2026 ഐപിഎൽ സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന്റെ (DC) ടീം സെലക്ഷനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ 40 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ കരുൺ നായരുടെ പ്രകടനത്തെ ശ്രീകാന്ത് തള്ളിപ്പറഞ്ഞു. ആ ഒരൊറ്റ പ്രകടനം കൊണ്ട് മാത്രം കരുണിനെ ഇത്തവണ ടീമിൽ ഉൾപ്പെടുത്തരുതെന്നാണ് ശ്രീകാന്തിന്റെ പക്ഷം. ആ ഒരു ഇന്നിങ്സ് മാറ്റി നിർത്തിയാൽ കരുൺ മറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വ്യക്തമാക്കി.
"കരുൺ നായർ ഒരു 'വൺ ഇന്നിംഗ്‌സ്' അത്ഭുതം!"; തുറന്നടിച്ച് ചീക്ക
"കരുൺ നായർ കഴിഞ്ഞ സീസണിൽ ആകെ ഒരൊറ്റ വെടിക്കെട്ട് ഇന്നിംഗ്‌സ് മാത്രമേ കളിച്ചിട്ടുള്ളൂ. അതിന്റെ പേരിൽ മാത്രം അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ എനിക്ക് കഴിയില്ല. അതിന് ശേഷം അദ്ദേഹം കാര്യമായി ഒന്നും ചെയ്തിട്ടില്ല," ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിൽ എട്ട് മത്സരങ്ങളിൽ നിന്ന് വെറും 24.75 ശരാശരിയിലാണ് കരുൺ നായർ റൺസ് സ്കോർ ചെയ്തത്.

ശ്രീലങ്കൻ താരം പാതും നിസ്സങ്കയെക്കാൾ ഓപ്പണിംഗ് റോളിൽ അഭിഷേക് പോറലിനെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി. "നിസ്സങ്ക ഒരു 'ബ്ലാസ്റ്റിംഗ്' ഓപ്പണറല്ല. ഡൽഹിക്ക് വേണ്ടത് തുടക്കം മുതൽ അടിച്ചുതകർക്കുന്ന ഒരാളെയാണ്. പോറൽ കൂടുതൽ ആക്രമണകാരിയായ ഓപ്പണറാണ്. നിസ്സങ്ക ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് വലിയ പ്രകടനങ്ങൾ നടത്തിയിട്ടില്ല. ആദ്യ മത്സരങ്ങളിൽ കെ.എൽ രാഹുലിനൊപ്പം പോറലിനെ പരീക്ഷിക്കണം," അദ്ദേഹം കൂട്ടിചേർത്തു.
ടോപ്പ് ഓർഡറിലെ ആശങ്കകൾ; ഡൽഹി അതിജീവിക്കുമോ?
അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് ഇത്തവണ സന്തുലിതമായ ഒരു ടീമാണുള്ളതെന്ന് ശ്രീകാന്ത് വിശ്വസിക്കുന്നു. ടോപ്പ് ഓർഡറിൽ കെ.എൽ രാഹുൽ, അഭിഷേക് പോറൽ, നിതീഷ് റാണ എന്നിവർ വേണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. "ടോപ്പ് ഓർഡറിലെ മൂന്ന് പേർ പരാജയപ്പെട്ടാലും ഡൽഹിക്ക് ആശങ്കപ്പെടാനില്ല. കാരണം അത്രയ്ക്കും ആഴത്തിലുള്ള ബാറ്റിംഗ് നിര അവർക്കുണ്ട്. ഇന്ത്യൻ ടീം ലോകകപ്പ് നേടിയത് ആ ബാലൻസ് കൊണ്ടാണ്. ഡൽഹിയുടെ ബൗളിംഗ് നിരയും മികച്ചതാണ്," ശ്രീകാന്ത് നിരീക്ഷിച്ചു.
കഴിഞ്ഞ സീസണിൽ ആദ്യ നാല് മത്സരങ്ങൾ ജയിച്ച് തകർപ്പൻ തുടക്കം ലഭിച്ചിട്ടും പ്ലേ ഓഫ് കാണാതെ അഞ്ചാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്. അവസാനം വരെ പോരാട്ടവീര്യം നഷ്ടപ്പെടാതെ ഡൽഹി കളിച്ചെങ്കിലും ഇടയ്ക്കിടെ നേരിടേണ്ടി വന്ന പരാജയങ്ങൾ അവരെ അഞ്ചാം സ്ഥാനത്ത് തളച്ചിടുകയായിരുന്നു. ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി പട എന്തിനും പോന്നവർ തന്നെയാണ്. ഐപിഎൽ 2026-ൽ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉൾപ്പെടെയുള്ള വമ്പൻമാരെ നേരിടുമ്പോൾ ഡൽഹിക്ക് ശ്രീകാന്തിന്റെ ഈ ഉപദേശങ്ങൾ ഗുണകരമാകുമോ എന്ന് കണ്ടറിയണം.