സഞ്ജുവിന് ഹാപ്പി വിഷു; ചിന്നസ്വാമിയില്‍ രാജസ്ഥാന് റോയല്‍ ജയം

Posted By: Mohammed shafeeq ap
Sanju Samson

ബാംഗ്ലൂര്‍: ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ബാറ്റിങ് വിസ്‌ഫോടനത്തിലൂടെ വിഷു ആഘോഷിച്ചപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. ഐപിഎല്‍ സീസണിലെ 11ാമങ്കത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സിനെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ ഗംഭീര വിജയം ആഘോഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജുവിന്റെ തീപ്പൊരി (92*) ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 217 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. പുറത്താവാതെ 45 പന്തില്‍ 10 പടുകൂറ്റന്‍ സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയിലൂടെ പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 198 റണ്‍സെടുക്കാനെ ആര്‍സിബിക്ക് കഴിഞ്ഞുള്ളൂ. 30 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 57 റണ്‍സെടുത്ത കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ക്വിന്റണ്‍ ഡികോക്ക് (20), എബി ഡിവില്ലിയേഴ്‌സ് (20), മന്‍ദീപ് സിങ് (18*), ഓപണര്‍ ബ്രണ്ടന്‍ മക്കല്ലം (4), പവന്‍ നേഗി (3) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മക്കല്ലവും ഡിവില്ലിയേഴ്‌സും മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ കഴിയാത്തതാണ് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ തോല്‍വിക്ക് കാരണമായത്. രാജസ്ഥാനു വേണ്ടി ശ്രെയാഷ് ഗോപാല്‍ രണ്ടും കെ ഗൗതം, ഡാരി ഷോട്ട്, ബെന്‍ ലോഗ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയാണിത്. രാജസ്ഥാന്‍ താരം സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച്.
റോയല്‍ ടീമുകളുടെ അങ്കത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ രാജസ്ഥാനെ റോയല്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ഷോട്ടും ചേര്‍ന്ന് ഓപണിങ് വിക്കറ്റില്‍ ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. എന്നാല്‍, സ്‌കോര്‍ ബോര്‍ഡ് 49ലും 53ലും നില്‍ക്കവെ രഹാനെയുടെയും ഷോട്ടിന്റേയും വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ഇതോടെ തകര്‍ച്ച മുന്നില്‍ കണ്ട സന്ദര്‍ശകരെ ഒരു സമ്മര്‍ദ്ദവുമില്ലാതെ അടിച്ചു തകര്‍ത്ത സഞ്ജു രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. സഞ്ജുവിന് പിന്തുണയുമായി വാലറ്റനിരയും ഒപ്പംനിന്നതോടെ രാജസ്ഥാന്‍ സ്‌കോര്‍ 217ലെത്തുകയും ചെയ്തു. എട്ടു സിക്‌സറുകള്‍ക്കു ശേഷമാണ് സഞ്ജു മല്‍സരത്തിലെ തന്റെ ആദ്യ ഫോര്‍ കണ്ടെത്തിയതെന്ന സവിശേഷതയുമുണ്ട്്. ഈ സീസണില്‍ വന്‍തുകയ്ക്ക് തിരിച്ചുകൊണ്ടുവന്ന രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലാണ് ടൂര്‍ണമെന്റിലെ ഇതുവരെ സഞ്ജുവിന്റെ പ്രകടനം. ഇതോടെ 178 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനും സഞ്ജു അര്‍ഹനായി.

Rajasthan Royals Ajinkiya Rahane

സഞ്ജുവിന് പുറമേ അജിന്‍ക്യ രഹാനെ (36), ബെന്‍ സ്റ്റോക്‌സ് (27), ജോസ് ബട്‌ലര്‍ (23), രാഹുല്‍ ത്രിപാതി (14*), ഡാരി ഷോട്ട് (11) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. പുുറത്താവാതെ അഞ്ച് പന്തില്‍ ഓരോ സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ത്രിപാതിയുടെ ഇന്നിങ്‌സ്. ബാംഗ്ലൂരിനു വേണ്ടി ക്രിസ് വോക്‌സും യുസ്‌വേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടായിരുന്നു സീസണിലെ 11ാം അങ്കത്തിന് ഇരു ടീമും കച്ചക്കെട്ടിയത്. ആദ്യ മല്‍സരത്തില്‍ തോറ്റതിനു ശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂരുവിന്റെയും അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്റെയും ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരവ്. രാജസ്ഥാന്‍ ഡല്‍ഹിയെയും ആര്‍സിബി കിങ്‌സ് ഇലവന്‍ പഞ്ചാബിനെയുമാണ് തോല്‍പ്പിച്ചത്. നേരത്തെ, ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുമാണ് ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ പരാജയം ഏറ്റുവാങ്ങിയത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 15, 2018, 16:10 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍