FIFA WC 2026: ആന്‍സലോട്ടിയുടെ പിള്ളേര്‍ പൊളിയാണ്! തടയാന്‍ ആരുണ്ട്? മാജിക് തുടരുമോ മൊറോക്കോ
ബ്രസീലും ഫുട്‌ബോളും രണ്ടല്ല. ഒന്ന് തന്നെയാണ്. അതല്ലെങ്കില്‍ ഒന്നിന്റെ പര്യായമാണ്. ലോകകപ്പ് തുടങ്ങിയതില്‍ പിന്നെ ഒരൊറ്റ ടൂര്‍ണമെന്റിലും ബ്രസീല്‍ കളിക്കാതിരുന്നിട്ടില്ല. അങ്ങനെ പറയാന്‍ വേറൊരു രാജ്യമില്ല. ഒരിക്കല്‍ പോലും യോഗ്യത നേടാന്‍ പ്ലേ ഓഫ് മത്സരങ്ങളുടെ ആശങ്കയിലേക്ക് ബ്രസീലിന് പോകേണ്ടി വന്നിട്ടില്ല. അഞ്ച് തവണ ലോകകപ്പ് ഉയര്‍ത്തിയ ഏക ടീമും ബ്രസീല്‍ തന്നെ.
പെരുമയുടെ കാര്യത്തിലും ലോകമെമ്പാടുമുള്ള ആരാധകരുടെ കരുത്തിലും തലപ്പൊക്കം കൂടുതലുണ്ടെങ്കിലും നേട്ടങ്ങളുടെ പട്ടിക കുറച്ച് പഴങ്കഥയല്ലേ എന്ന് വിമര്‍ശകര്‍ ചോദിച്ചാല്‍ അതെ എന്ന് പറയേണ്ടി വരും. അവസാനം കപ്പുയര്‍ത്തിയത് 2002ലാണ്. 2006ലും 2010ലും ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങി. 2014ല്‍ നാലാം സ്ഥാനക്കാരായി. 2018ലും 2022ലും പിന്നെയും ക്വാര്‍ട്ടറില്‍ തന്നെ മടക്കം.

photocredit/ instagram/brasilfootballnationalteam
മഞ്ഞപ്പട സെറ്റാണ്
പഴയ പെരുമയുടെ ഭാണ്ഡമഴിച്ച് വെച്ച് നേട്ടങ്ങളുടെ പുതിയ പുസ്തകം തുറക്കാനാണ് ഇക്കുറി ബ്രസീല്‍ എത്തുന്നത്. ലോകത്തെ ഏത് പ്രതിരോധനിരയെയും വിറപ്പിക്കാന്‍ പോന്ന യുവ ആക്രമണനിരയാണ് ബ്രസീലിനുള്ളത്.
വിനീസ്യസ് ജൂനിയര്‍, റോഡ്രിഗോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ഡ്രിക്ക്, ഇഗോള്‍ തിയാഗോ... പിള്ളേര്‍ കിക്കുടു ആണ്. പിന്നെ പോരാഞ്ഞ് ഇവരെ ഉപദേശിക്കാനും പിന്തുണക്കാനുമുള്ളത് തഴക്കവും പഴക്കവും ഉള്ള നെയ്മര്‍ ഉള്‍പെടെയുള്ള പ്രമുഖരും.
പ്രതിരോധനിരക്ക് കരുത്തായി മാര്‍ക്വിഞ്ഞോസ്, ഗബ്രിയേഷ മഗല്‍ഹേസ്. ഗോള്‍വലയം കാക്കാന്‍ അലിസന്‍, എഡേഴ്‌സണ്‍. ആരും കൊതിച്ചു പോകുന്ന താരനിര. അവരെ നേര്‍വഴി നയിക്കാനും തന്ത്രമോതാനും എത്തുന്നത് ക്ലബ് ഫുട്‌ബോളിലെ വിജയഗാഥകള്‍ക്ക് റെക്കോഡിട്ട കാര്‍ലോ ആന്‍സെലോട്ടിയും.
ഫുട്‌ബോളിലെ ഏറ്റവും ഗംഭീരമായ കോച്ചുമാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ആന്‍സലോട്ടിക്ക് ബ്രസീലിനെ വിജയക്കുതിപ്പില്‍ തിരിച്ചെത്തിക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഓരോ ബ്രസീലുകാരനും ഓരോ ബ്രസീല്‍ ആരാധകനും കരുതുന്നു.
പ്രതീക്ഷകളുടെ അമിതഭാരം സമ്മര്‍ദമാകാതെ, മധ്യനിരയില്‍ കരുത്ത് ചോരാതെ നോക്കി, മുന്നേറ്റനിരക്ക് ചാട്ടുളി വേഗം നല്‍കി ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യവും യൂറോപ്യന്‍ ഫുട്‌ബോളിന്റെ തന്ത്രവും ചേര്‍ത്താണ് ആന്‍സെലോട്ടി തന്റെ ടീമിനെ ഒരുക്കിയിറക്കുന്നത്.
ശക്തി തെളിയിക്കാന്‍ പോന്ന ടീം തന്നെയാണോ ബ്രസീല്‍ എന്ന് ആദ്യമത്സരത്തില്‍ തന്നെ വ്യക്തമാകും. കാരണം, ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍ മൊറോക്കോ ആണ്.
മൊറോക്കോയെ കരുതിയിരുന്നോ
ലോകകപ്പ് ഫുട്‌ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യവും അറബ് രാജ്യവുമാണ് മൊറോക്കോ. ലോകകപ്പില്‍ ആറാംതവണ പങ്കെടുക്കാനെത്തിയപ്പോഴാണ് അവര്‍ ആ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ തവണ ഖത്തറില്‍. അന്ന് ആ ചരിത്രനേട്ടം മാത്രമല്ല അവര്‍ സ്വന്തമാക്കിയത്ഏ ത് വിജയവും കാണികള്‍ക്കിടയിലുള്ള അമ്മമാര്‍ക്കൊപ്പം പങ്കിടാനുള്ള ഓട്ടത്തിലൂടെ കാണികളുടെ ഹൃദയവുമാണ്.

photocredit/ instagram/ equipedumaroc
ടീമിന്റെ ഹൃദയതാളം തന്നെയായ നായകന്‍ അഖ്‌റഫ് ഹകിമിയും ടീമിന്റെ ചരിത്രപ്രയാണത്തിന്റെ നെടുംതൂണായിരുന്ന ഗോള്‍കീപ്പര്‍ യാസീന്‍ ബോണോയും ഉള്‍പെടെ അന്നത്തെ സൂപ്പര്‍ താരങ്ങളില്‍ പലരും ലോകവേദിയില്‍ മടങ്ങിയെത്തുന്നുണ്ട്.
മധ്യനിരയിലെ തന്ത്രങ്ങളുടെ കാവല്‍പ്പുരയുടെ കാവല്‍ക്കാരായ ബിലാല്‍ എല്‍ ഖന്നൗസ്, അസ്സെദീന്‍ ഔനാഹി, ഫിനിഷിങ്ങില്‍ മികവുള്ള അയൂബ് എല്‍ കാബിയും സൗഫിയാന്‍ റാഹിമിയും ...ടീം പക്കാ റെഡി ആണ്.
2022ല്‍ ലോകകപ്പ് പടിവാതിക്കല്‍ നില്‍ക്കെയാണ് മൊറോക്കോ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചിനെ മാറ്റിയത്. വാലിദ് റെഗ്രാഗി അസോസിയേഷന്റെ കണക്കുകൂട്ടല്‍ ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. ഇത്തവണയും അസോസിയേഷന്‍ അത് തന്നെയാണ് ചെയ്തിരിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന് 100 ദിവസം ബാക്കിനില്‍ക്കെ റെഗ്രാരിയെ മാറ്റി മുഹമ്മദ് ക്വാഹ്ബിയെ കോച്ചാക്കി. ബെല്‍ജിയത്തില്‍ ജനിച്ച ക്വാഹ്ബി കഴിഞ്ഞ കൊല്ലം മുതല്‍ മൊറോക്കോയില്‍ ഹീറോ ആണ്. ഫിഫ അണ്ടര്‍ 20 ലോകകപ്പ് മൊറോക്കോ നേടിയത് ക്വാഹ്ബിയുടെ പരിശീലനത്തിന് കീഴിലാണ്. അതും അര്‍ജന്റീനയെ തോല്‍പ്പിച്ച്.
ടീമിലെ സീനിയേഴ്‌സിനെയും പുതുതലമുറക്കാരെയും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ ക്വാഹ്ബിക്ക് കഴിയുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം അഫ്‌കോണ്‍ കപ്പ് നേടിയതും ടീമിന്റെ പുറത്തുള്ള പ്രതീക്ഷകള്‍ക്ക് കരുത്ത് നല്‍കുന്നു.
അടുത്ത തവണ, അതായത് 2030ല്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനുമൊപ്പം മൊറോക്കോയും ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയമരുളുക, അന്ന് തലപ്പൊക്കം കുറച്ച് കൂടി നേടിയിട്ട് വേണം അതിഥികളെ സ്വീകരിക്കാനെന്ന് കരുതുന്നുണ്ട് മൊറോക്കോ. നീണ്ട ഇടവേളക്ക് ശേഷം ബ്രസീല്‍ ആഗ്രഹിക്കുന്നതും ആ തലപ്പൊക്കം തന്നെ. അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ്. ഗ്രൂപ്പുകളിലെ ആദ്യ മത്സരങ്ങളില്‍ ഏറ്റവും തീപാറും ഗ്രൂപ്പ് സിയിലെ ആദ്യകളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications