ഐസിസി ടി20 ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയതോടെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അടുത്ത ലക്ഷ്യം സെറ്റാക്കിക്കഴിഞ്ഞു. 2027ല്‍ സൗത്താഫ്രിക്ക വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കുള്ള പ്ലാനിങ് അദ്ദേഹം ഉടന്‍ തുടങ്ങാനിരിക്കുകയാണ്. ഐപിഎല്ലിന്റെ 19ാം സീസണ്‍ കഴിയുന്നതോടെ ഗംഭീര്‍ തന്റെ പ്രവര്‍ത്തികളിലേക്കും കടക്കും.
പരമ്പരാഗതമായി മികച്ച പേസും ബൗണ്‍സുമുള്ള പിച്ചുകളാണ് സൗത്താഫ്രിക്കയിലേത്. അതുകൊണ്ടു തന്നെ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്ന, മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരങ്ങളെയാണ് ഗംഭീര്‍ നോട്ടമിടുന്നത്. എങ്കില്‍ മാത്രമേ സൗത്താഫ്രിക്കന്‍ മണ്ണില്‍ നിന്നും ലോകകപ്പുമായി മടങ്ങാന്‍ സാധിക്കൂയെന്ന ഉത്തമ ബോധ്യവും അദ്ദേഹത്തിനുണ്ട്.

ഏകദിനത്തില്‍ എന്തൊക്കെയാണ് ഗംഭീറിന്റെ മുന്നോട്ടുള്ള പ്ലാനുകള്‍ എന്നതുമായി ബന്ധപ്പെട്ട് ചില നിര്‍ണായക സൂചനകള്‍ പുറത്തു വരികയാണ്. ഇതു ചില താരങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണെങ്കില്‍ ചിലര്‍ക്കു ആഹ്ലാദിക്കാനും വകയുണ്ട്. ഏകദിനത്തില്‍ ഇന്ത്യന്‍ സെറ്റപ്പില്‍ വന്നേക്കാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

അടുത്ത വര്‍ഷത്തെ ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ഏകദിന ടീമില്‍ അഴിച്ചുപണികള്‍ വരാനിരിക്കെ ഏറ്റവുമധിം ഭയക്കേണ്ടയാള്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് (Rohit Sharma). കാരണം കോച്ച് ഗൗതം ഗംഭീര്‍ ആദ്യം പേര് വെട്ടിയേക്കുക അദ്ദേഹത്തിന്റേതാവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന സൂചനകള്‍.
പ്രായവും സൗത്താഫ്രിക്കയിലെ മോശം റെക്കോര്‍ഡുമെല്ലാം രോഹിത്തിന് ഭീഷണിയാവുന്ന ഘടകങ്ങളാണ്. തുടങ്ങാനിരിക്കുന്ന ഐപിഎല്ലായിരിക്കും ഹിറ്റ്മാന്റെ ഏകദിന ഭാവി നിശ്ചയിക്കുക. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കില്‍ ഏകദിനത്തില്‍ രോഹിത്തിന്റെ സ്ഥാനം പോലും അപകടത്തിലാണ്.
അദ്ദേഹത്തിനു പകരം യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെ സ്ഥിരം ഫസ്റ്റ് ചോയ്‌സ് ഓപ്പണാറായി വളര്‍ത്തിയെടുക്കാനാണ് ഗംഭീറിന്റെ ആഗ്രഹം. ഏറ്റവും അവസാനമായി ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കന്നി ഏകദിന സെഞ്ച്വറിയുമായി തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. ഐപിഎല്ലില്‍ രോഹിത് ഫളോപ്പായാല്‍ വൈകാതെ തന്നെ ജയ്‌സ്വാളിനെ ഓപ്പണിങില്‍ പ്രതീക്ഷിക്കാം.

രോഹിത്തിന്റെ ഭാവി തുലാസിലാണെങ്കിലും മറ്റൊരു ഇതിഹാസ താരവും സമകാലികനുമായ വിരാട് കോലിക്കു ആശങ്കകളില്ല. അടുത്ത ലോകകപ്പ് വരെ അദ്ദേഹം ഏകദിന പ്ലാനുകളുടെ ഭാഗമായിരിക്കുമെന്നാണ് വിവരം. അതിനു ശേഷം മാത്രമേ കോലിയുടെ ഭാവിയെപ്പറ്റി നിര്‍ണായക തീരുമാനങ്ങള്‍ വന്നേക്കുകയുള്ളൂ.
നാലാം നമ്പറില്‍ വലിയൊരു അഴിച്ചുപണി ഏകദിനത്തില്‍ സംഭവിച്ചേക്കാം. നിലവില്‍ ഈ പൊസിഷനില്‍ ബാറ്റ് ചെയ്യുന്നത് ശ്രേയസ് അയ്യരാണ്. ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും അദ്ദേഹത്തെ അടുത്തിടെ നിയമിച്ചിരുന്നു. പക്ഷെ സൗത്താഫ്രിക്കയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ ശ്രേയസ് പതറാനിടയുണ്ട്.

ഇതു പരിഗണിച്ച് അദ്ദേഹതിനു പകരം റുതുരാജ് ഗെയ്ക്വാദിനെ നാലാംനമ്പറിലെത്തിക്കാനാണ് ആലോചന. അദ്ദേഹത്തിനു ബൗണ്‍സുള്ള പിച്ചുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ കഴിയും. ശ്രേയസിനേക്കാള്‍ നല്ല ബാറ്റിങ് ടെക്‌നിക്കും അവകാശപ്പെടാന്‍ സാധിക്കുന്നയാളാണ് റുതുരാജ്.
ശ്രേയസിനു ഏകദിന ടീമിലെ സ്ഥാനം തെറിച്ചാല്‍ പകരം വൈസ് ക്യാപ്റ്റന്‍ റോളിലേക്കു ഫേവറിറ്റ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. അദ്ദേഹത്തിന്റെ ബാക്കപ്പായി നിലവില്‍ ഏകദിന ടീമിലുള്ളത് റിഷഭ് പന്താണ്. പക്ഷെ റിഷഭിനെ ഈ റോളില്‍ നിന്നും മാറ്റാനുള്ള സാധ്യത കൂടുതലാണ്.പകരം സഞ്ജു സാംസണായിരിക്കും രാഹുലിന്റെ ബാക്കപ്പായി വന്നേക്കുക.
സൗത്താഫ്രിക്കയിലെ അതിവേഗ പിച്ചുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. മാത്രമല്ല കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോയിസത്തോടെ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കുമെല്ലൊം സഞ്ജു പ്രിയങ്കരനായി മാറുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കോച്ച് ഗംഭീറിനും പ്രിയപ്പെട്ടവനാണ് മലയാളി താരം.