ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര: ശിഖര്‍ ധവാന്റെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടി

Posted By:

ചെന്നൈ: ശിഖര്‍ ധവാന്റെ പിന്മാറ്റം ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ ഓസീസിനെതിരായ പരമ്പരയില്‍ നിര്‍ണായകമാകുമെന്ന് കരുതുമ്പോഴാണ് ആദ്യ മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്നും താരം അവധിയെടുത്തത്. ഭാര്യയ്ക്ക് അസുഖമായതിനാലാണ് ധവാന്റെ പിന്മാറ്റം.

ശിഖര്‍ ധവാന്‍ കളിക്കുന്നില്ലെന്നത് തങ്ങള്‍ക്ക് ടീമിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഷ്ടന്‍ അഗര്‍ പറഞ്ഞു. ശിഖര്‍ ധവാന്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പ്രധാന ഇടതു ബാറ്റ്‌സ്മാന്‍ ആയി കളിക്കുന്നത്. ഇടത് വലത് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനുള്ള ഇന്ത്യയുടെ സാധ്യതകളാണ് ഇതോടെ അവസാനിച്ചത്. സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ശേഷിക്കുന്ന മറ്റൊരു ഇടതു ബാറ്റ്‌സ്മാന്‍.

dhawan

ഏതു ടീമിലും ഇടതു വലതുസഖ്യം ഇല്ലാത്തത് എതിര്‍ ടീമിന് ഗുണം ചെയ്യുമെന്ന അഗര്‍ പറഞ്ഞു. പന്ത് വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കുമ്പോള്‍ ഇടംകൈയ്യന്‍മാരാണ് രക്ഷകരാവുക. ഇടയ്ക്കിടെയുള്ള ഫീല്‍ഡിങ് വിന്യാസവും ഇടതു വലതു കൂട്ട്‌കെട്ട് എതിരാളികളെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ടുതന്നെ ശിഖര്‍ ധവാന്റെ അസാന്നിധ്യം ഓസീസിന് മേല്‍ക്കൈ നല്‍കുമെന്നും അഗര്‍ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച ബാറ്റ്‌സ്മാന്‍ ആണ് ശിഖര്‍ ധവാന്‍. ധവാന് പകരക്കാരനെ ഇന്ത്യ ടീമിലെടുത്തിട്ടില്ല. യുവരാജ് സിങ്ങിനോ സുരേഷ് റെയ്‌നയ്‌ക്കോ പകരം അവസരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സെലക്ടര്‍മാര്‍ ഇക്കാര്യം പരിഗണിക്കില്ലെന്നാണ് സൂചന.

Story first published: Saturday, September 16, 2017, 7:24 [IST]
Other articles published on Sep 16, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍