കോലിക്കെതിരേ വന്‍ ലോബിയെന്ന് അക്തര്‍! ടി20 ലോകകപ്പില്‍ വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോലി മാറിയതിനെക്കുറിച്ചും വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ചും അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തര്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമാണ് ഈ ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സി ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത്.

Shoaib Akhtar claims Indian cricketer was 'forced' to leave captaincy | Oneindia Malayalam

പക്ഷെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ നായകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്നു നീക്കിയതോടെ സ്ഥിതി വഷളായി. അടുത്തിടെ സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി അദ്ദേഹം ഒഴിയുകയും ചെയ്തിരുന്നു.

വിരാട് കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞതല്ലെന്നും മറിച്ച് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ഷുഐബ് അക്തര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സമയത്തു ഞാന്‍ ദുബായിലുണ്ടായിരുന്നു. ഇന്ത്യക്കു കിരീടം നേടാനായില്ലെങ്കില്‍ വിരാടിനെ സംബന്ധിച്ച് അതു വലിയ പ്രശ്‌നമാവുമെന്നു അറിയാമായിരുന്നു, അതു തന്നെ സംഭവിക്കുകയും ചെയ്തു. വിരാടിനെതിരേ വലിയൊരു ലോബി തന്നെയുണ്ട്, ഒരുപാട് പേര്‍ അദ്ദേഹത്തിന് എതിരാണ്. ഈ കാരണത്താലാണ് വിരാട് ക്യാപ്റ്റന്‍സി രാജി വച്ചതെന്നും അക്തര്‍ നിരീക്ഷിച്ചു.

ക്രിക്കറ്റില്‍ താരപദവിയില്‍ നില്‍ക്കുന്ന ഏതൊരു കളിക്കാരനും ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ കരിയറില്‍ നേരിടേണ്ടിവരും. പക്ഷെ അതിന്റെ പേരില്‍ ഭയപ്പെടേണ്ട കാര്യമില്ല. അനുഷ്‌ക ശര്‍മ (വിരാടിന്റെ ഭാര്യ) വളരെ നല്ല സ്ത്രീയാണ്, വിരാടും നല്ലൊരു വ്യക്തിയാണ്. ഒന്നിനെയും ഭയക്കാതെ വിരാട് ധൈര്യശാലിയായി ഇരിക്കുകയാണ് വേണ്ടത്. രാജ്യം മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ഇപ്പോഴത്തേത് വിരാടിനെ സംബന്ധിച്ചു പരീക്ഷണ കാലമാണ്. ഇതില്‍ നിന്നെല്ലാംഅദ്ദേഹം ശക്തമായി തിരിച്ചുവരണമെന്നും അക്തര്‍ ഉപദേശിച്ചു.

അടുത്ത അഞ്ച്- ആറു മാസങ്ങളില്‍ ബാറ്റിങില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞാല്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത് വിരാട് കോലിക്കു വളരെയധികം സന്തോഷം നല്‍കും. സ്വയം അദ്ദേഹം ഇക്കാര്യം തന്നോടു തന്നെ പറയുകയും ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 120 സെഞ്ച്വറികള്‍ വരെ നേടാന്‍ വിരാടിനു സാധിക്കുമെന്നും അക്തര്‍ വ്യക്തമാക്കി.

ഇരുമ്പ് കൊണ്ടാണോ, ഉരുക്ക് കൊണ്ടാണോ താന്‍ ഉണ്ടാക്കിയതെന്നു അദ്ദേഹം തെളിയിക്കേണ്ട സമയമാണിത്. ഒരുപാട് കാര്യങ്ങള്‍ക്കു ശ്രമിക്കരുത്, ഗ്രൗണ്ടിലെത്തി നന്നായി പെര്‍ഫോം ചെയ്യാന്‍ മാത്രം ശ്രമിക്കുക. ലോകത്തിലെ മറ്റാരേക്കാളും നേട്ടങ്ങള്‍ കൈവരിച്ച മഹാനായ ബാറ്ററാണ് വിരാട്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുക മാത്രമാണ് വിരാട് ചെയ്യേണ്ടതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലി ബോട്ടം ഹാന്റ് കൊണ്ട് ഒരുപാട് ഷോട്ടുകള്‍ കളിക്കുന്ന ബാറ്ററാണ്. ഫോമൗട്ടാവുമ്പോള്‍ ഈ തരത്തില്‍ ബോട്ടം ഹാന്റ് കൊണ്ടു കളിക്കുന്നവരാണ് കൂടുതല്‍ കുഴപ്പത്തിലാവാറുള്ളതെന്നു ഞാന്‍ കരുതുന്നു. ഇതില്‍ നിന്നും വിരാടിനു പുറത്തു കടക്കേണ്ടതുണ്ട്. ആര്‍ക്കെതിരേയും ദേഷ്യം മനസ്സില്‍ വയ്‌ക്കേണ്ടതില്ല. എല്ലാവരോടും ക്ഷമിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ഉപദേശിച്ചു. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ കാര്യത്തില്‍ ബിസിസിഐ വളരെ ഉചിതമായ തീരുമാനം തന്നെയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും സൂപ്പര്‍ 12ല്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇരുവരും തമ്മിലാണ് ആദ്യ മല്‍സരമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ തനിയാവര്‍ത്തനം കൂടിയാണിത്. അന്നു പാക് പട പത്തു വിക്കറ്റിനു ഇന്ത്യയെ കശാപ്പ് ചെയ്തിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ അവരുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

വരാനിരിക്കുന്ന ലോകകപ്പില്‍ മെല്‍ബണില്‍ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം. ഇത്തവണയും ഇന്ത്യയെ പാകിസ്താന്‍ പരാജയപ്പെടുത്തുമെന്നു അക്തര്‍ പ്രവചിച്ചു. മെല്‍ബണില്‍ വച്ച് വീണ്ടും ഇന്ത്യയെ ഞങ്ങള്‍ തറപറ്റിക്കും. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയേക്കാള്‍ മികച്ച ടീം പാകിസ്താനാണ്. ക്രിക്കറ്റില്‍ എപ്പോഴെല്ലാം ഇന്ത്യ- പാക് പോരാട്ടം വന്നാലും ഇന്ത്യന്‍ മാധ്യമങ്ങളാണ് അവരുടെ ടീമിനു മേല്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത്. ഇന്ത്യ തോല്‍ക്കുന്നത് വളരെ സാധാരണമായ കാര്യമാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 23, 2022, 11:16 [IST]
Other articles published on Jan 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X