ബാംഗ്ലൂര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും തിളങ്ങുന്ന ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏകദിന ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കളിക്കാരനും ടെസ്റ്റ് ടീമില്‍ സ്ഥാനം നല്‍കിയിട്ടില്ല. ത്രിരാഷ്ട്ര കപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. മോശം ഫോമില്‍ കളിക്കുന്ന വസീം ജാഫറിനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു.
ത്രിരാഷ്ട്ര കപ്പിലൂടെ ശ്രദ്ധേയനായ ഇഷാന്ത് ശര്‍മ, ത്രിരാഷ്ട്ര കപ്പിലെ മറ്റൊരു കണ്ടെത്തലായ പ്രവീണ്‍കുമാര്‍ എന്നീ പേസ് ബൗളര്‍മാര്‍ക്ക് ടെസ്റ്റ് ടീമിലേക്ക് പരിഗണന ലഭിച്ചില്ല. ഇര്‍ഫാന്‍ പഠാന്‍, ശ്രീശാന്ത്, ആര്‍.പി.സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍മാര്‍.
യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ശാരീരികക്ഷമത തെളിയിച്ചിട്ടുണ്ട്. അതേ സമയം വൈസ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് മാര്‍ച്ച് 26നാണ് ശാരീരികക്ഷമത തെളിയിക്കാനുള്ള ടെസ്റ്റ്. ധോണി ശാരീരികക്ഷമത തെളിയിച്ചില്ലെങ്കില്‍ ദിനേശ് കാര്‍ത്തികിനെ പരിഗണിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()