മുംബൈക്കും രാജസ്ഥാനും മരണക്കളി; വാംഖഡെയില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

Posted By: Mohammed shafeeq ap

മുംബൈ; ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനായി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഡൂ... ഓര്‍ ഡൈ പോരിന് കച്ചമുറുക്കുന്നത്. തോറ്റാല്‍, പ്ലേ ഓഫ് സാധ്യത തുലാസിലാവുമെന്നതിനാല്‍ ഇരു ടീമിനും ഇന്ന് ജീവന്മരണ പോരാട്ടമാണ്. മുംബൈയിലെ വാംഖഡെയില്‍ രാത്രി എട്ടിനാണ് ഐപിഎല്‍ ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന തീപ്പാറും പോരാട്ടം അരങ്ങേറുന്നത്. സീസണിലെ 47ാം പോരാട്ടം കൂടിയാണിത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മുംബൈ അഞ്ചാം സ്ഥാനത്തും രാജസ്ഥാന്‍ ആറാമതുമാണുള്ളത്.

11 മല്‍സരങ്ങളില്‍ അഞ്ച് വീതം ജയവും ആറ് വീതം തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റാണ് ഇരു ടീമിന്റേയും അക്കൗണ്ടിലുള്ളത്. സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ രാജസ്ഥാന്റെ തട്ടകമായ ജെയ്പൂരില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് മുംബൈയെ മറികടന്നിരുന്നു. ജെയ്പൂരിലെ തോല്‍വിക്ക് വാംഖഡെയില്‍ പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് മുംബൈക്ക് ലഭിച്ചിരിക്കുന്നത്.

അവീസ്മരണീയ തിരിച്ചുവരവ് തുടരാന്‍ മുംബൈ

അവീസ്മരണീയ തിരിച്ചുവരവ് തുടരാന്‍ മുംബൈ

കഴിഞ്ഞ സീസണിന് സമാനമായ രീതിയിലാണ് ഏതാണ്ട് ഈ സീസണിലും മുംബൈയുടെ പോക്ക്. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം അവിസ്മരണീയ തിരിച്ചുവരവിലൂടെ കഴിഞ്ഞ സീസണില്‍ ചാംപ്യന്‍പട്ടം കരസ്ഥമാക്കിയ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇത്തവണയും അത്തരത്തിലുള്ളൊരു കുതിപ്പാണ് ഇനി ലക്ഷ്യംവയ്ക്കുന്നത്. തുടര്‍ച്ചയായ തോല്‍വിക്കു ശേഷം നിര്‍ണായക മല്‍സരങ്ങളില്‍ വിജയിച്ചാണ് ഈ സീസണിലും മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുന്നത്. ഹാട്രിക്ക് വിജയത്തിനു ശേഷമാണ് സ്വന്തം തട്ടമായ വാംഖഡെയില്‍ മുംബൈ രാജസ്ഥാനുമായുള്ള നിര്‍ണായക പോരിനിറങ്ങുന്നത്. ഇന്ന് വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്ക് സാധിക്കും. ഇഷാന്‍ കിഷാന്റെ വെടിക്കെട്ട് ബാറ്റിങും ബൗളര്‍മാരുടെ തകര്‍പ്പന്‍ തിരിച്ചുവരവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 102 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അവസാന മല്‍സരത്തില്‍ മുംബൈക്ക് നേടിക്കൊടുത്തത്. ഈ വിജയം മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.

റോയലാവണം രാജസ്ഥാനും

റോയലാവണം രാജസ്ഥാനും

ടൂര്‍ണമെന്റില്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍ റോയലാവാനുറച്ചാണ് അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ വാംഖഡെയിലെത്തിയിരിക്കുന്നത്. ഹാട്രിക്ക് വിജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാനുള്ള അവസരം കൂടിയാണ് രാജസ്ഥാന് ഇന്നത്തെ മല്‍സരം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും അവസാന രണ്ടു കളികളില്‍ പരാജയപ്പെടുത്താനായത് രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്നതാണ്. സീസണില്‍ ആദ്യ മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുംബൈയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതും രാജസ്ഥാന്റെ പ്ലസ് പോയിന്റാണ്.

ടീം

മുംബൈ ഇന്ത്യന്‍സ്:

മുംബൈ ഇന്ത്യന്‍സ്:

എവിന്‍ ലെവിസ്, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷാന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബെന്‍ കട്ടിങ്, മിച്ചെല്‍ മക്ലേഗന്‍, ജസ്പ്രിത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍/ആദം മില്‍നെ.

രാജസ്ഥാന്‍ റോയല്‍സ്:

രാജസ്ഥാന്‍ റോയല്‍സ്:

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍, പ്രസാന്ത് ചോപ്ര, സ്റ്റുവര്‍ട്ട് ബിന്നി, കെ ഗൗതം, ജൊഫ്രെ ആര്‍ച്ചര്‍, അന്‍കിത് ശര്‍മ/ശ്രെയാഷ് ഗോപാല്‍, ജയ്‌ദേവ് ഉനാട്കട്ട്, ഇഷ് സോധി.


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, May 13, 2018, 15:04 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍