അരങ്ങേറ്റത്തില്‍ മുംബൈയെ തല്ലിതകര്‍ത്ത് റോയ്, ഡല്‍ഹിക്ക് ആവേശ ജയം... മുംബൈക്ക് ഹാട്രിക് തോല്‍വി

Posted By: Mohammed shafeeq ap

മുംബൈ: ഐപിഎല്‍ അരങ്ങേറ്റം ജസണ്‍ റോയ് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഗംഭീരമാക്കിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹിക്ക് ഏഴു വിക്കറ്റിന്റെ ത്രില്ലിങ് വിജയം. അവസാന പന്തിലേക്ക് നീണ്ട ആവേശത്തില്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ സിംഗിളെടുത്ത് റോയ് സീസണിലെ ഡല്‍ഹിയുടെ ആദ്യ വിജയം ആവേശമാക്കി മാറ്റുകയായിരുന്നു. നേരത്തെ, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിനാണ് മുംബൈ 194 റണ്‍സെടുത്തത്. ഓപണിങിലെ വിസ്‌ഫോടാനാത്മകമായ തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ റണ്‍റേറ്റ് കുറഞ്ഞതോടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ കഴിയാതെ പോവുകയായിരുന്നു. ഇതോടെ 195 റണ്‍സ് വിജയലക്ഷ്യം റോയിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിനു മുന്നില്‍ വാംഖഡെയില്‍ ചെറുതായി പോയി.

1

അവസാന ഓവറില്‍ 11 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്‌സറും പറത്തിയ റോയ് ഡല്‍ഹിക്ക് അനായാസം വിജയം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, പിന്നീടുള്ള മൂന്ന് പന്തുകള്‍ ഡോട്ട് ബോളാക്കി മുസ്തഫിസുര്‍ മുംബൈക്ക് സമനില പ്രതീക്ഷയും ഡല്‍ഹിക്ക് സമ്മര്‍ദ്ദവും നല്‍കി. പക്ഷേ, തന്റെ അരങ്ങേറ്റ ദിനം വിജയത്തോടെ ആക്കി റോയ് അവസാന പന്തില്‍ മുംബൈ നല്‍കിയ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപണറായിറങ്ങിയ റോയ് പുറത്താവാതെ 53 പന്തില്‍ ആറ് വിതം സിക്‌സറും ബൗണ്ടറിയും അടക്കം 91 റണ്‍സാണ് അടിച്ചുകൂട്ടിയത്. റോയിക്കു പുറമേ റിഷഭ് പന്തും (47) ശ്രെയാഷ് അയ്യരും (27*) ഡല്‍ഹി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സീസണില്‍ ഡല്‍ഹിയുടെ ആദ്യ ജയമാണിതെങ്കില്‍ ചാംപ്യന്‍മാരായ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്.

മുംബൈക്ക് തിരിച്ചടിയെന്നോണം മികച്ച തുടക്കമാണ് റോയ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ കാഴ്ചക്കാരനാക്കി ഡല്‍ഹിക്ക് നല്‍കിയത്. അഞ്ച് ഓവറില്‍ 50 റണ്‍സിലെത്താനും ഡല്‍ഹിക്ക് കഴിഞ്ഞുരുന്നു. എന്നാല്‍, 16 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയോടെ 15 റണ്‍സെടുത്ത ഗംഭീറിനെ മുസ്തഫിസുര്‍ റഹ്മാന്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച റോയിയും പന്തും തകര്‍ത്തടിച്ചതോടെ ഡല്‍ഹി സ്‌കോറിങിന് വേഗത കൂടി. 69 റണ്‍സുമായി കുതിക്കുകയായിരുന്ന റോയ്-പന്ത് സഖ്യത്തെ പിരിച്ചത് ക്രൂനല്‍ പാണ്ഡ്യയാണ്. 25 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുമായി അര്‍ധസെഞ്ച്വറിയിലേക്ക് മുന്നേറുകയായിരുന്ന പന്തിനെ പാണ്ഡ്യയുടെ ബൗളിങില്‍ മികച്ചൊരു ഡൈവിങ് ക്യാച്ചിലൂടെ കിരോണ്‍ പൊള്ളാര്‍ഡ് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആറ് പന്തില്‍ നിന്ന് ഓരോ വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 13 റണ്‍സെടുത്ത വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ക്രൂനല്‍ വീഴ്ത്തി. തന്റെ സഹോദരന്റെ ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.

2

നേരത്തേ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മുംബൈ 194 റണ്‍സെടുത്തത്. ഡല്‍ഹി സ്പിന്നര്‍ രാഹുല്‍ ടെവാട്ടിയയാണ് മുംബൈയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ ആദ്യം ബ്രേക്കിട്ടത്. പിന്നീട് ഡാന്‍ ക്രിസ്റ്റിയനും ട്രെന്റ് ബോള്‍ട്ടും ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി മുംബൈ സ്‌കോറിങിന്റെ വേഗത കുറക്കുകയായിരുന്നു. മൂവരും ഡല്‍ഹിക്കു വേണ്ടി മല്‍സരത്തില്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

പുതിയ ഓപണിങ് പരീക്ഷണം നടത്തിയ മുംബൈയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും ചേര്‍ന്ന് കാഴ്ചവച്ചത്. ഇരുവരും ചേര്‍ന്ന് വാംഖഡെയില്‍ ബാറ്റിങ് സ്‌ഫോടനാത്മക തുടക്കം നല്‍കിയപ്പോള്‍ ഒമ്പത് ഓവറില്‍ തന്നെ മുംബൈ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. മുംബൈ സ്‌കോര്‍ ബോര്‍ഡ് 100 കടത്തിയതിനു ശേഷമാണ് സൂര്യകുമാര്‍-ലെവിസ് ഓപണിങ് സഖ്യത്തെ പിരിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞത്. മറ്റു ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്ഥമായി മികച്ച ലൈനില്‍ പന്തെറിഞ്ഞ സ്പിന്നര്‍ രാഹുല്‍ ടെവാട്ടിയയാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്ന ഓപണിങ് സഖ്യത്തെ പിരിച്ചത്.

3

28 പന്തില്‍ നാല് വീതം സിക്‌സറും ബൗണ്ടറിയു അടിച്ച് 48 റണ്‍സുമായി അര്‍ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ലെവിസിനെ ടെവാട്ടിയയുടെ ഗൂഗ്ലിയില്‍ ഐപിഎല്ലിലെ അരങ്ങേറ്റക്കാരന്‍ ജേസന്‍ റോയ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 32 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 53 റണ്‍സെടുത്ത യാദവിനെ ടെവാട്ടിയ വിക്കറ്റിന് മുന്നില്‍ കുരുക്കി മല്‍സരത്തില്‍ ഡല്‍ഹിക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ഇഷാന്‍ കിഷാനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്‍റേറ്റ് നിലനിര്‍ത്താന്‍ നോക്കി. രോഹിത് പതുക്കേ നീങ്ങിയപ്പോള്‍ കിഷാന്‍ ഒരുവശത്ത് റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു. 23 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 44 റണ്‍സെടുത്ത കിഷാനിനെ ഡാന്‍ ക്രിസ്റ്റിയന്‍ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ വീന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കിരോണ്‍ പൊള്ളാര്‍ഡിനെയും അക്കൗണ്ട് തുറക്കും മുമ്പ് ക്രിസ്റ്റ്യന്‍ ക്ലീന്‍ ബൗള്‍ഡാക്കി തിരിച്ചടിച്ചു.

15 പന്തില്‍ രണ്ട് ബൗണ്ടറിയോടെ 18 റണ്‍സെടുത്ത രോഹിതിനെ ട്രെന്റ് ബോള്‍ട്ട് റോയിയുടെ കൈകളിലെത്തിച്ച് മുംബൈ സ്‌കോറിന്റെ വേഗത കുറച്ചു. ക്രൂനല്‍ പാണ്ഡ്യ 10 പന്തില്‍ ഒരു ബൗണ്ടറിയോടെ 11 റണ്‍സെടുത്ത് മടങ്ങി. മുഹമ്മദ് ഷമിയുടെ ബൗളിങില്‍ ടെവാട്ടിയയാണ് ക്രുനലിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. രണ്ട് റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ട്രെന്റ് ബോള്‍ട്ട് ശ്രെയാഷ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു.

ടീം

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), എവിന്‍ ലെവിസ്, ഇഷാന്‍ കിഷാന്‍, സൂര്യകുമാര്‍ യാദവ്, ക്രൂനല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, അഖില ധനഞ്ജയ, മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രിത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), ജേസന്‍ റോയ്, ശ്രെയാഷ് അയ്യര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, റിഷാഭ് പാന്ത്, വിജയ് ശങ്കര്‍, ഡാന്‍ ക്രിസ്റ്റിയന്‍, രാഹുല്‍ ടെവാട്ടിയ, ശഹ്ബാസ് നദീം, മുഹമ്മദ് ഷമി, ട്രെന്റ് ബോള്‍ട്ട്

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 15:59 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍