അവസരം നല്‍കി നോക്ക്, അപ്പോ കാണാം... ഇവര്‍ ഐപിഎല്ലിന്റെ നഷ്ടം, തിരിച്ചടിയായത് ഒന്നു മാത്രം

Written By:

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെപ്പോലെ തന്നെ ഏറെ പ്രതിഭാശാലികളായ താരങ്ങളുള്ള ടീമാണ് പാകിസ്താന്റേത്. ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം പിറവിക്കു മുമ്പ് ഏഷ്യന്‍ ക്രിക്കറ്റിന് അടക്കി ഭരിച്ചിരുന്നത് ഇന്ത്യയും പാകിസ്താനുമായിരുന്നു. മഹത്തായ ക്രിക്കറ്റ് പാരമ്പരയുള്ള രാജ്യങ്ങള്‍ കൂടിയാണ് ഇരുവരും.

എന്നാല്‍ ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തെല്ലു നിരാശയും ദുഖവുമുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഒരു താരം പോലുമില്ലാതെ വീണ്ടുമൊരു ഐപിഎല്ലാണ് നടക്കാന്‍ പോവുന്നത്. പാക് വംശജാരയതുകൊണ്ടു മാത്രമാണ് താരങ്ങള്‍ക്കു അവസരം നഷ്ടമാവുന്നത്. സമീപകാലത്ത് ട്വന്റി20യില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളുടെ നിര തന്നെ പാകിസ്താനിലുണ്ട്. ഇവരുടെല്ലാം പ്രകടനം കാണാനുള്ള അവസരമാണ് ഐപിഎല്ലിലെ അഭാവത്തോടെ നഷ്ടമാവുന്നത്.

2008ലെ ഐപിഎല്ലിനു ശേഷം ഇതുവരെ ഒരു പാക് താരം പോലും ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല. പ്രഥമ സീസണിലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് പാക് പേസറായ സുഹൈല്‍ തന്‍വീറായിരുന്നു. അവസരം ലഭിച്ചാല്‍ ഐപിഎല്ലില്‍ വന്‍ ഹിറ്റാവാന്‍ സാധ്യതയുള്ള അഞ്ചു പാക് താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഫഖര്‍ സമാന്‍

ഫഖര്‍ സമാന്‍

ടീം ഇന്ത്യയും ആരാധകരും ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത പേരാണ് ഫഖര്‍ സമാന്‍. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉഫൈനലില്‍ ഇന്ത്യയുടെ അന്തകനായത് സമാനായിരുന്നു. ഫഖറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യയെ നാണംകെടുത്തി പാകിസ്താന്‍ കന്നി ട്രോഫി സ്വന്തമാക്കിയിരുന്നു.
ആക്രമോത്സുക ബാറ്റിങിന് അവകാശിയായ ഫഖറിനെ പാര്‍ട് ടൈം ബൗളറും പരീക്ഷിക്കാറുണ്ട്. പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തു കളിച്ച് റണ്‍സ് നേടാന്‍ മിടുക്കനാണ് താരം. നിലവല്‍ പാക് ടീമിനെക്കൂടാതെ ലാഹോര്‍ ക്വലാന്‍ഡേഴ്‌സ്, ഡര്‍ഹന്‍ ക്വലാന്‍ഡേഴ്്‌സ്, കോമില വിക്ടോറിയന്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും ഫഖര്‍ കളിക്കുന്നുണ്ട്.

ശുഐബ് മാലിക്ക്

ശുഐബ് മാലിക്ക്

ഓഫ്‌സ്പിന്നറായി പാകിസ്താന്‍ ടീമിലെത്തി പിന്നീട് അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറിയ താരമാണ് ഇന്ത്യയുടെ മരുമകന്‍ കൂടിയായ ശുഐബ് മാലിക്ക്. ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സയെ വിവാഹം ചെയ്തതോടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനാണ് മാലിക്ക്.
ബൗളറായി തുടങ്ങി പിന്നീട്് പതിയെ ബാറ്റിങിലേക്ക് ചുവുമാറിയ താരം ഇപ്പോള്‍ പാക് ടീമിനു വേണ്ടു നാലാം നമ്പറില്‍ വരെ ഇറങ്ങാറുണ്ട്. ടീം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ ക്രീസിലെത്തി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ പ്രത്യേക മിടുക്കുള്ള താരമാണ് മാലിക്ക്.

മുഹമ്മദ് ആമിര്‍

മുഹമ്മദ് ആമിര്‍

ഇതിഹാസ പേസര്‍ വസീം അക്രമിന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന പേസര്‍ മുഹമ്മദ് ആമിറും ഐപിഎല്ലിന്റെ നഷ്ടമാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ പേസര്‍ കൂടിയാണ് അദ്ദേഹം. തുടക്കത്തില്‍ തന്നെ ബ്രേക് ത്രൂ നല്‍കാന്‍ ശേഷിയുള്ള ആമിര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കനുമാണ്.
2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത് ആമിറായിരുന്നു. ഐപിഎല്ലില്‍ അവസരം ലഭിച്ചാല്‍ വന്‍ തരംഗമായി മാറാന്‍ താരത്തിനാവും.

സര്‍ഫ്രാസ് അഹമ്മദ്

സര്‍ഫ്രാസ് അഹമ്മദ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫ്രാസ് അഹമ്മദിനും ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഐപിഎല്‍ ലേലത്തില്‍ വന്‍ ഡിമാന്റായതിനാല്‍ റെക്കോര്‍ഡ് തുക തന്നെ ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.
ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവ് സര്‍ഫ്രാനിസെ മറ്റു വിക്കറ്റ്കീപ്പര്‍മാരില്‍ നിന്നു വ്യത്യസ്തനാക്കുന്നു. പേസിനെ മാത്രമല്ല സ്പിന്‍ ബൗളിങിനെയും നേരിടാന്‍ സര്‍ഫ്രാസ് മിടുക്കനാണ്.

ഷദാബ് ഖാന്‍

ഷദാബ് ഖാന്‍

ട്വന്റി20 ക്രിക്കറ്റില്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്റാണുള്ളത്. ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്ന പന്തുകളെറിയാന്‍ കേമനായ പാകിസ്താന്റെ റിസ്റ്റ് സ്പിന്നര്‍ ഷദാബ് ഖാനും ഐപിഎല്ലില്‍ അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. അഫ്ഗാനിസ്താനില്‍ നിന്നുള്ള റഷീദ് ഖാന്‍ തന്റെ കന്നി സീസണില്‍ തന്നെ ഐപിഎല്ലിലെ താരമായിരുന്നു.
റഷീദിന്റെ ബൗളിങുമായി ഏറെ സാമ്യമുള്ളതാണ് ഷദാബിന്റെയും ബൗളിങ്.
2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ ഷദാബ് പുറത്താക്കിയത് ഇന്ത്യന്‍ ആരാധകര്‍ മറന്നു കാണാനിടയില്ല.

Story first published: Wednesday, February 14, 2018, 15:37 [IST]
Other articles published on Feb 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍