രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരെ നവംബര്‍ ഒമ്പത് ബുധനാഴ്ച നടക്കുന്ന ആറാം ഏകദിന മത്സരത്തില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് ഇന്ത്യ വിശ്രമം നല്‍കി. ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയെ വീരേന്ദര്‍ സെവാഗ് നയിക്കും.
മലയാളിയായ ഫാസ്റ് ബൗളര്‍ ശ്രീശാന്തും ചൊവ്വാഴ്ചത്തെ മത്സരത്തില്‍ കളിക്കില്ല. അതേ സമയം അഞ്ചാം ഏകദിനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍സിംഗ് എന്നിവര്‍ ബുധനാഴ്ച കളിക്കുന്നുണ്ട്. മൂവര്‍ക്കും വിശ്രമം നല്‍കി പുതുനിരക്കാരെ പരീക്ഷിച്ച കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ ടീമില്‍ ഇല്ലാതിരുന്ന മുഹമ്മദ് കെയ്ഫും തിരിച്ചെത്തുന്നുണ്ട്.
പരിക്കിനെ തുടര്‍ന്ന് വിക്രം രാജ്വിര്‍ സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി. ഏതാനും ആഴ്ചകളുടെ വിശ്രമം സിംഗിന് ആവശ്യമാണെന്നാണ് ടീം ഫിസിയോയുടെ നിര്‍ദേശം.
ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാനുള്ള സെവാഗിന്റെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് കോച്ച് ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. അഹമ്മദാബാദിലെ ഏകദിനനത്തില്‍ ദ്രാവിഡ് പുറത്തിരുന്നപ്പോള്‍ സെവാഗ് നേതൃത്വം ഭംഗിയായി നിര്‍വഹിച്ചിരുന്നുവെന്ന് ചാപ്പല്‍ ചൂണ്ടിക്കാട്ടി.
അഞ്ചാം ഏകദിനത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മാര്‍വന്‍ അട്ടപ്പട്ടു പറഞ്ഞു.