മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പ് മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട താരങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വലിയ കൂടുമാറ്റ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകര്‍ പ്രതീക്ഷിക്കാത്ത പല താരങ്ങളും കൂടുമാറ്റം നടത്തിയേക്കുമെന്നാണ് വിവരം. പല ടീമിന്റേയും ക്യാപ്റ്റന്മാരടക്കം മാറാനാണ് സാധ്യത.
എന്നാല്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടായാലും ടീമുകള്‍ ചില താരങ്ങളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സൂപ്പര്‍ താരങ്ങളെക്കൂടാതെ ഓരോ ടീമും നിലനിര്‍ത്തേണ്ട പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരിഗണിച്ചാല്‍ നായകനായ റുതുരാജ് ഗെയ്ക് വാദിനെ ടീം തീര്‍ച്ചയായും നിലനിര്‍ത്തും. റുതുരാജിനെ കൂടാതെ സിഎസ്‌കെ നിലനിര്‍ത്തേണ്ട താരം മതീഷ പതിരാനയാണ്.
ശ്രീലങ്കയുടെ യോര്‍ക്കര്‍ വീരനായ മതീഷ പതിരാനയെ സിഎസ്‌കെ കൈവിട്ടു കളയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം വലിയ കരിയര്‍ താരത്തിനുണ്ടാവും. രണ്ടാമത്തെ ടീമായ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ളത് ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെയാവും. ഇതില്‍ സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടും സജീവമായുണ്ട്. രോഹിത് ടീം വിട്ടാലും മുംബൈ സൂര്യകുമാര്‍ യാദവിനെയാണ് നിലനിര്‍ത്തേണ്ടത്.
സൂര്യകുമാര്‍ യാദവിനെപ്പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുക പ്രയാസമാണെന്ന് പറയാം. ആര്‍സിബിയിലേക്ക് വരുമ്പോള്‍ വിരാട് കോലിയാണ് അവരുടെ നിര്‍ണ്ണായക താരം. കോലിയെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ടീമാണ് ആര്‍സിബി. കോലിയെക്കൂടാതെ ആര്‍സിബി നിലനിര്‍ത്തേണ്ട താരം കാമറൂണ്‍ ഗ്രീനാണ്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറെ അവസാന സീസണിലാണ് ആര്‍സിബി ഒപ്പം കൂട്ടിയത്. അടുത്ത സീസണില്‍ ആര്‍സിബി തീര്‍ച്ചയായും നിലനിര്‍ത്തേണ്ട താരമാണ് ഗ്രീനെന്ന് നിസംശയം പറയാം.

എന്നാല്‍ ഗ്രീനിനെ ആര്‍സിബി കൈവിടാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ ആര്‍സിബി കാട്ടുന്ന വലിയ മണ്ടത്തരമായിരിക്കും അത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ എന്നിവരെയാവും നിലനിര്‍ത്തുക. ഇതില്‍ സുനില്‍ നരെയ്‌നാണ് കെകെആറിന്റെ തുറുപ്പുചീട്ട്. ഒരു സാഹചര്യത്തിലും നരെയ്‌നെ കെകെആര്‍ വിട്ടുകളയരുത്.
ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നിലനിര്‍ത്തുമെന്നുറപ്പാണ്. മറ്റുള്ളവര്‍ ആരൊക്കെയെന്നതാണ് കണ്ടറിയേണ്ടത്. അക്ഷര്‍ പട്ടേലിനെ നിലനിര്‍ത്തുമോയെന്നതും കണ്ടറിയണം. വലിയ പൊളിച്ചെഴുത്ത് നടത്താന്‍ ഡല്‍ഹി പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഡല്‍ഹി തീര്‍ച്ചയായും നിലനിര്‍ത്തേണ്ട താരം ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ മഗ്യൂര്‍ക്കിനെ കൈവിട്ടാല്‍ ഡല്‍ഹി കാട്ടുന്ന വലിയ മണ്ടത്തരമായിരിക്കും ഇതെന്ന് പറയാം. പഞ്ചാബ് കിങ്‌സ് എല്ലാ താരങ്ങളേയും ഒഴിവാക്കാനുള്ള സാധ്യതപോലുമുണ്ട്.
പഞ്ചാബ് വിട്ടുകളയാന്‍ പാടില്ലാത്ത താരം ശശാങ്ക് സിങ്ങാണ്. അവസാന സീസണില്‍ അത്ഭുത പ്രകടനം നടത്തിയ ശശാങ്കിനെ പഞ്ചാബ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് തന്നെ പറയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ റണ്ണറപ്പുകളാണ്. പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരോടൊപ്പം തീര്‍ച്ചയായും നിലനിര്‍ത്തേണ്ട താരം അഭിഷേക് ശര്‍മയാണ്. ഹൈദരാബാദിന്റെ ബൗളിങ് നിര ശക്തമാണെങ്കിലും ചില മാറ്റങ്ങള്‍ അത്യാവശ്യമാണ്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെയടക്കം വിട്ടുകളയാനുള്ള പദ്ധതിയിലാണെന്നാണ് വിവരം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെയും ജോസ് ബട്‌ലറേയും ഒപ്പം ട്രന്റ് ബോള്‍ട്ടിനേയും നിലനിര്‍ത്തണം. ബോള്‍ട്ടിനെ വിട്ടുകളഞ്ഞാല്‍ രാജസ്ഥാന്‍ കാട്ടുന്ന വലിയ പിഴവായിരിക്കുമത്. ട്രന്റ് ബോള്‍ട്ടിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുബ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെയാവും നിലനിര്‍ത്തുക. ഇതില്‍ റാഷിദ് ഖാന്‍ കൂടുമാറാനൊരുങ്ങുകയാണെന്ന വിവരവുമുണ്ട്. എന്നാല്‍ റാഷിദിനെ ഒരു കാരണവശാലും ഗുജറാത്ത് കൈവിടരുത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് കെ എല്‍ രാഹുലിനെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ തീര്‍ച്ചയായും ലഖ്‌നൗ നിലനിര്‍ത്തേണ്ടത് മാര്‍ക്കസ് സ്‌റ്റോയിണിസിനെയാണ്. മാച്ച് വിന്നറായ താരമാണ് സ്റ്റോയിണിസ്.