ഐപിഎല്‍: 66 പന്തില്‍ 175*, ഗെയ്‌ലിന്റെ റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകരും... ഇവര്‍ക്ക് അതിനാവും

Written By:

ദില്ലി: ഐപിഎല്ലിന്റെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്. 2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയായിരുന്നു ഗെയ്‌ലിന്റെ റെക്കോര്‍ഡ് പ്രകടനം. പൂനെ വാരിയേഴ്‌സിനെതിരേ ഗെയ്ല്‍ 66 പന്തില്‍ 175 റണ്‍സാണ് വാരിക്കൂട്ടിയത്. 13 ബൗണ്ടറികളും 17 സിക്‌സറുകളും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പറന്നു. അന്ന് ഗെയ്ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിട്ടെങ്കിലും ആര്‍ക്കും തകര്‍ക്കാനായിട്ടില്ല.

വരാനിരിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സിന്റെയും ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ കഴിവുള്ള താരമാണ്. ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെ നടന്ന പരമ്പരയില്‍ ഏറക്കുറെ ഒറ്റയ്ക്കു തന്നെ ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളള കോലി കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോവുന്നത്.
ഐപിഎല്ലില്‍ കോലിക്കു മികച്ച റെക്കോര്‍ഡാണുള്ളത്. 2016ലെ ടൂര്‍ണമെന്റില്‍ കോലി നാലു സെഞ്ച്വറികളും ഏഴു അര്‍
ധസെഞ്ച്വറികളുമടക്കം 973 റണ്‍സ് നേടിയിരുന്നു. 113 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
ഇത്തവണ ബാംഗ്ലൂരിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോലി. പല തവണ കപ്പിനരികെയാണ് ബാംഗ്ലൂരിന് കാലിടറിയത്. ഇത്തവണ മുന്‍നിരയില്‍ തന്നെ കളിക്കാനായാല്‍ ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കാവും.

കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ബ്രെന്‍ഡന്‍ മക്കുല്ലത്തിനു ശേഷം ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറിയ താരമാണ് ഓപ്പണര്‍ കോളിന്‍ മണ്‍റോ. അന്താരാഷ്ട്ര ട്വന്റ്ി20യില്‍ കിവീസിനായി മൂന്നു സെഞ്ച്വറികള്‍ താരം നേടടിയിട്ടുണ്ട്. സെഞ്ച്വറികള്‍ വന്‍ സ്‌കോറുകളാക്കി മാറ്റാന്‍ ശേഷിയുള്ള താരമാണ് മണ്‍റോ. താരത്തിന്റെ മൂന്ന് അന്താരാഷ്ട്ര ട്വന്റി2 സെഞ്ച്വറികളില്‍ ഒന്ന് ഇന്ത്യക്കെതിരേയാണ്. സ്പിന്‍ ബൗളിങിനെയും അനായാസം നേരിടാനുള്ള മണ്‍റോയുടെ മിടുക്ക് കൂടിയാണ് ഇത് തെളിയിക്കുന്നത്.
പുതിയ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് താരം കളിക്കുക. 1.9 കോടി രൂപയ്ക്കാണ് ലേലത്തിത്തില്‍ മണ്‍റോയെ ഡല്‍ഹി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനൊപ്പം മണ്‍റോ ഡല്‍ഹിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ മുന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ വീരേന്ദര്‍ സെവാഗിനെപ്പോലെ തന്റേതായ ദിവസം അദ്ഭുതങ്ങള്‍ കാണിക്കാന്‍ ശേഷിയുള്ള താരമാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനു വേണ്ടി ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന രോഹിത് ഐപിഎല്ലില്‍ ഈ കുറവ് നികത്താമെന്ന ആത്മവിശ്വാസത്തിലാണ്.
അന്താരാഷ്ട്ര ട്വന്റി20യില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 43 പന്തില്‍ 118 റണ്‍സെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനം. കൂടാതെ ഏകദിനത്തത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്.
രോഹിത് ഫോമിലേക്കുയര്‍ന്നാല്‍ ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടക്കുക അസാധ്യമാവില്ല.

 ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ഇത്തവണയും ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ സാന്നിധ്യമുണ്ടാവും. ഏതു തരത്തിലുള്ള ബൗളിങ് ആക്രമണത്തിനെതിരേയും ഷോട്ടുകള്‍ കളിക്കാനുള്ള മികവ് മക്കുല്ലത്തിനുണ്ട്. അന്താരാഷ്ട്ര ട്വന്റി20യില്‍ രണ്ടു സെഞ്ച്വറികളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 58 പന്തില്‍ നേടിയ 123 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഐപിഎല്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ട്വന്റി20 ലീഗുകൡ ഏഴു സെഞ്ച്വറികള്‍ മക്കുല്ലത്തിന്റെ പേരിലുണ്ട്.
പ്രഥമ സീസണിലെ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി 73 പന്തില്‍ മക്കുല്ലം 158 റണ്‍സ് വാരിക്കൂട്ടിയിരുന്നു. പിന്നീട് നാറ്റ് വെസ്റ്റ് ലീഗിലും അദ്ദേഹം ഇതതേ സ്‌കോര്‍ തന്നെ നേടിയെന്നതാണ് ശ്രദ്ധേയം.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

ഓസ്‌ട്രേലിയന്‍ യുവ ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ കൂറ്റനടിക്കള്‍ക്കു പേരുകേട്ട താരമാണ്. ഐപിഎല്ലില്‍ ലിന്നിന്റെ അഞ്ചാം സീസണ്‍ കൂടിയാണ് വരാനിരിക്കുന്നത്. ആദ്യ മൂന്നു സീസണുകളില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞ സീസണില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിച്ചെങ്കിലും ഇടയ്ക്ക് പരിക്ക് വില്ലനായെത്തി.
ഇത്തവണയും ലിന്‍ പരിക്കിന്റെ പിടിയിലാണ്. ഐപിഎല്ലില്‍ കളിക്കാനാവുമോയെന്ന കാര്യം പോലും സംശയത്തിലാണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഗെയ്‌ലിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ ലിന്നിന് കഴിയുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍.
ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ ലിന്‍ ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎഎല്ലില്‍ താരം സെഞ്ച്വറിക്ക് തൊട്ടരികിലെത്തുകയും ചെയ്തു. അന്ന് 41 പന്തില്‍ 93 റണ്‍സെടുത്ത് ലിന്‍ പുറത്താവുകയായിരുന്നു. ഐപിഎല്ലില്‍ താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് 158 ആണ്. ഇക്കാര്യത്തില്‍ ഗെയ്ല്‍, മക്കുല്ലം എന്നിവരേക്കാള്‍ മുകളിലാണ് ലിന്‍,

വാര്‍ണറുടെ ഭാര്യയെ അപമാനിച്ചു; ചിത്രമെടുത്ത ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ വിവാദത്തില്‍

ലിവര്‍പൂള്‍ കടന്ന് യുനൈറ്റഡ്... റയലിനും ബാഴ്‌സയ്ക്കും ജയം, ബയേണിന്റെ ആറാട്ട്


Story first published: Sunday, March 11, 2018, 12:45 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍