സച്ചിന്റെ കഥ കഴിക്കും!! എനിക്ക് കഴിഞ്ഞില്ലെങ്കില്‍ ആളെ ഏല്‍പ്പിക്കും; ഗവാസ്‌കറുടെ ഭീഷണിക്ക് കാരണം?
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട രണ്ടു പേരുകളാണ് മുന്‍ ബാറ്റിങ് ചക്രവര്‍ത്തികളായ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടേത്. ഇന്ത്യക്കു മാത്രമല്ല, ലോക ക്രിക്കറ്റിനും അത്ര മാത്രം സംഭാവനകള്‍ നല്‍കിയ പകരം വയ്ക്കാനില്ലാത്ത രണ്ടു വിസ്മയങ്ങളാണ് ഇരുവരും.
ലിസ്റ്റില്‍ മാസ്റ്ററെന്ന വിളിപ്പേരുമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ബാറ്ററായിരുന്നു ഗവാസ്‌കര്‍. കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് ടെക്‌നിക്കും അസാധാരണ മനക്കരുത്തും കൊണ്ട് അദ്ദേഹം എല്ലായിടത്തും റണ്‍സ് വാരിക്കൂട്ടി. ക്രിക്കറ്റെന്ന ഗെയിമില്‍ ഇന്ത്യയെ വലിയ ഉയരങ്ങളിലേക്കു നയിക്കുന്നതില്‍ ഗവാസ്‌കര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന വമ്പന്‍ നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ ഇന്ത്യന്‍ ബാറ്ററും കൂടിയാണ് അദ്ദേഹം. പിന്നീട് ഗവാസ്‌കറുടെ പിന്‍ഗാമിയായി എത്തി അദ്ദേഹത്തേക്കാള്‍ ഉയരങ്ങള്‍ കീഴടക്കിയാണ് ക്രിക്കറ്റിലെ ദൈവമായി സച്ചിന്‍ മാറുന്നത്.
ക്രിക്കറ്ററെന്ന നിലയില്‍ സച്ചിന്റെ വളര്‍ച്ച വളരെ തുടക്കം മുതല്‍ വളരെ അടുത്തു നിന്നു കണ്ടിട്ടുള്ള വ്യക്തിയാണ് ഗവാസ്‌കര്‍. തുടക്കകാലത്ത് സച്ചിനു വലിയൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. കരിയറില്‍ താന്‍ നല്‍കിയ ചാലഞ്ച് മറികടന്നില്ലെങ്കില്‍ കഥ കഴിക്കുമെന്നായിരുന്നു തമാശരൂപേണയുള്ള ഗവാസ്‌കറുടെ ഭീഷണി. എന്തായിരുന്നു സംഭവമെന്നറിയാം.
സച്ചിനെ 'തീര്‍ക്കും'!!
കരിയറിന്റെ തുടക്കകാലത്തായിരുന്നു സുനില്‍ ഗവാസ്‌കറിനൊപ്പം ഒരു അഭിമുഖത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുത്തത്. ഇന്ത്യന്‍ ടീമിനായി സച്ചിന്‍ അപ്പോള്‍ വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ.
എങ്കിലും തന്റെ അസാധാരണ പ്രതിഭ കൊണ്ട് അന്നു ഗവാസ്‌കറുള്‍പ്പെടെ മുന്‍ താരങ്ങളുടെയും ക്രിക്കറ്റ് പണ്ഡിതരുടയുമെല്ലാം ഇഷ്ടം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായിരുന്നു.
'ക്രിക്കറ്റ് കരിയറിന്റെ അവസാനത്തില്‍ സച്ചിന്‍ കുറഞ്ഞത് 15,000 റണ്‍സും 40 ടെസ്റ്റ് സെഞ്ച്വറികളും നേടിയില്ലെങ്കില്‍ ഞാന്‍ നേരിട്ടു പോയി കഴുത്തു ഞെരിച്ച് കൊല്ലും.
20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്റെ കൈകള്‍ക്കു അത് ശക്തിയുണ്ടായേക്കില്ല. അതുകൊണ്ട് സച്ചിന്‍ രക്ഷപ്പെട്ടേക്കാം. പക്ഷെ ആ ദൗത്യം നിര്‍വഹിക്കാന്‍ ആരെയെങ്കിലും നിയോഗിക്കാമെന്ന് ഞാന്‍ കരുതുന്നു. അത്രയുമധികം കഴിവ് സച്ചിനുണ്ട്.
സച്ചിന്‍, നീയെന്നെ നിരാശപ്പെടുത്തില്ലെന്നു കരുതുന്നു,ഇന്ത്യന്‍ ക്രിക്കറ്റിനെയും നിരാശപ്പെടുത്തില്ലെന്നാണ് വിശ്വാസം'- ഇങ്ങനെയായിരുന്നു സച്ചിനെ മുന്നില്‍ ഇരുത്തി ഗവാസ്‌കറുടെ വാക്കുകള്‍. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കാം എന്നായിരുന്നു ഇതു കേട്ട് ചിരിച്ച സച്ചിന്റെ മറുപടി.
സച്ചിന്റെ കരിയര്‍
സുനില്‍ ഗവാസ്‌കറുടെ അന്നത്തെ 'ഭീഷണി' വെറുതെയായില്ല. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തെ നേട്ടങ്ങള്‍ കൈവരിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഉജ്ജ്വല കരിയറിനു തിരശീലയിട്ടത്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും വരുതിയിലാക്കിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഗെയിമില്‍ നിന്നും പടിയിറങ്ങിയത്.

51 ടെസ്റ്റ് സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സച്ചിനായിരുന്നു. 15,921 റണ്‍സും അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ വാരിക്കൂട്ടി. ടെസ്റ്റില്‍ മാത്രമല്ല്, ഏകദിനത്തിലും അവിശ്വസനീയ പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. 49 സെഞ്ച്വറികളടക്കം 18,426 റണ്‍സാണ് അദ്ദേഹം അക്കൗണ്ടിലേക്കു ചേര്‍ത്തത്.
ഈ സെഞ്ച്വറി റെക്കോര്‍ഡ് പിന്നീട് വിരാട് കോലി പഴങ്കഥയാക്കിയെങ്കിലും ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ്. ഇനി അതു ആരെങ്കിലും തിരുത്തുമോയെന്നതും സംശയമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications