തുടര്‍ തോല്‍വിക്കിടയില്‍ ആദ്യ ജയം തേടി രോഹിത്തും ഗംഭീറും ഇന്ന് മുഖാമുഖം

Posted By: Mohammed shafeeq ap

മുംബൈ: ഐപിഎല്‍ സീസണില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും ഗൗതം ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും നിര്‍ണായകം. സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോറ്റ ഇരു ടീമും വിജയത്തോടെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ക്യാപ്റ്റന്‍മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണ് ഇന്നത്തേത്. മുംബൈ മൂന്നു തവണ ചാംപ്യന്‍മാരായപ്പോഴും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടിയായ രോഹിത് ശര്‍മയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന ഖ്യാതിയും രോഹിത് മുംബൈക്ക് കഴിഞ്ഞ സീസണിലെ കിരീട വിജയത്തോടെ സമ്മാനിച്ചിരുന്നു. എന്നാല്‍, ഈ സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ഗംഭീറും ചില്ലറക്കാരനല്ല. ഐപിഎല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ട് തവണ ജേതാക്കളാക്കിയാണ് ഗംഭീര്‍ ഡല്‍ഹിയുടെ നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ സീസണില്‍ രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വിജയം നേടാനാവത്തതിന്റെ ക്ഷീണത്തിലാണ് രോഹിത് നയിക്കുന്ന മുംബൈയും ഗംഭീര്‍ ക്യാപ്റ്റനായ ഡല്‍ഹിയും. എന്നാല്‍, ഇന്നത്തെ പോരാട്ടത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് മുംബൈയും ഡല്‍ഹിയും വാംഖഡെയില്‍ കളത്തിലിറങ്ങുന്നത്. ഡല്‍ഹിക്കെതിരേ തങ്ങളുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മികച്ച വിജയ റെക്കോഡാണ് മുംബൈക്കുള്ളത്. ആറ് തവണ വാംഖഡെയില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ അഞ്ചിലും വിജയം മുംബൈക്കൊപ്പം നിന്നു. ഒരു മല്‍സരത്തില്‍ മാത്രമാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അവസാന ഓവറുകളില്‍ മല്‍സരം കൈവിട്ട മുംബൈ ഇത്തവണ മികച്ച വിജയമാണ് ലക്ഷ്യംവയ്ക്കുന്നത്. സീസണിലെ ഉദ്ഘാടന മല്‍സരത്തി്ല്‍ അവസാന പന്ത് ബാക്കിനില്‍ക്കേ ഒരു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ മുംബൈ മറ്റൊരു ത്രില്ലറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അവസാന പന്തില്‍ വിജയം കൈവിടുുകയായിരുന്നു. ഒരു വിക്കറ്റിനാണ് ഹൈദരാബാദിനോടും മുംബൈ പരാജയപ്പെട്ടത്.

disp

ബൗളര്‍മാരില്‍ സീസണില്‍ അരങ്ങേറ്റ മല്‍സരത്തിലും ഹൈദരാബാദിനെതിരേയും മിന്നുന്ന പ്രകടനമാണ് മുംബൈക്കു വേണ്ടി മായങ്ക് മാര്‍ക്കണ്ഡെ കാഴ്ചവച്ചത്. എന്നാല്‍, രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കി സീസണില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്ന മാര്‍ക്കണ്ഡെയ്ക്ക് ടീം വിജയം നേടുന്നത് മാത്രം കാണാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്കണ്ഡെയ്‌ക്കൊപ്പം ടീമിലെ പ്രധാന ബൗളര്‍മാരും നന്നായി പന്തെറിഞ്ഞാല്‍ മാത്രമേ മുംബൈക്ക് ടൂര്‍ണമെന്റില്‍ തിരിച്ചുവരാനാവുകയുള്ളൂ. ബാറ്റിങില്‍ വിശ്വസ്തനും ക്യാപ്റ്റനുമായ രോഹിത് ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മുംബൈയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ബാറ്റിങില്‍ ഒരു കളിയില്‍ മാത്രം അവസരം ലഭിച്ചുള്ളുവെങ്കിലും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡില്‍ നിന്ന് മുംബൈ പലതും പ്രതീക്ഷിക്കുന്നുണ്ട്. ഹൈദരാബാദിനെതിരേ പരിക്കുമൂലം കളിക്കാതിരുന്ന മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നത്തെ മല്‍സരത്തില്‍ കളിക്കാനിടയില്ല.

അതേസമയം, കഴിഞ്ഞ 10 ഐപിഎല്‍ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ കഴിയാത്ത ടീമാണ് ഡല്‍ഹി. 2012ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഡല്‍ഹിയുടെ മികച്ച മുന്നേറ്റം. അതുകൊണ്ട് തന്നെ കൊല്‍ക്കത്തയെ രണ്ട് തവണ ചാംപ്യന്‍മാരാക്കിയ ഗംഭീറില്‍ നിന്ന് അദ്ഭുതങ്ങള്‍ ഡല്‍ഹി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഗംഭീര്‍ വന്നിട്ടും ഡല്‍ഹി ട്രാക്കിലെത്തിയിട്ടില്ലായെന്നാണ് ടീമിന്റെ രണ്ടു മല്‍സരങ്ങളും തെളിയിക്കുന്നത്.

ആദ്യ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് ആറ് വിക്കറ്റിന് തകര്‍ന്നടിഞ്ഞ ഡല്‍ഹി രണ്ടാമങ്കത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിന് തോല്‍വിയേറ്റുവാങ്ങുകയായിരുന്നു, പഞ്ചാബിനെതിരേ ബൗളര്‍മാരും രാജസ്ഥാനെതിരേ ബാറ്റ്‌സ്മാന്‍മാരും ഡല്‍ഹി നിരയില്‍ നിറംമങ്ങി. അതുകൊണ്ട് തന്നെ പോരായ്മകള്‍ പരിഹരിച്ചാല്‍ മാത്രമേ മുംബൈയെ വീഴ്ത്താന്‍ ഡല്‍ഹിക്ക് കഴിയുകയുള്ളൂ.

ടീം

mi

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), എവിന്‍ ലെവിസ്, ഇഷാന്‍ കിഷാന്‍, സൂര്യകുമാര്‍ യാദവ്, ക്രൂനല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ/ബെന്‍ കട്ടിങ്, കിരോണ്‍ പൊള്ളാര്‍ഡ്, മിച്ചെല്‍ മക്ലേഗന്‍,/പ്രദീപ് സാങ് വാന്‍, മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രിത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍.

dd

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), കോളിന്‍ മണ്‍റോ, ശ്രെയാഷ് അയ്യര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, റിഷാഭ് പാന്ത്, ക്രിസ് മോറിസ്, വിജയ് ശങ്കര്‍, രാഹുല്‍ ടെവാട്ടിയ, ശഹ്ബാസ് നദീം, മുഹമ്മദ് ഷമി, ട്രെന്റ് ബോള്‍ട്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 12:16 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍