ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ നേടിരുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസയുമായി ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോലിക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ ടൂര്‍ണമെന്റിനായി യുഎഇയില്‍ എത്തിയിരിക്കുന്നത്. ഏഷ്യാകപ്പ് ഇന്ത്യയെ സംബന്ധിച്ച് സൂപ്പര്‍ സീരീസാകട്ടെയെന്നാണ് കോലിയുടെ ആശംസ.
കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ ടീമിന്റെ വിജയങ്ങള്‍ക്ക് പ്രധാന ഘടനം വിരാട് കോലിയുടെ പ്രകടനമായിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ താരത്തിന്റെ അഭാവം ടീമിനെ ബാധിച്ചേക്കുമെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെങ്കിലും രണ്ടാം മത്സത്തില്‍ പാക്കിസ്ഥാനെ നേരിടുന്ന ടീമിന് വിരാട് കോലിയുടെ അസാന്നിധ്യം തിരിച്ചടിയായേക്കും.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോങ്ങിന് രണ്ടാം മത്സരത്തിലും തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. ഹോങ്കോങ്ങിന് ഇന്ത്യയ്‌ക്കെതിരെ നേരിയ അട്ടിമറി സാധ്യതപോലുമില്ലാത്തതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളായിരിക്കും ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. നേരത്തെ രണ്ടു മത്സരങ്ങളിലും തോറ്റ ശ്രീലങ്ക പുറത്തായിരുന്നു.
വിരാട് കോലി ഇല്ലെങ്കിലും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിലുള്ളത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. കൂടാതെ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ് തുടങ്ങിയ ബാറ്റ്‌സ്മാന്മാരും നന്നായി കളിച്ചാല്‍ ഇന്ത്യയ്ക്ക് കപ്പുമായി മടങ്ങാം. വസിം അക്രം, സഞ്ജയ് മഞ്ജരേക്കര്‍, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുമ്പോള്‍ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഇന്ത്യയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ