചെങ്കിലും മാഴ്‌സെയ്ക്ക് അത്‌ലറ്റികോയുടെ ഗോള്‍വലയ്ക്കുള്ളില്‍ പന്തെത്തിക്കാനായില്ല. ഇതിനിടെ മികച്ച പാസിങിനൊടുവിലൂടെ ലഭിച്ച പന്ത് ഗാബി ലക്ഷ്യത്തിലെത്തിച്ച് അത്‌ലറ്റികോയുടെ കിരീട നേട്ടം ഉജ്ജ്വലമാക്കുകയായിരുന്നു. അവസാന ഒമ്പത് വര്‍ഷത്തിനിടെയാണ് അത്‌ലറ്റികോ യൂറോപ്പ ലീഗിലെ മൂന്ന് കിരീീടവും സ്വന്തമാക്കിയത്. എന്നാല്‍, യൂറോപ്പ ലീഗിലെ തങ്ങളുടെ മൂന്നാം ഫൈനലിലും കിരീടം എതിരാളികള്‍ ഉയര്‍ത്തുന്നത് കണ്ടിരിക്കാനായിരുന്നു മാഴ്‌സെയുടെ വിധി.

Story first published: Thursday, May 17, 2018, 8:15 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍