മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാകാലത്തും താരസമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ ടീമിന് കരുത്തായി വളര്‍ന്നുവന്നിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ പകരമാരെന്ന ചോദ്യത്തിന് വിരാട് കോലി ഉത്തരമായപ്പോള്‍ വീരേന്ദര്‍ സെവാഗിന് പകരക്കാരനായി രോഹിത് ശര്‍മയുമെത്തി. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് വളരെയധികം കൂടിയിട്ടുണ്ടെന്ന് തന്നെ പറയാം.
ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പേരുകളില്‍ പുതിയ മുഖമായി എത്തിയിരിക്കുന്ന താരമാണ് വൈഭവ് സൂര്യവന്‍ഷി. 13കാരനായ താരം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി പ്രകടനം നടത്തി റെക്കോഡിട്ടതോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്. 58 പന്തില്‍ സെഞ്ച്വറി നേടിയാണ് വൈഭവ് എല്ലാവരുടേയും കൈയടി നേടുന്നത്. അണ്ടര്‍ 19 ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറിയാണിത്. 13ാം വയസില്‍ ചരിത്ര നേട്ടത്തിലേക്കെത്തിയ വൈഭവിനെക്കുറിച്ച് എല്ലാം അറിയാം.
ഫസ്റ്റ്ക്ലാസിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ താരം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവന്‍ഷി. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വൈഭവ് 12 വയസും 284 ദിവസവും ഉള്ളപ്പോഴാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. മുംബൈക്കെതിരേ രഞ്ജി ട്രോഫിയിലൂടെയാണ് വൈഭവിന്റെ അരങ്ങേറ്റം. യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെയെല്ലാം റെക്കോഡാണ് വൈഭവ് തകര്‍ത്തത്. സ്ഥിരതയും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ വലിയ ഇതിഹാസമാവാന്‍ വൈഭവിന് സാധിച്ചേക്കും.
വളരെ വേഗം സീനിയര്‍ ലെവലില്‍
13 വയസ് മാത്രമുള്ള വൈഭവ് ജൂനിയര്‍ ലെവലിലാണ് ക്രിക്കറ്റ് കളിക്കേണ്ടത്. എന്നാല്‍ അണ്ടര്‍ 19 കളിച്ച് മിന്നിക്കാന്‍ ഇത്രയും ചെറിയ പ്രായത്തില്‍ വൈഭവിന് സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. ആധുനിക ക്രിക്കറ്റിനൊത്ത ശൈലിയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ യുവതാരത്തിന് സാധിക്കുന്നുണ്ട്. ഹേമന്‍ ട്രോഫി ജില്ലാ ട്രോഫിയില്‍ എട്ട് മത്സരത്തില്‍ നിന്ന് 800 റണ്‍സെടുത്താണ് വൈഭവ് ഞെട്ടിച്ചത്.
ബീഹാറിലെ ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും മിന്നിക്കാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. വിനോ മങ്കാദ് ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 400 റണ്‍സാണ് വൈഭവ് നേടിയത്. അടുത്ത രഞ്ജി ട്രോഫിയിലും താരം കളിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരമാവാന്‍ വൈഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

കഴിവ് തിരിച്ചറിഞ്ഞത് അച്ഛന്‍
വൈഭവിന്റെ കഴിവ് ആദ്യമായി തിരിച്ചറിഞ്ഞതും പിന്തുണച്ചതും വൈഭവിന്റെ അച്ഛനാണ്. നാലാം വയസില്‍ തന്നെ വൈഭവിന്റെ കഴിവ് തിരിച്ചറിയാന്‍ അച്ഛനായി. ഈ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹം നല്‍കിയ പിന്തുണയും പരിശീലനം നടത്താനുള്ള സൗകര്യവുമാണ് യുവതാരത്തിന് ഇത്ര വേഗത്തില്‍ വലിയ കരിയര്‍ നേടിക്കൊടുത്തത്. 'എന്റെ പിതാവ് ഒരു കൃഷിക്കാരനാണ്. എന്റെ ക്രിക്കറ്റിലെ താല്‍പര്യം തിരിച്ചറിഞ്ഞ് ഒരു ചെറിയ ഗ്രൗണ്ട് എനിക്കായി നിര്‍മ്മിച്ച് നല്‍കി.
അവിടെയാണ് ഞാന്‍ പരിശീലനം നടത്തിയത്. എന്റെ അയല്‍ക്കാരായ ചില സുഹൃത്തുക്കളും പരിശീലനത്തിനുണ്ടായിരുന്നു. അവരെ വിളിച്ച് എനിക്ക് പന്തെറിഞ്ഞ് നല്‍കാന്‍ അച്ഛനാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. അവിടെ നിന്ന് തുടങ്ങിയതാണ് ഇന്ന് ഇവിടെ എത്തിയത്. അച്ഛന്‍ തന്നെ ധൈര്യമാണ് ഇതുവരെയുള്ള വളര്‍ച്ചക്ക് ആത്മവിശ്വാസം നല്‍കിയത്' വൈഭവ് പറഞ്ഞു.
അടുത്ത സൂപ്പര്‍ താരമാവുമോ?
അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇതിനോടകം തെളിയിക്കാന്‍ വൈഭവിന് സാധിച്ചിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ ചെറുപ്പത്തിലേ മികവ് കാട്ടി അതിവേഗം സീനിയര്‍ തലത്തിലേക്ക് വളരാന്‍ വൈഭവിനായിട്ടുണ്ട്. എന്നാല്‍ പൃഥ്വി ഷായെപ്പോലെ ചെറുപ്പത്തില്‍ത്തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ കരിയര്‍ നശിപ്പിക്കുന്ന തരത്തിലേക്ക് വൈഭവ് മാറില്ലെന്ന് തന്നെ പ്രത്യാശിക്കാം.