IPL 2022: അശ്വിനെ...രക്ഷകാ..., സിഎസ്‌കെയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍

മുംബൈ: പ്ലേ ഓഫ് സീറ്റുറപ്പിക്കാന്‍ ജയം നിര്‍ണ്ണായകമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 20 ഓവറില്‍ ആറ് വിക്കറ്റിന് 150 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് വിജയം നേടിയത്. ആര്‍ അശ്വിന്റെ (40*) ബാറ്റിങ് പ്രകടനമാണ് രാജസ്ഥാനെ തുണച്ചത്. യശ്വസി ജയ്‌സ്വാളും (59) മികച്ച പ്രകടനം രാജസ്ഥാനായി കാഴ്ചവെച്ചു.

ജയത്തോടെ 14 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് സീറ്റുറപ്പിച്ചു. തലപ്പത്ത് ഗുജറാത്തും മൂന്നാം സ്ഥാനത്ത് ലഖ്‌നൗവുമാണ്. നാലാം സ്ഥാനക്കാരായി ആരെന്നതാണ് ഇനി അറിയേണ്ടത്. മുംബൈ ഇന്ത്യന്‍സ് -ഡല്‍ഹി ക്യാപിറ്റല്‍സ് മത്സര ഫലമാണ് ഇതില്‍ നിര്‍ണ്ണായകമാവുക. മുംബൈയെ തോല്‍പ്പിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലെത്തും. ഡല്‍ഹി തോറ്റാല്‍ ആര്‍സിബി പ്ലേ ഓഫിലെത്തും.

ടോസ് നേടിയ സിഎസ്‌കെ നായകന്‍ എംഎസ് ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിപ്പോയെന്ന് തോന്നിക്കുന്നതായിരുന്നു സിഎസ്‌കെയുടെ തുടക്കം. ആദ്യ ഓവറിന്റെ അവസാന പന്തില്‍ത്തന്നെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ് (2) പുറത്ത്. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ പന്തില്‍ സൈഡ് എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈയില്‍.

മൂന്നാമനായി ക്രീസിലെത്തിയ മോയിന്‍ അലി കടന്നാക്രമിച്ചു. പവര്‍പ്ലേ മോയിന്‍ മുതലാക്കിയതോടെ 10 റണ്‍റേറ്റിന് മുകളില്‍ സിഎസ്‌കെയുടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ന്നു. ഡെവോണ്‍ കോണ്‍വേയും (16) മോയിനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കോണ്‍വേയെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. 14 പന്തില്‍ ഓരോ സിക്‌സും ഫോറുമാണ് അശ്വിന്‍ നേടിയത്. മോയിന്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ലെന്ന് പറയാം.

നാലാമനായി ക്രീസിലെത്തിയ നാരായണ്‍ ജഗദീഷിനും (1) തിളങ്ങാനായില്ല. നാല് പന്തുകള്‍ നേരിട്ട താരം മക്കോയിയാണ് മടക്കിയത്. നാടകീയമായ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം മടങ്ങിയെത്തിയ അമ്പാട്ടി റായിഡുവിനും (3) തിളങ്ങാനായില്ല. യുസ് വേന്ദ്ര ചഹാലിന്റെ പന്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച റായിഡു സ്ലിപ്പിലെ ദേവ്ദത്ത് പടിക്കലിന്റെ ഗംഭീര ക്യാച്ചില്‍ പുറത്ത്. ഇതേ ഓവറില്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും സഞ്ജു സാംസണ് ക്യാച്ചാക്കാന്‍ സാധിച്ചില്ല. ധോണിയെ ഡെക്കിന് മടക്കാനുള്ള അവസരമാണ് പാഴാക്കിയത്.

പതിയെ തുടങ്ങി പിന്നീട് നിലയുറപ്പിക്കാനുള്ള ധോണിയുടെ ശ്രമം പാളി. 19ാം ഓവറിന്റെ അവസാന പന്തില്‍ ചഹാല്‍ ധോണിയെ പുറത്താക്കി. 28 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 26 റണ്‍സാണ് ധോണി നേടിയത്. 92.85 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഗംഭീര ഇന്നിങ്‌സുമായി മുന്നോട്ടുപോയ മോയിന്‍ അലിക്ക് (93) ഏഴ് റണ്‍സകലെ സെഞ്ച്വറി നഷ്ടമായി.

57 പന്തുകള്‍ നേരിട്ട് 13 ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം നേടിയത്. മക്കോയിയെ സിക്‌സറിന് ശ്രമിച്ച് റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയാണ് അലി പുറത്തായത്. അവസാന ഓവറില്‍ മിച്ചല്‍ സാന്റ്‌നര്‍ക്കും (1*), സിമര്‍ജീത് സിങ്ങിനും (3*) കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ 20 ഓവറില്‍ ആറ് വിക്കറ്റിന് 150 എന്ന സ്‌കോറില്‍ സിഎസ്‌കെ ഒതുങ്ങി. രാജസ്ഥാനായി യുസ് വേന്ദ്ര ചഹാലും ഒബെഡ് മക്കോയിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

151 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലറെ (2) നഷ്ടമായി. അഞ്ച് പന്ത് നേരിട്ട ബട്‌ലറെ സിമര്‍ജീത് സിങ്ങിന്റെ പന്തില്‍ മോയിന്‍ അലി സ്ലിപ്പില്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഒരുവശത്ത് യശ്വസി ജയ്‌സ്വാള്‍ തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

നായകന്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. 20 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 15 റണ്‍സ് നേടിയ സഞ്ജുവിനെ മിച്ചല്‍ സാന്റ് നര്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. സഞ്ജുവിന് തിളങ്ങാനാവാത്തത് രാജസ്ഥാന് കടുത്ത തിരിച്ചടിയായി. നാലാമന്‍ ദേവ്ദത്ത് പടിക്കലും (3) നിരാശപ്പെടുത്തി. മോയിന്‍ അലി ദേവ്ദത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പ്രതീക്ഷ നല്‍കി ഒരുവശത്ത് തുടര്‍ന്ന യശ്വസി ജയ്‌സ്വാളിനെ പ്രശാന്ത് സോളങ്കി പുറത്താക്കി. 44 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 59 റണ്‍സുമായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി ഷിംറോന്‍ ഹെറ്റ്‌മെയറും (6) പെട്ടെന്ന് മടങ്ങി. കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന ഹെറ്റ്‌മെയര്‍ തിരിച്ചുവന്ന ആദ്യ മത്സത്തില്‍ സോളങ്കിക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. ഹെറ്റ്‌മെയര്‍ പുറത്താവുമ്പോള്‍ 16.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 112 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.

ആറാം വിക്കറ്റില്‍ ആര്‍ അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടു. അതില്‍ അശ്വിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. 23 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സുമായി അശ്വിന്‍ പുറത്താവാതെ നിന്നു. പരാഗ് 10 പന്തില്‍ 10 റണ്‍സാണ് നേടിയത്. ഈ കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റിന്റെ ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ടിക്കറ്റെടുത്തു. സിഎസ്‌കെയ്ക്കായി പ്രശാന്ത് സോളങ്കി രണ്ടും മോയിന്‍ അലി, മിച്ചല്‍ സാന്റ്‌നര്‍, സിമര്‍ജീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11: സിഎസ്‌കെ-റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, എന്‍ ജഗദീശന്‍, എംഎസ് ധോണി, മിച്ചല്‍ സാന്റ്‌നര്‍, പ്രശാന്ത് സോളങ്കി, സിമര്‍ജീത് സിങ്, മതീഷ പതിരണ, മുകേഷ് ചൗധരി

രാജസ്ഥാന്‍ - യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍, ഒബേഡ് മക്കോയ്

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, May 20, 2022, 16:10 [IST]
Other articles published on May 20, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X