ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ നേടിയ ഉജ്ജ്വല വിജയത്തോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. ലാഹോറില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ കിവികളുടെ രണ്ടാംനിര ടീമിനെ ബാബറും സംഘവും വാരിക്കളയുകയായിരുന്നു. പ്രമുഖ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ യുവ നിരയെയായിരുന്നു ന്യൂസിലാന്‍ഡ് ഇറക്കിയത്. ഇതോടെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.
88 റണ്‍സിനായിരുന്നു പാകിസ്താന്റെ ഗംഭീര വിജയം. ഇതോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം ബാബര്‍ എത്തുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ടി20യില്‍ ബാബറിന്റെ 41ാമത്തെ വിജയമായിരുന്നു. ടി20യില്‍ ഏറ്റവുമധികം ജയങ്ങളുള്ള രണ്ടാമത്തെ ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബാബര്‍ എത്തിയിരിക്കുന്നത്.

എംഎസ് ധോണിയേക്കാള്‍ വേഗത്തിലാണ് ബാബര്‍ ആസം ടി20യില്‍ 41 വിജയങ്ങള്‍ പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 72 ടി20കളില്‍ നിന്നായിരുന്നു ധോണി 41 വിജയങ്ങള്‍ കൊയ്തത്. എന്നാല്‍ ബാബറിനു ഇത്രയും ജയങ്ങള്‍ക്കായി 67 മല്‍സരങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഇനി രണ്ടു പേരാണ് പാക് ക്യാപ്റ്റനു മുന്നിലുള്ളത്.
42 ജയങ്ങള്‍ വീതമുള്ള അഫ്ഗാനിസ്താന്റെ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനും ഒന്നാംസ്ഥാനം പങ്കിടുകയാണ്. അസ്ഗര്‍ 52 മല്‍സരങ്ങളിലും മോര്‍ഗന്‍ 72 മല്‍സരങ്ങളിലുമാണ് ടീമിനെ ജയിച്ചത്. ഇനി രണ്ടു ടി20കള്‍ കൂടി ജയിച്ചാല്‍ ബാബര്‍ പുതിയ ലോക റെക്കോര്‍ഡിന്റെ അവകാശിയാവും.
വിജയങ്ങളില്‍ എംഎസ് ധോണിക്കൊപ്പമെത്തുന്നതിനൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി ന്യൂസിലാന്‍ഡമായുള്ള ടി20യില്‍ ബാബര്‍ ആസം പൂര്‍ത്തിയാക്കിയിരുന്നു. കരിയറിലെ 100ാമത്തെ ടി20 മല്‍സരമായിരുന്നു അദ്ദേഹം തികച്ചത്. എന്റെ 100ാമത് മാച്ചില്‍ ഇങ്ങനെയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന മല്‍സരശേഷം ബാബര്‍ ആസം പറഞ്ഞു. ഈ നേട്ടം ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഞങ്ങള്‍ക്കു ഈ മച്ചില്‍ വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായിരുന്നു. പക്ഷെ ഫഖര്‍ സമാനും അയൂബും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി.
ഓരോ ദിവസം കഴിയുന്തോറും സെയിം മെച്ചപ്പെടുകയാണ്. അവന് ആശംസകള്‍ നേരുന്നു. ഞങ്ങളുടെ ബാറ്റര്‍മാര്‍ ഈ വിക്കറ്റില്‍ മികച്ചൊരു ടോട്ടലാണ് നേടിയതെന്നു ഞാന്‍ കരുതുന്നു. ഞങ്ങളുലെ ബൗളിങ് നിര ശക്തമാണ്. റൗഫും മറ്റു ബൗളര്‍മാരും നന്നായി പന്തെറിഞ്ഞു. നിങ്ങള്‍ക്കു ഒരുപാട് ഓപ്ഷനുകളുള്ളത് നല്ലതാണ്. ബൗളര്‍മാര്‍ തങ്ങളുടെ പ്‌ളാന്‍ കളിക്കളത്തില്‍ നടപ്പാക്കിയതായും ബാബര്‍ വിശദമാക്കി.
അതേസമയം, ന്യൂസിലാന്‍ഡുമായുള്ള ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ 182 റണ്‍ിന് ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണിങ് ജോടികളായ ബാബറും (9) മുഹമ്മദ് റിസ്വാനും (8) പെട്ടെന്നു പുറത്തായെങ്കിലും ഫഖര്‍ സമാന്‍ (47), സെയിം അയൂബ് (47) എന്നിവര്‍ പാകിസ്താനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. വാലറ്റത്ത് ഫഹീം അഷ്‌റഫിന്റെ (22) ഇന്നിങ്‌സും പാകിസ്താന് രക്ഷയായി.
എന്നാല്‍ റണ്‍ചേസില്‍ ടോം ലാതം നയിച്ച ന്യൂസിലാന്‍ഡ് തകര്‍ന്നടിഞ്ഞു. 15.3 ഓവറില്‍ വെറും 94 റണ്‍സിനു കിവികള്‍ ഓള്‍ഔട്ടായി. മാര്‍ക്ക് ചാപ്മാന്‍ 34 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. നാലു വിക്കറ്റുകളെടുത്ത പേസര്‍ ഹാരിസ് റൗഫാണ് ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ചത്. ഇമാദ് വസീം രണ്ടു വിക്കറ്റുകളുമെടുത്തു.