ലോകമെമ്പടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഐപിഎൽ 2026-ന്റെ ആവേശം കൊടുമുടിയിലെത്തി നിൽക്കെ, വരാനിരിക്കുന്ന സീസണിലെ വിജയികളെ പ്രവചിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങൾ രംഗത്തെത്തി. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ് (MI) ഇത്തവണ കിരീടം തിരിച്ചുപിടിക്കുമെന്ന് മുൻ നായകൻ മൈക്കൽ വോൺ പ്രവചിച്ചപ്പോൾ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) കിരീടം നിലനിർത്തുമെന്നാണ് സർ അലസ്റ്റർ കുക്കിന്റെ പക്ഷം. 'ദി ഓവർലാപ്പ് ക്രിക്കറ്റ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ തങ്ങളുടെ ഫേവറിറ്റുകളെ പ്രഖ്യാപിച്ചത്.
IPL 2026: രോഹിത് ശർമ്മ ഇനി വെറുമൊരു ഇംപാക്ട് പ്ലെയറല്ല; അശ്വിന്റെ പ്രവചനം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം
വോണിന്റെ 'മുംബൈ മന്ത്രം'; കുക്കിന്റെ 'ഫ്ലവർ ആർമി'!
മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡ് കരുത്തിനെ വാനോളം പുകഴ്ത്തിയാണ് വോൺ സംസാരിച്ചത്. "ഞാൻ ആദ്യമേ ഒരു പേര് പറയാം, ഇത്തവണ മുംബൈ ഇന്ത്യൻസ് തന്നെയായിരിക്കും ചാമ്പ്യന്മാർ. അവരുടെ ടീം അവിശ്വസനീയമാണ്," വോൺ വ്യക്തമാക്കി. എന്നാൽ ആൻഡി ഫ്ലവറിന്റെ പരിശീലനത്തിന് കീഴിൽ ആർസിബി തുടർച്ചയായ രണ്ടാം തവണയും കിരീടം ഉയർത്തുമെന്നാണ് അലസ്റ്റർ കുക്ക് വിശ്വസിക്കുന്നത്. വെങ്കിടേഷ് അയ്യർ, മങ്കേഷ് യാദവ്, ജേക്കബ് ഡഫി തുടങ്ങിയ വമ്പൻ താരങ്ങളെ ലേലത്തിലൂടെ ടീമിലെത്തിച്ചത് ആർസിബിയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ആർസിബിയുടെ കിരീട സ്വപ്നങ്ങൾക്ക് ചിറക് നൽകിയ നായകൻ രജത് പട്ടീധാർ, സ്റ്റാർ പ്ലെയർ വിരാട് കോഹ്‍ലി, ജിതേഷ് ശർമ്മ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ആർസിബിക്ക് അവകാശപ്പെടാനുണ്ട്.

സിഎസ്കെയ്ക്ക് കൈകൊടുത്ത് ഫിൽ ടഫ്നലും ഡേവിഡ് ലോയിഡും!
മുംബൈയും ആർസിബിയും ചർച്ചകളിൽ നിറയുമ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിനെ (CSK) എഴുതിത്തള്ളാൻ ഫിൽ ടഫ്നലും ഡേവിഡ് ലോയിഡും തയ്യാറല്ല. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലെത്തിയതോടെ സിഎസ്കെയുടെ ബാറ്റിംഗ് നിര കൂടുതൽ സുരക്ഷിതമായെന്നും അനുഭവസമ്പത്തുള്ള ചെന്നൈ ഇത്തവണ അത്ഭുതങ്ങൾ കാണിക്കുമെന്നും ഇരുവരും പ്രവചിക്കുന്നു. മാർച്ച് 28-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണ് തുടക്കമാകുന്നത്.
IPL 2026: ഭാവി സുരക്ഷിതമാക്കണമെങ്കിൽ അവനെ നായകനാക്കണം; കെകെആറിന് കൈഫിന്റെ വക ക്യാപ്റ്റൻസി ക്ലാസ്
രണ്ടാം ദിവസം വാംഖഡെയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈയുടെ പോരാട്ടം തുടങ്ങുന്നത്. സഞ്ജു സാംസൺ തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിൽ വെച്ച് ആദ്യ മത്സരത്തിന് ഇറങ്ങുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. പുതിയ നായകൻ റിയാൻ പരാഗിനൊപ്പം ജയ്സ്വാളും വൈഭവ് സൂര്യവൻശിയും ഷിംറോൺ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ ആരും ഭയക്കേണ്ട ടീമായി രാജസ്ഥാൻ മാറുന്നുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ മൂന്ന് വമ്പൻ ടീമുകൾക്കിടയിലാണ് ഇത്തവണ പ്രധാന പോരാട്ടമെന്ന് സാരം. വോണും കുക്കും ടഫ്നലും ലോയിഡും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുമ്പോൾ, മൈതാനത്ത് ആര് കിരീടമുയർത്തുമെന്നത് കാത്തിരുന്ന് കാണാം.