ചെപ്പോക്ക് : എന്തൊരു ബാറ്റിംഗായിരുന്നു അത്!! ഏകദിനമാണോ എന്ന് സംശയിച്ചവര്‍ കണ്ണു തിരുമ്മി രാഹുല്‍ ദ്രാവിഡിന്റെ സ്കോര്‍ കാര്‍ഡ് നോക്കി. ഉണ്ട്. പന്തും റണ്ണുമായി ഏതാണ്ട് നൂറിന്റെ വ്യത്യാസം നിലനിര്‍ത്തി തന്നെ പോകുന്നുണ്ട്. ഇപ്പുറത്തോ?
ഒരു കൂസലുമില്ലാതെ സെവാഗ് തകര്‍ക്കുകയാണ്. നൂറില്‍ നിന്ന് നൂറ്റന്‍പതിലേയ്ക്ക്. അവിടെ നിന്ന് ഇരുനൂറിലേയ്ക്ക്, പിന്നെ ഇരുനൂറ്റി അന്‍പതിലേയ്ക്ക്. പിന്നെ മുന്നൂറിലേയ്ക്ക്. ഇരുനൂറിലും മുന്നൂറിലും എത്തുന്നത് വിളിച്ചറിയിക്കാന്‍ സ്റ്റൈലന്‍ സിക്സറുകളും.
ചെപ്പോക്ക് സ്റ്റേഡിയം സേവാഗ് അടക്കി വാഴുകയായിരുന്നു. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആകെ നേടിയത് 468 റണ്‍സ്. അതില്‍ 309 ഉം ഒഴുകിയത് സെവാഗിന്റെ ബാറ്റില്‍ നിന്ന്. ബാക്കി രണ്ടു പേരും എക്സ്ട്രായും ചേര്‍ന്ന് നേടിയത് 159 റണ്‍സ്.
സാക്ഷാല്‍ ബ്രാഡ്‍മാനും ലാറയ്ക്കും ശേഷം രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന മൂന്നാം കളിക്കാരനാണ് വീരേന്ദ്ര സെവാഗ്. ഇതിനു മുമ്പ് പാകിസ്താനെതിരെ മുള്‍ട്ടാനിലാണ് സെവാഗ് തന്റെ ആദ്യ ട്രിപ്പിള്‍ നേടിയത്. സച്ചിനും ദ്രാവിഡിനും ഗാംഗൂലിക്കും ഇതുവരെ കഴിയാത്ത നേട്ടം. സാക്ഷാല്‍ ഗവാസ്കറിനു പോലും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടം.
106 ഓവറില്‍ നിന്നാണ് ഇന്ത്യ 468 റണ്‍സ് അടിച്ചു കൂട്ടിയത്. 4.42 എന്ന ശരാശരിയില്‍ ഇന്ത്യയുടെ സ്കോര്‍ പറന്നു. 166 പന്തു നേരിട്ടാണ് ജാഫര്‍ 73 റണ്‍സെടുത്തത്. 181 പന്തുകള്‍ വേണ്ടി വന്നു ദ്രാവിഡിന് 65 റണ്‍സ് തികയ്ക്കാന്‍. ഇരുവരും ചെലവിട്ടത് 347 പന്തുകള്‍. നേടിയത് 138 റണ്‍സ്. ആകെ നേടിയ ബൗണ്ടറികള്‍ 14. സിക്സര്‍ ഒന്ന്.
ഈ താരതമ്യത്തിലാണ് സെവാഗിന്റെ ചങ്കൂറ്റം നാം അറിയുന്നത്. സെവാഗ് ആകെ നേരിട്ടത് 292 പന്തുകള്‍. നേടിയത് 309 റണ്‍സ്. 42 ബൗണ്ടറികള്‍, എണ്ണം പറഞ്ഞ അഞ്ച് സിക്സര്‍.
ജാഫറും ദ്രാവിഡും മനസു വെച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ കുടിശിക ഇന്നു തന്നെ തീര്‍ത്തേനെ. ദ്രാവിഡ് 36ലും ജാഫര്‍ 44ലും ഇഴഞ്ഞപ്പോള്‍ സെവാഗ് പറന്നത് 106 എന്ന സ്ട്രൈക്ക് റേറ്റില്‍.
ഈ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വപ്നം കാണുന്നുണ്ടോ എന്ന് ടീമിലെ ചിന്താകേന്ദ്രങ്ങള്‍ക്കേ അറിയൂ. മുന്‍ ക്യാപ്റ്റന്‍ വന്ന് ഇന്നിംഗ്സ് വലിച്ചിഴയ്ക്കുന്നത് കണ്ടിരുന്ന കളിപ്രേമികള്‍ ചിന്തിക്കുന്നത് മറിച്ചല്ല. എതിരാളിയെ അവന്റെ മടയില്‍ ചെന്ന് ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച സെവാഗിന് മികച്ചൊരു പിന്തുണ കിട്ടിയിരുന്നെങ്കില്‍?
ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. കാരണം കളിക്കുന്നത് വേറെ ആള്‍ക്കാരാണല്ലോ!!!
സ്കോര്‍ ബോര്‍ഡ്
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()