ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

Written By:

ദില്ലി: ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ അവസാന വട്ട പടയൊരുക്കത്തിലാണ് എട്ടു ഫ്രാഞ്ചൈസികള്‍. കിരീടമെന്ന ലക്ഷ്യവുമായി എട്ടു ടീമുകളും മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കി തയ്യാറെടുത്തു കഴിഞ്ഞു. എന്നാല്‍ ചില ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ അമിതാവേശം കാണിച്ച് തങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കളിക്കാരെ ടീമിലെത്തിച്ചിട്ടുണ്ട്. ഇനി ഉചിതമായ ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് അവര്‍ക്കു മുന്നിലുള്ളത്.

ചില താരങ്ങളുടെ വരവ് ഫ്രാഞ്ചൈസികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവാന്‍ സാധ്യതയുണ്ട്. വിവിധ ഫ്രാഞ്ചൈസികളിലെത്തിയ ഇത്തരത്തിലുള്ള നാല് കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ഐപിഎല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ പുതിയ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണുണ്ടാവുക. ലേലത്തിന്റെ ആദ്യ ദിനം ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന ഗെയ്‌ലിനെ രണ്ടാം ദിനം വീണ്ടും ലേലത്തില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് പഞ്ചാബ് രംഗത്തു വന്നത്.
എന്നാല്‍ ശക്തമായ ലൈനപ്പുള്ള ഗെയ്‌ലിനെ പഞ്ചാബിന് വേണമോയെന്നതാണ് പ്രധാന ചോദ്യം.
ആരോണ്‍ ഫിഞ്ച്, യുവരാജ് സിങ്, ഡേവിഡ് മില്ലര്‍, ലോകേഷ് രാഹുല്‍ എന്നീ സമാനശൈലിയില്‍ കളിക്കുന്ന മികച്ച ബാറ്റ്‌സ്മാന്‍മാര്‍ പഞ്ചാബ് നിരയിലുണ്ട്. അതുകൊണ്ടു തന്നെ ഗെയ്‌ലിനെ ബാറ്റിങില്‍ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്നത് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കും. എല്ലാ മല്‍സരത്തിലും പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ ഗെയ്ല്‍ കളിക്കാനുള്ള സാധ്യതയും കുറവാണ്. ടീമിലുള്‍പ്പെടുത്തിയാന്‍ തന്നെ കോമ്പിനേഷന്‍ ബാലന്‍സാക്കുകയെന്നതാവും പ്രധാന വെല്ലുവിളി.
ഗെയ്‌ലിനു പകരം മികച്ചൊരു പേസറെയാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. പക്ഷെ മറ്റൊരു ബാറ്റ്‌സ്മാനെക്കൂടി ഫ്രാഞ്ചൈസി തങ്ങളുടെ ടീമിലെത്തിക്കുകയായിരുന്നു. നിലവില്‍ വളരെ ദുര്‍ബലമായ പേസ് ലൈനപ്പാണ് പഞ്ചാബിന്റേത്. ആന്‍ഡ്രു ടൈ മാത്രമാണ് അല്‍പ്പമെങ്കിലും മല്‍സരപരിചയമുള്ള ഏക പേസര്‍.

ജാസണ്‍ റോയ്

ജാസണ്‍ റോയ്

നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓപ്പണറുമായ ജാസണ്‍ റോയ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരുടെ വലിയൊരു നിര തന്നെ ഡല്‍ഹിക്കുണ്ട്. ഇതു കൂടാതെയാണ് ജാസണെ കൂടി അവര്‍ ടീമിലേക്കു കൊണ്ടുവന്നത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, കോളിന്‍ മണ്‍റോ, പൃഥ്വി ഷാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഓപ്പണിങ് പൊസിഷനില്‍ കളിക്കാന്‍ മികവുള്ളവരാണ്.
തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ നിന്നും മാറ്റി ജാസണിനെ മധ്യനിരയിലേക്ക് ഇറക്കി പരീക്ഷിക്കുന്നത് വിജയിക്കാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് ജാസണിനെ മധ്യനിരയില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഫ്‌ളോപ്പാവുകയായിരുന്നു.
അതുകൊണ്ടു തന്നെ പുതിയ സീസണില്‍ എങ്ങനെയായിരിക്കും സന്തുലിതമായ ടീമിനെ ഡല്‍ഹി തിരഞ്ഞെടുക്കുകയെന്നാണ് ഇനി അറിയാനുള്ളത്.

മിച്ചെല്‍ സാന്റ്‌നര്‍

മിച്ചെല്‍ സാന്റ്‌നര്‍

ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചെല്‍ സാന്റനറിനെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പുതിയ സീസണില്‍ സ്വന്തമാക്കിയത്. നിലവില്‍ രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, കാണ്‍ ശര്‍മ എന്നിങ്ങനെ നാലു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ചെന്നൈ ടീമിലുണ്ട്. ഇവര്‍ക്കിടയിലേക്ക് സാന്റ്‌നര്‍ കൂടി വരുന്നതോടെ ടീം കോമ്പിനേഷന്‍ എങ്ങനെ ശരിയാവുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പുതിയ സീസണിലെ ഐപിഎല്ലില്‍ സാന്റ്‌നര്‍ക്ക് ഒരു മല്‍സരത്തിലെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുന്ന കാര്യം സംശയമാണ്. സ്പിന്നര്‍മാരുടെ ആധിക്യമുണ്ടെങ്കിലും വേണ്ടത്ര മികച്ച പേസര്‍മാര്‍ ചെന്നൈ ടീമിലില്ല. സാന്റ്‌നര്‍ക്കു പകരം ഒരു വിദേശ മികച്ച പേസറെ ടീമിലെത്തിച്ചിരുന്നെങ്കില്‍ അത് ചെന്നൈക്കു മുതല്‍ക്കൂട്ടാവുമായിരുന്നു.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ട് താരം മോയിന്‍ അലി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് പുതിയ സീസണില്‍ ഇറങ്ങുക. മികച്ച സ്പിന്നറും ബാറ്റ്‌സ്മാനുമായ അലിക്ക് പക്ഷെ ബാംഗ്ലൂരിനായി കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന് സംശയമാണ്. കാരണം നിലവില്‍ യുസ്‌വേന്ദ്ര ചഹല്‍, പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍, മുരുകന്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാര്‍ ബാംഗ്ലൂര്‍ ടീമിലുണ്ട്. മികച്ച സ്പിന്നര്‍മാര്‍ മാത്രമല്ല ബാറ്റിങിലും ബാംഗ്ലൂര്‍ ശക്തമാണ്.
ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ സൂപ്പര്‍ താരങ്ങളായ ബ്രെന്‍ഡന്‍ മക്കുല്ലം, എബി ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക് തുടങ്ങിയ ഒറ്റയ്ക്ക് മല്‍സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ബാംഗ്ലൂര്‍ നിരയിലുണ്ട്. ഡിവില്ലിയേഴ്‌സ്, മക്കുല്ലം, ഡികോക്ക് എന്നിവരെക്കൂടാതെ ഒരു വിദേശ താരത്തിനു കൂടിയാണ് പ്ലെയിങ് ഇലവനില്‍ അവസരമുള്ളത്. ക്രിസ് വോക്‌സ്, ടിം സോത്തി, നതാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നീ പേസര്‍മാരിലൊരാളാവും ടീമിലെ നാലാമത്തെ വിദേശ താരം. അപ്പോള്‍ അലിക്ക് പകരക്കാരുടെ ബെഞ്ചിലാവും സ്ഥാനം.
കോലിയെക്കൂടാതെ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ബാംഗ്ലൂരിന്റെ പ്രധാന പോരായ്മയാണ്. അലിക്കു പകരം ഇന്ത്യന്‍ വംശജനായ ഒരു മികച്ച ബാറ്റ്‌സ്മാനെയായിരുന്നു ബാംഗ്ലൂര്‍ ലേലത്തില്‍ വാങ്ങേണ്ടിയിരുന്നത്.

ഐപിഎല്‍: ഇവര്‍ 'പൊസിഷന്‍ കിങ്‌സ്'... ഓപ്പണിങില്‍ ഗെയ്ല്‍, ഭാജിക്ക് ഡബിള്‍ റെക്കോര്‍ഡ്

ഇസ് ഖേല്‍ കാ യാരോ ക്യാ കെഹനാ... എന്തൊരു ത്രില്‍, വൈറലായി ഐപിഎല്‍ ഗാനം, വീഡിയോ

കണ്ടിട്ടും 'കണ്ടില്ലെന്ന്' നടിക്കുന്ന ബിസിസിഐ... ഇനിയുമെന്ത് നല്‍കണം? ആര്‍ക്കും വേണ്ടാത്ത ഹീറോസ്

Story first published: Wednesday, March 14, 2018, 9:17 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍