മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള യുവതാരങ്ങളുടെ വളര്‍ച്ചക്ക് പിന്നില്‍ ഐപിഎല്ലിന്റെ പങ്ക് വളരെ വലുതാണ്. സമീപകാലത്തായി ഇന്ത്യന്‍ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങള്‍ വരുന്നത് ഐപിഎല്ലില്‍ മികവ് കാട്ടിയാണ്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വളര്‍ന്നത് ഐപിഎല്ലിലൂടെയാണ്. ഇപ്പോള്‍ തിലക് വര്‍മ, റിയാന്‍ പരാഗ് തുടങ്ങി മായങ്ക് യാദവില്‍വരെ ഇത് എത്തിനില്‍ക്കുന്നു. രാജസ്ഥാന്‍ റോയല്‍സിലൂടെയും മികവ് കാട്ടി ചില താരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്.
സഞ്ജു സാംസണിന്റെ കീഴില്‍ കളിച്ച് വളര്‍ന്ന താരങ്ങളായ റിയാന്‍ പരാഗും ദ്രുവ് ജുറേലും യശ്വസി ജയ്‌സ്വാളുമെല്ലാം. ഇവരെല്ലാം ഇന്ത്യന്‍ ടീമില്‍ സജീവമായി പരിഗണിക്കപ്പെടുന്ന താരങ്ങളാണെന്ന് പറയാം. റിയാന്‍ പരാഗ് ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറായി ടി20യില്‍ മാറിക്കഴിഞ്ഞു. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും പരാഗ് ഇന്ത്യക്കായി അരങ്ങേറ്റം നടത്തുമെന്ന് തന്നെ വിലയിരുത്താം. ഇപ്പോഴിതാ തന്റെ വളര്‍ച്ചക്ക് കാരണം ആരാണെന്ന് പരാഗ് വെളിപ്പെടുത്തിയിരിക്കുകയാണ്.
രാജസ്ഥാനില്‍ സഞ്ജു സാംസണിന് കീഴില്‍ കളിച്ചാണ് പരാഗ് വളര്‍ന്നതെങ്കിലും തന്റെ കരിയറിനെ മാറ്റിയതും പ്രചോദിപ്പിച്ചതും വിരാട് കോലിയാണെന്നാണ് പരാഗ് പറഞ്ഞത്. കോലിയുടെ ജന്മദിനത്തിന്റെ അന്നാണ് പരാഗ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
എന്നെ താരമാക്കിയത് കോലി
തന്നെ താരമാക്കി മാറ്റിയതും ഇന്നത്തെ നിലയിലേക്കെത്തിച്ചതും കോലിയാണെന്നാണ് റിയാന്‍ പരാഗ് പറയുന്നത്. ആക്രമണോത്സകതയും അര്‍പ്പണ ബോധവും പോരാട്ടവീര്യവുമെല്ലാം കണ്ട് പഠിക്കാന്‍ തോന്നിയത് കോലിയില്‍ നിന്നാണെന്നാണ് പരാഗ് പറയുന്നത്. 'എക്കാലത്തേയും മികച്ചവനാണ് കോലി. ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാട്, ആക്രമണോത്സകത, അതിനായി നല്‍കുന്ന കഷ്ടപ്പാട്, ഇതെല്ലാം കണ്ടാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കളി കാണുന്നതാണ് വലിയ പ്രചോദനം.
താങ്കള്‍ പങ്കുവെച്ച് നല്‍കിയിട്ടുള്ള അനുഭവങ്ങള്‍ ഞാന്‍ എന്നെന്നും മുന്നോട്ട് കൊണ്ടുപോകും. ഇതിഹാസമായി തുടരുന്നതിന് നന്ദി. കളത്തിനകത്തും പുറത്തും അദ്ദേഹം ഹീറോയാണ്' എന്നാണ് കുറിപ്പിലൂടെ പരാഗ് പങ്കുവെച്ചത്. ഐപിഎല്ലിനിടെ കോലിയോട് പലപ്പോഴും പരാഗ് ഉപദേശങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. കോലിക്കൊപ്പം ഇന്ത്യന്‍ ഡ്രസിങ് റൂം പങ്കിടുകയെന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നുവെന്ന് പരാഗ് നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

പരാഗിന്റെ വളര്‍ച്ചയില്‍ സഞ്ജുവിനും നിര്‍ണ്ണായക റോള്‍
രാജസ്ഥാന്‍ റോയല്‍സ് എന്തിനാണ് പരാഗിനെ നിലനിര്‍ത്തുന്നതെന്ന ചോദ്യം പോലും ഒരു കാലത്ത് ശക്തമായുണ്ടായിരുന്നു. ഏതെങ്കിലും ഒരു മത്സരത്തില്‍ തിളങ്ങുകയും പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പരാഗിന്റെ രീതി. എന്നാല്‍ ഈ സമയത്തും രാജസ്ഥാന്‍ പരാഗിനെ പിന്തുണച്ചു. സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ പരാഗിന് നല്‍കിയ പിന്തുണയാണ് അദ്ദേഹത്തിന്റെ വളര്‍യില്‍ നിര്‍ണ്ണായകമായത്.
സഞ്ജു പരാഗിന്റെ കഴിവുകളില്‍ വിശ്വസിക്കുകയും ബാറ്റിങ്ങിലും ബൗളിങ്ങിലും വിശ്വസിക്കുകയും ചെയ്തു. ഇത് താരമെന്ന നിലയില്‍ പരാഗിന് വളരാന്‍ സഹായിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കും പരാഗിനെ പരിഗണിക്കുന്നത് ഓള്‍റൗണ്ടറെന്ന നിലയിലാണ്. സ്പിന്നറെന്ന നിലയിലും ടീമിന് ഗുണം ചെയ്യുന്നവനാണ് പരാഗ്. മധ്യനിരയില്‍ ഭയമില്ലാതെ കടന്നാക്രമിച്ച് കളിക്കാനും പരാഗിന് സാധിക്കുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള പരാഗിന്റെ വളര്‍ച്ചയില്‍ സഞ്ജുവും അഭിനന്ദനം അര്‍ഹിക്കുന്നു.
രാജസ്ഥാനില്‍ നിന്ന് യുവതാരങ്ങള്‍ വളരുന്നു
രാജസ്ഥാന്‍ റോയല്‍സ് നിന്ന് മികവ് കാട്ടി കൂടുതല്‍ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണിന് പിന്നാലെ പരാഗും ഇപ്പോള്‍ ടി20 ടീമിലെ സജീവ താരമാകുന്നു. യശ്വസി ജയ്‌സ്വാള്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണറും ബാറ്റ്‌സ്മാനുമായി മാറിക്കഴിഞ്ഞു. ദ്രുവ് ജുറേല്‍ ടെസ്റ്റില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചവനാണ്. വൈകാതെ എല്ലാ ഫോര്‍മാറ്റിലും വളരാന്‍ ജുറേലിന് സാധിക്കും. യുവതാരങ്ങളെ പിന്തുണച്ച് വളര്‍ത്താന്‍ രാജസ്ഥാന്‍ പ്രത്യേക താല്‍പര്യം കാട്ടുന്നു. ഇനിയും നിരവധി താരങ്ങള്‍ രാജസ്ഥാനില്‍ നിന്ന് ദേശീയ ടീമിലേക്ക് വളരുമെന്ന് തന്നെ പ്രതീക്ഷിക്കാം.