പന്തുകള്‍ തട്ടിയും മുട്ടിയും സമയം കളയരുത്; ധോണിക്ക് സെവാഗ് നല്‍കിയ ഉപദേശം

Posted By:

ദില്ലി: ടി20 ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമാകുന്നതിന് മുന്‍പുതന്നെ ഏകദിന ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ട താരമാണ് ഇന്ത്യയുടെ വിരേന്ദര്‍ സെവാഗ്. പന്തുകള്‍ തട്ടിയും മുട്ടിയും കളയാനുള്ളതല്ലെന്നും എല്ലാ പന്തുകളും അതിര്‍ത്തിവര കടക്കേണ്ടതാണെന്നുമാണ് സെവാഗിന്റെ നിലപാട്. കളിക്കളത്തില്‍ അത് തെളയിക്കുകയും ചെയ്തു ഈ ഇന്ത്യന്‍താരം.

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ എംഎസ് ധോണി ബാറ്റിങ്ങില്‍ താളം നഷ്ടപ്പെട്ട് ഉഴലുമ്പോള്‍ സെവാഗിന് നല്‍കാനുള്ളത് അതേ ഉപദേശമാണ്. തട്ടിയും മുട്ടിയും പന്തുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ പന്തുമുതല്‍ ബൗണ്ടറി കണ്ടെത്തണമെന്ന് സെവാഗ് ധോണിയെ ഉപദേശിച്ചു.

dhoni

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിന് പരക്കെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സെവാഗിന്റെ ഇടപെടല്‍. 37 പന്തില്‍ 49 റണ്‍സ് നേടിയ ധോണി ഇന്ത്യയുടെ ജയസാധ്യതകളെ ഇല്ലാതാക്കിയിരുന്നു. ഇതോടെ ധോണി ടി20യില്‍ നിന്നും വിരമിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

ടീമില്‍ തന്റെ റോള്‍ എന്താണെന്ന് ധോണി തിരിച്ചറിയണമെന്ന് സെവാഗ് പറയുന്നു. ഉയര്‍ന്ന സ്‌കോര്‍ പിന്തുടരുമ്പോള്‍ ധോണിയില്‍ വിശ്വാസം അര്‍പ്പിച്ച് നേരത്തെ ബാറ്റിങ്ങിനയക്കുന്നത് ഗുണം ചെയ്യും. ആദ്യ പന്തുമുതല്‍ ആക്രമിച്ച് കളിക്കാനാണ് ധോണി ശ്രമിക്കേണ്ടത്. ധോണിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം അത്യാവശ്യമാണെന്നും അത് ഒരു യുവതാരത്തിനും ഭീഷണിയല്ലെന്നും സെവാഗ് പറഞ്ഞു. അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ ധോണി ടി20യില്‍ നിന്നും മാറിനില്‍ക്കണമെന്ന് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

Story first published: Wednesday, November 8, 2017, 9:06 [IST]
Other articles published on Nov 8, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍