
കാലഘട്ടം ഒരുപോലെയെല്ല
സച്ചിന്‍ കളിച്ചിരുന്ന കാലഘട്ടവും ഇപ്പോള്‍ പൃഥ്വി കളിക്കുന്ന കാലഘട്ടവും തികച്ചും വ്യത്യസ്തമാണെന്നു കാണാം. മാഞ്ചസ്റ്ററില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇംഗ്ലണ്ടിനെതിരേയാണ് സച്ചിന്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. എന്നാല്‍ ദുര്‍ബലമായ ബൗളിങ് നിരയുള്ള വിന്‍ഡീസിനെതിരേ സ്വന്തം നാട്ടിലാണ് പൃഥ്വിയുടെ സെഞ്ച്വറി നേട്ടം.
ഇതു മാത്രമല്ല ലോക ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ബൗളര്‍മാര്‍ അരങ്ങുവാണ കാലത്താണ് സച്ചിന്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്തിട്ടുള്ളത്. ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, മുത്തയ്യ മുരളീധരന്‍ തുടങ്ങി ഒരുപിടി ഇതിഹാസങ്ങള്‍ സച്ചിന്റെ കാലത്ത് മല്‍സരരംഗത്തുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ബൗളര്‍മാരുടെ കുത്തക തകര്‍ത്ത് ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം നേടിക്കഴിഞ്ഞു. കൂടാതെ സച്ചിന്റെ കാലഘട്ടത്തിലേതു പോലെയുള്ള ഇതിഹാസ ബൗളര്‍മാരൊന്നും ഇപ്പോള്‍ മല്‍സരരംഗത്തുമില്ല.

വ്യത്യസ്ത ശൈലി
രണ്ടു പേരും മുംബൈക്കാരും സ്‌കൂള്‍ ക്രിക്കറ്റിലൂടെ ആദ്യ ബ്രേക്ക്ത്രൂ നേടിയവരുമാണ്. എന്നാല്‍ ഇരുവരുടെയും ബാറ്റിങ് ശൈലിയില്‍ വ്യത്യാസമുണ്ട്. സച്ചിന്‍ അറ്റാക്ക് ചെയ്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമായിരുന്നില്ല (ചുരുക്കം ചില ഇന്നിങ്‌സുകളില്‍ ഇത് തെറ്റിച്ചിട്ടുണ്ട്). ക്രീസില്‍ നിലയുറപ്പിച്ച ശേഷം ഷോട്ടുകള്‍ കളിക്കുകയെന്നതാണ് സച്ചിന്റെ രീതി. കൂടുതലും മോശം പന്തുകളിലാണ് അദ്ദേഹം റണ്‍സ് നേടിയിട്ടുള്ളത്.
എന്നാല്‍ പൃഥ്വി ഇതുപോലെയല്ല. മുന്‍ ഓപ്പണറും വെടിക്കെട്ട് താരവുമായ വീരേന്ദര്‍ സെവാഗുമായാണ് താരത്തിന്റെ ശൈലിക്കു സാമ്യമുള്ളത്. ആദ്യ പന്ത് മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കാന്‍ ഇഷ്ടപ്പെടുന്ന പൃഥ്വി ഏതു പന്തിലും ഷോട്ട് നേടാനാണ് ശ്രമിക്കാറുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി ഹൈദരാബാബാദിനെതിരേ 36 പന്തില്‍ 63 റണ്‍സെടുത്ത പ്രകടനം ഇത് അടിവരയിടുന്നു.

ബാറ്റിങ് പൊസിഷന്‍
ബാറ്റിങ് പൊസിഷനിലും സച്ചിനും പൃഥ്വിയും തമ്മില്‍ വ്യത്യാസമുണ്ട്. ഏതു ഫോര്‍മാറ്റിലും ഓപ്പണറായി കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വി. വിന്‍ഡീസിനെതിരേയും താരം ഓപ്പണറായാണ് അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റില്‍ സച്ചിന്റെ ഫേവറിറ്റ് പൊസിഷന്‍ ഇതല്ല. നാലാം നമ്പറില്‍ ഇറങ്ങിയാണ് സച്ചിന്‍ ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുള്ളത്. കരിയറിലെ 329 ഇന്നിങ്‌സുകളില്‍ 275ലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നാലാമനായാണ് ക്രീസിലെത്തിയത്.
കരിയറില്‍ ഇതുവരെ ഓപ്പണറായി മാത്രം ഇറങ്ങിയിട്ടുള്ള പൃഥ്വിക്കു മറ്റു പൊസിഷനുകളില്‍ കളിക്കാനാവുമോയെന്ന് ഇനി കാലം തെളിയിക്കും.

ഇത്ര നേരത്തേ താരതമ്യം വേണോ?
ആദ്യ മൂന്നു കാര്യങ്ങളേക്കാള്‍ പ്രധാനം ഇത്ര നേരത്തേ പൃഥ്വിയെ സച്ചിനുമായി താരതമ്യം ചെയ്യണോയെന്ന ചോദ്യമാണ്. വെറും 14 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ മാത്രം കളിച്ച പൃഥ്വി ഒരേയൊരു ടെസ്റ്റിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. മികച്ച താരമെന്നു തെളിയിക്കാന്‍ താരത്തിനു ഇനിയുമേറെ ദൂരം പോവാനുണ്ട്. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി പൃഥ്വി ഇതുവരെ അരങ്ങേറിയിട്ടുമില്ല.
സ്ഥിരതയും ഫിറ്റ്‌നസും നിലനിര്‍ത്തുകയെന്നതാവും പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരു പക്ഷെ ഭാവിയില്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് അരികില്‍ എത്തിയാലും അദ്ദേഹത്തെ സച്ചിനെന്നല്ല മറിച്ച് പൃഥ്വി ഷായെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.